12 മിനുട്ടില്‍ വഴങ്ങിയത് മൂന്നു ഗോളുകള്‍; കേരള ബ്ലാസ്‌റ്റേഴ്‌സിന് നാണം കെട്ട തോല്‍വി; സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തേക്ക്

സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ നെറോക്ക എഫ് സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നെറോക്ക ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. തോല്‍വിയോടെ ടൂര്‍ണമെന്റെില്‍ ക്വാട്ടര്‍ കാണാതെ മഞ്ഞപ്പട പുറത്താവുകയും ചെയ്തു. 2 ഗോളിന് ലീഡ് ചെയ്തശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം

രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷം 12 മിനുട്ടുകള്‍ക്കിടയിലാണ് നെറോക്ക മൂന്നു ഗോളുകള്‍ തിരിച്ചടിച്ചത്. ജീന്‍ ജോക്കിം, ആര്യം വില്യംസ്, ഫെലിക്‌സ് ചിഡി എന്നിവരാണ് നെറോക്കയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി വിക്ടര്‍ പുള്‍ഗയും കെ പ്രശാന്തും ഗോള്‍ നേടി.

ബ്ലാസ്‌റ്റേഴ്‌സിന്റെ ടച്ചോട് കൂടിയാണ് മത്സരം തുടങ്ങിയത്. അഞ്ചാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ഫ്രീകിക്ക് ലഭിച്ചു. മിലന്‍ സിംഗെടുത്ത കിക്ക് പോസ്റ്റിന് തൊട്ടു പുറത്തുകൂടെ പറന്നു. 11-ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് പെനാല്‍ട്ടി. ബോക്‌സിനുള്ളില്‍ വെച്ച് പന്ത് നെറോക്ക താരത്തിന്റെ കയ്യില്‍ തട്ടിയതിന് ലഭിച്ച പെനാല്‍ട്ടി കിക്ക് വിക്ടര്‍ പുള്‍ഗ അനായാസം വലയിലാക്കി. ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍.

21-ാം മിനുട്ടില്‍ നെറോക്ക മുന്നേറ്റം. എന്നാല്‍ വെസ് ബ്രൗണ്‍ അനായാസമായ ഇടപെടലിലൂടെ പന്ത് കയ്യിലാക്കി. 24-ാം മിനുട്ടില്‍ നെറോക്കയുടെ മുന്നേറ്റം. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് അതിനെ പ്രതിരോധിച്ചു. തൊട്ടടുത്ത നിമിഷത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കെ പ്രശാന്തിന്റെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് നെറോക്ക ബോക്‌സില്‍ തട്ടിത്തെറിച്ചു. ഉടന്‍ തന്നെ സി കെ വിനീതിന് ഗോള്‍ നേടാന്‍ മികച്ചൊരു അവസരം. ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിരുന്ന ആ അവസരം വിനീത് പാഴാക്കി. താരം പന്ത് പുറത്തേക്ക് അടിച്ച് കളയുകയായിരുന്നു.

32-ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം. എന്നാല്‍ ബോക്‌സിനകത്തേക്കുള്ള പ്രശാന്തിന്റെ പാസ് വളരെ ദുര്‍ബലമായിരുന്നു. 36-ാം മിനുട്ടില്‍ നെറോക്കയുടെ ഓസ്‌ട്രേലിയന്‍ താരം ആര്യന്‍ വില്യംസണിന്റെ ലോംഗ് റേഞ്ചര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പോള്‍ റച്ചുബ്ക്ക പന്ത് കയ്യിലാക്കി. തൊട്ടടുത്ത മിനുട്ടില്‍ നെറോക്ക താരം സുഭാഷ് സിംഗ് ക്രോസ് പുറത്തേക്കടിച്ച് കളഞ്ഞു. ആദ്യ പകുതി അവസാനിച്ചതായി റഫറിയുടെ അന്തിമ വിസില്‍ മുഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നിലായി.

