അമേരിക്കന്‍ വ്യവസായിയെ കൊലപ്പെടുത്തിയ അറബ് പൗരനെ ദുബൈ പൊലീസ് പിടികൂടിയത് നാല് മണിക്കൂറിനുള്ളില്‍

ദുബൈ: കൊലക്കേസ് പ്രതിയെ ദുബൈ പൊലീസ് പിടികൂടിയത് നാല് മണിക്കൂറിനുള്ളില്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അമേരിക്കന്‍ വ്യവസായിയെ കൊലപ്പെടുത്തിയ അറബ് പൗരനെ ദുബൈ പൊലീസ് പിടികൂടിയത്. അല്‍ മുറാഖാബാദ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വ്യവസായിയുടെ ബന്ധുവിന്റെ ഫോണ്‍ കോളാണ് സംഭവം പുറത്തെത്തിച്ചത്. വ്യവസായി ദുബൈയില്‍ വന്നിട്ടുണ്ടെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശമെന്ന് ദുബൈ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അല്‍ മന്‍സൂറി പറഞ്ഞു.

ഉടന്‍ തന്നെ വ്യവസായിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് ശേഖരിക്കാന്‍ തുടങ്ങി. ഈ അന്വേഷണത്തില്‍ വ്യവസായി സ്ഥിരമായി യുഎഇ സന്ദര്‍ശിക്കാറുണ്ടെന്നും ദിവസങ്ങളോളം ഇവിടെ കഴിയാറുണ്ടെന്നും വ്യക്തമായി. വിവിധ ഹോട്ടലുകളില്‍ മാറി മാറി താമസിച്ചിരുന്ന വ്യവസായി അവസാന സന്ദര്‍ശനത്തില്‍ താമസിച്ച ഹോട്ടലിനെ കുറിച്ചും പൊലീസ് അന്വേഷിച്ചുവെന്ന് മേജര്‍ അല്‍ മന്‍സൂറി പറഞ്ഞു. നിയമപരമായ പരിശോധനയ്ക്കുള്ള അനുവാദം ലഭിച്ച ശേഷം വ്യവസായി താമസിച്ചിരുന്ന ഹോട്ടലില്‍ പരിശോധനയ്ക്കായി എത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഹോട്ടല്‍ മുറിയുടെ മൂലയില്‍ വ്യവസായിയുടെ മൃതദേഹം കണ്ടെത്തി. ഏതാണ്ട് 48 മണിക്കൂര്‍ മുന്‍പാണ് മരണം സംഭവിച്ചതെന്ന് പരിശോധനയില്‍ നിന്നും മനസിലാവുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍ തന്നെ കൊലപാതകം നടത്തിയ വ്യക്തിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയെന്ന് ദുബൈ സിഐഡി ഡയറക്ടര്‍ ലഫ് കേണല്‍ ആദേല്‍ അല്‍ ജോക്കര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ച് കേവലം നാലു മണിക്കൂറിനുള്ളില്‍ ഡാറ്റ അനലൈസ് സെന്ററിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലയാളിയെ തിരിച്ചറിയുകയും ഇയാളുടെ പൗരത്വം മനസിലാക്കുകയും ചെയ്തു. 25 വയസ്സുള്ള അറബ് യുവാവാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ വ്യവസായിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഉടന്‍ തന്നെ ഇയാളെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടി.

ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി, വ്യവസായിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കയറിയെന്നും വ്യക്തമാക്കി. മരക്കഷ്ണം ഉപയോഗിച്ച് വ്യവസായിയുടെ തലയ്ക്ക് അടിച്ചശേഷം ഇയാളുടെ പഴ്‌സ് മോഷ്ടിക്കുകയായിരുന്നു. മറ്റൊരു അറബ് പൗരനായ സുഹൃത്തും സഹായത്തിനുണ്ടായിരുന്നു. മോഷ്ടിച്ച പഴ്‌സിലെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സഹായിച്ചത് ഈ സുഹൃത്താണെന്നും പ്രതി പറഞ്ഞു. വ്യവസായിയെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറ!ഞ്ഞു. കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഡാറ്റ അനലൈസ് സെന്ററിലെ ഉദ്യോഗസ്ഥരെ മേജര്‍ ജനറല്‍ അല്‍ മന്‍സൂറി അഭിനന്ദിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചതിലൂടെയാണ് കൊലയാളിയെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ കണ്ടെത്താന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