തുറന്നു പറയട്ടെ, അങ്കിളിലെ പാളിപ്പോയ ഒരേയൊരു കാസ്റ്റിംഗ് ഇക്കയുടേതാണ്

വസന്തം ചെറി മരത്തോടു ചെയ്യുന്നത് പോലെയൊരു പണിയാണ് ദിലീഷ് പോത്തൻ മലയാള സിനിമയോട് ചെയ്തത്. ഒറ്റവരി പ്രമേയങ്ങളെ എങ്ങനെയാണ് കൃത്യമായ രാഷ്ട്രീയം ചേർത്ത് ഒരു മാത്ര പോലും മടുപ്പിക്കാതെ നെടുനീളൻ സിനിമകൾ ഉണ്ടാക്കുന്നതെന്ന് അയാൾ ഒരു തവണയല്ല, രണ്ടുതവണ കാണിച്ചു തന്നിട്ടുണ്ട്. സിനിമയിലൂടെ അല്ലാതെ ഇതൊന്നും ഒരിക്കലും പറയാനാവില്ല എന്നമട്ടിൽ തിരക്കഥകളെ ദൃശ്യഭാഷയുടെ പാഠപുസ്തകങ്ങൾ ആക്കിയിട്ടുണ്ട്. അങ്ങനെയൊക്കെയാണ് തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് രണ്ടു തവണ മലയാളത്തിലേക്കു വണ്ടികയറിയത്.

ഇതൊന്നും കണ്ടില്ലെങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു, അങ്കിളിനു ചുമ്മാ കൈയടിക്കാമായിരുന്നു.

ഈ വന്ന കാലത്തു സിനിമയ്ക്ക് കഥ ഒരു നിബന്ധനയോ നിഷ്കർഷയോ അല്ല. പ്രമേയം തന്നെ ധാരാളമാണ്. അതിശക്തവും അതീവ പ്രസക്തവുമാണ് അങ്കിളിന്റെ പ്രമേയം. ജോയ് മാത്യുവിന്റെ തന്നെ സദാചാര സംബന്ധിയായ ഫേസ്‌ബുക്ക് നിലപാടുകളുടെ ഒരു തുടർച്ച. ഷട്ടറിൽ പറഞ്ഞു നിർത്തിയതിന്റെ ശിഷ്ടം. എടുത്തുപറയത്തക്ക സങ്കീർണതകളൊന്നുമില്ലാത്ത ആദ്യന്തം പ്ലെയിനായ ഒരു കഥയിലേക്ക്‌ അതിനെ സന്നിവേശിപ്പിച്ചിരിക്കുന്നു. ക്യാമറ കൊണ്ട് ആ കഥ അതേപടി നമുക്കു പറഞ്ഞു തരുന്നു. ഇതുപറയാൻ ഇങ്ങനെയൊരു ദൃശ്യഭാഷയുടെ ആവശ്യം തന്നെ ഉണ്ടായിരുന്നോ എന്നുതോന്നിപ്പിക്കുന്ന മട്ടിൽ വലിയ അത്ഭുതങ്ങളോ അനുഭവങ്ങളോ ഒന്നുമില്ലാതെ സിനിമ പര്യവസാനം കൊള്ളുന്നു.

തുറന്നു പറയട്ടെ, ഇതിലെ പാളിപ്പോയ ഒരേയൊരു കാസ്റ്റിംഗ് ഇക്കയുടേതാണ്. അത്യന്തം നിഗൂഢത നിറഞ്ഞ കൃഷ്ണകുമാർ എന്ന ക്യാരക്ടർ ഒരു നെഞ്ചിടിപ്പായി, കണ്ടുകൊണ്ടിരിക്കുന്നവന്റെ ആകുലതയും ആശങ്കയുമായി, പ്രേക്ഷകനിലേക്കു ഇരമ്പുന്നതിൽ ഇക്കയുടെ ഇമേജ് വലിയ വിലങ്ങുതടിയാകുന്നു. എത്രയൊക്കെ ആയാലും ഞങ്ങളുടെ ഇക്കയ്ക്കു അങ്ങനെയൊന്നും ഒരു വഷളനാവാൻ കഴിയില്ല എന്ന വിശ്വാസം സ്‌ക്രീനിൽ കഥാപാത്രത്തെ തോൽപ്പിച്ചു കളയുന്നു. അതിനെ മറികടക്കാൻ ആവാതെ തിരക്കഥ ബാലാരിഷ്ടതകളിൽ അഭിരമിക്കുന്നു. ഉത്കണ്ഠ മുഴുവൻ സുഹൃത്ത് വിജയൻറെ മാത്രമാകുന്നു. സ്ക്രീനും കടന്നു അതു കണ്ടുകൊണ്ടിരിക്കുന്നവന്റെ നെഞ്ചിലേക്കു കയറാതെ അവിടെ തന്നെ നിന്നുപോകുന്നു.

തിരക്കഥ ഈ സിനിമയിൽ എളുപ്പപ്പണി എടുത്തിരിക്കുന്നു. കഥപറയലല്ല തിരക്കഥ എന്നും, ദൃശ്യഭാഷ ഈ വ്യാകരണത്തിന്റെ ക്ലാസൊക്കെ മലയാളത്തിൽ എന്നേ കടന്നുപോയിരിക്കുന്നു എന്നും പറയേണ്ടി വരുന്നു.

ഷിബു ഗോപാലകൃഷ്ണൻ