പരുക്കേറ്റ സന്ദേശ് ജിങ്കന് പകരം റിനോ ആന്റോയെ കളത്തിലിറക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്. 48-ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് പകുതിയില്‍ നിന്ന് പെക്കുസണ്‍ന്റെ വണ്ടര്‍ ഗോള്‍ ശ്രമം. നെറോക്ക ഗോള്‍ കീപ്പര്‍ മുന്നിലായിരുന്നെങ്കിലും പന്ത് പുറത്തേക്കാണ് പോയത്. തൊട്ടടുത്ത മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി. ബോക്ലിനുള്ളില്‍ പെക്കൂസണ് പന്ത് നല്‍കിയത് വിക്ടര്‍ പുള്‍ഗ. പെക്കൂസണ്‍ ബോക്‌സിനകത്തേക്ക് നല്‍കിയ ക്രോസ്സില്‍ നിന്ന് കെ പ്രശാന്താണ് ഗോള്‍ നേടിയത്. 56-ാം മിനുട്ടില്‍ കറേജ് പെക്കൂസണ്‍ വീണ്ടും പ്രശാന്തിന് മനോഹരമായ ത്രൂ ബോള്‍ നല്‍കി. എന്നാല്‍ താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെയാണ് പറന്നത്.

58-ാം മിനുട്ടില്‍ ഇടത് മൂലയിലൂടെ മുന്നേറിയ നെറോക്കയുടെ മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധിച്ചു. തൊട്ടടുത്ത മിനുട്ടില്‍ പെക്കൂസണ്‍ മിലന്‍ സിംഗിന് മികച്ചൊരു പാസ്സാണ് നല്‍കിയത്. മിലന് ഗോള്‍ നേടാന്‍ സാധിച്ചില്ല. 61-ാം മിനുട്ടില്‍ നെറോക്കയ്ക്ക് രണ്ടു കോര്‍ണറുകള്‍. രണ്ടിലും ഗോള്‍ കീപ്പര്‍ റച്ചുബ്ക്ക ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി. മികച്ച സേവുകളാണ് അദ്ദേഹം നടത്തിയത്. 66-ാം മിനുട്ടില്‍ പന്ത് കയ്യില്‍ വെച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റം നെറോക്ക പ്രതിരോധതാരം ഫലപ്രദമായി പ്രതിരോധിച്ചു.

70-ാം മിനുട്ടില്‍ നെറോക്കയുടെ ഷോട്ട് പോള്‍ റച്ചുബ്ക്ക തടുത്തിട്ടു. പന്ത് ക്ലിയര്‍ ചെയ്യാന്‍ മടിച്ച് അറാട്ട ഇസുമി. പിന്നീട് കോര്‍ണര്‍ വഴങ്ങുകയും ചെയ്തു. ആ കോര്‍ണറിനൊടുവില്‍ ഫ്രഞ്ച് താരം ജീന്‍ ജോക്കിം നെറോക്കയ്ക്ക് വേണ്ടി ഗോള്‍ നേടി. സ്‌കോര്‍ 2-1. തൊട്ടടുത്ത മിനുട്ടില്‍ വിനീത് ഗോള്‍ നേടിയെങ്കിലും അദ്ദേഹത്തിനെതിരെ ഓഫ്‌സൈഡ് വിസില്‍ മുഴങ്ങിയിരുന്നു. 79-ാം ഫ്രീകിക്കിനൊടുവില്‍ ആര്യന്‍ വില്യംസ് ഹെഡറിലൂടെ നെറോക്കയെ ഒപ്പമെത്തിച്ചു. 82-ാം മിനുട്ടില്‍ നെറോക്കയ്ക്ക് പെനാല്‍ട്ടി. ബോക്‌സില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം വെസ് ബ്രൗണിന്റെ കയ്യില്‍ പന്ത് തട്ടിയതിനാണ് റഫറി പെനാല്‍ട്ടി വിളിച്ചത്. കിക്കെടുത്ത ഫെലിക്‌സ് ചിഡി അനായാസം പന്ത് ബ്ലാസ്‌റ്റേഴ്‌സ് വലയിലാക്കി. ഒടുവില്‍ കളി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി നെറോക്ക വിജയം കുറിച്ചു.

നെറോക്ക എഫ്‌സി ക്വാര്‍ട്ടറില്‍ ഐഎസ്എല്‍ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു എഫ്‌സിയെ നേരിടും. കേരളത്തിനിന്നുള്ള ഗോകുലം കേരള എഫ്‌സിയെ തോല്‍പ്പിച്ചാണ് ബെംഗളൂരു ക്വാര്‍ട്ടറില്‍ കടന്നത്.