ആനയും പൂരവും അമേരിക്കയില്‍

അമേരിക്കയിലെ ഡാലസിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നാലാമത് പ്രതിഷ്ഠദിനത്തോടനുബന്ധിച്ചു കേരളീയ ക്ഷേത്രാചാരങ്ങള്‍ അനുസരിച്ചും ക്ഷേത്രകലകള്‍ ഉള്‍പ്പെടുത്തിയും വിപുലമായ ആഘോഷപരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ക്ഷേത്രം തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ജൂണ്‍ ഏഴാം തിയ്യതി മുതല്‍ താന്ത്രികചടങ്ങുകള്‍ ആരംഭിച്ചു. ശുദ്ധിക്രിയകള്‍ക്ക് പുറമേ ഉദയാസ്തമനപൂജകളും കലശാഭിഷേകങ്ങളും ക്ഷേത്രത്തില്‍ നടന്നുവരുന്നു. 18 ന് നടക്കുന്ന കളഭാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും.

ജൂണ്‍ പതിമൂന്നാം തിയ്യതി പ്രതിഷ്ഠദിനത്തോട് അനുബന്ധിച്ചു നടന്ന ആനയെഴുന്നള്ളിപ്പ് ആണ് ഈ വര്‍ഷത്തെ ആഘോഷപരിപാടിയിലെ മുഖ്യ ആകര്‍ഷണം . മണ്‍മറഞ്ഞുപോയ ഗജശ്രേഷ്ഠന്‍ തിരുവമ്പാടി ശിവസുന്ദറിനെ മാതൃകയാക്കി നിര്‍മിച്ച ആന ഗുരുവായൂരപ്പന്റെ തിടമ്പേറ്റി. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍കുട്ടിയുടെയും ഭഗവതവിദ്വാന്‍ മിഥുനപ്പിള്ളി വാസുദേവന്‍ നമ്പൂതിരിയുടെയും മേല്‍നോട്ടത്തില്‍ തൃശ്ശൂരിലെ പുതൂര്‍ക്കര ചന്ദ്രന്‍ ആണ് ആനയെ ഫൈബറില്‍ നിര്‍മിച്ചത്. പല്ലാവൂര്‍ ശ്രീധരമാരാരുടെയും ശ്രീകുമാര്‍മാരാരുടെയും നേതൃത്വത്തില്‍ ,അവരുടെ തന്നെ ശിഷ്യന്മാരായ, അമേരിക്കയിലെ പല നഗരങ്ങളിലും നിന്ന് വന്ന നാല്പതോളം കലാകാരന്‍മാര്‍ പങ്കെടുത്ത മേളവും പഞ്ചവാദ്യവും എഴുന്നള്ളിപ്പിന് കൊഴുപ്പു കൂട്ടി .

ജൂണ്‍ 16, 17 തിയ്യതികളിലായി നടക്കുന്ന സാംസ്കാരിക പരിപാടികളില്‍ ക്ഷേത്രകലകള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതോടൊപ്പം, ഇവടെ വളരുന്ന കുട്ടികള്‍ക്ക് ഈ കലകളെ അടുത്തറിയാന്‍ പഠനശിബിരങ്ങളും ഒരുക്കിയിട്ടുണ്ട്. ആഘോഷപരിപാടികള്‍ക്ക് ‘കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് ‘ചെയര്‍മാന്‍ ശ്രീ കേശവന്‍ നായരും,പ്രസിഡണ്ട് ശ്രീ രാമചന്ദ്രന്‍ നായരും നേതൃത്വം നല്‍കുന്നു. കേരളത്തിന്റെ തനത് ക്ഷേത്രസംസ്കാരവും തൃശൂര്‍ പൂരത്തിന്റെ സന്ദേശവും അമേരിക്കയില്‍ വളരുന്ന മലയാളിക്കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ക്ഷേത്രസമിതിയുടെ പ്രധാന ഉദ്ദേശം. ഇരിഞ്ഞാലക്കുട ഇരിഞ്ഞടപ്പിള്ളി മനയില്‍ പദ്മനാഭന്‍ നമ്പൂതിരിയും മങ്കര നീലമന വിനയന്‍ നമ്പൂതിരിയുമാണ് ക്ഷേത്രത്തിലെ ശാന്തിക്കാര്‍.

Picture2

Picture3