പ്രവീൺ ഇന്നുമുണ്ട്, ഉദയസൂര്യനായി തന്നെ!

മിനി നായർ അറ്റ്‌ലാന്റാ

2014 ഫ്രബ്രുവരി 12 ന് രാത്രി ഏകദേശം 11. 17 ന് പ്രിയ വർഗീസിന്റെ ഫോണിലേക്ക് പ്രവീണിന്റെ സുഹൃത്തിന്റെ ഒരു ഫോൺ കോൾ വരുന്നു.പ്രവീൺ വർഗീസിനെ കാണ്മാനില്ല എന്നായിരുന്നു ആ സന്ദേശം.ലോകമനസ്സാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വാർത്തയാണ് ആ സന്ദേശത്തിലുള്ളതെന്ന് ആ സഹോദരിക്ക് അറിയില്ലായിരുന്നു, ഒരുപക്ഷെ പിറ്റേന്ന് കാർബോൺഡലിലെ വനാന്തരങ്ങളിൽ നിന്നും പ്രവീണിന്റെ മൃതദേഹം കണ്ടെടുത്ത നിമിഷം വരെയും. പ്രവീണിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ വാവിട്ടുകരഞ്ഞ ആ കുടുംബത്തിന്റെ ചിത്രം ഇന്നും നമ്മുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. തന്റെ പൊന്നുമകനെ നഷ്ട്ടപ്പെട്ട ലൗലി എന്ന അമ്മയുടെ തേങ്ങലിനു ആയിരങ്ങളുടെ, പതിനായിരങ്ങളുടെ ഒരുപക്ഷെ ഈ ലോകത്തിന്റെ തന്നെ മനസ്സിൽ തീക്കനൽ പാറിക്കാനുള്ള ശക്തിയുണ്ടായിരുന്നു.

പ്രവീണിന് വേണ്ടിയുള്ള വർഗീസ് കുടുംബത്തിന്റെ പോരാട്ടക്കഥ ഇവിടെ തുടങ്ങുകയാണ്. പക്ഷെ ഇത് വെറും കെട്ടുകഥയല്ല, ഒരു ജീവന്റെ അന്ത്യവും ഒരുപാട് ജീവനുകളുടെ ജീവിതവുമാണ്.

2014 ഫെബ്രുവരി 18 ന് കാർബൺഡലിന്റെ കിഴക്ക് ഭാഗത്തുള്ള ബഫലോ വൈൽഡ് വിങ്‌സിന് സമീപത്തെ കാട്ടിൽ നിന്നാണ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ പ്രവീൺ വർഗീസിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. സതേൺ ഇലിനോയ്സ് യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർത്ഥിയായിരുന്നു ഈ 19 കാരൻ. ഫെബ്രുവരി 12 ന് രാത്രി സുഹൃത്തിന്റെ ബർത്ത്‌ഡേ പാർട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ പ്രവീണിനെ പിന്നീടാരും തന്നെ കണ്ടിട്ടില്ല. ഫെബ്രുവരി 14 ന് കാർബോണ്ടേൽ പോലീസ് ഡിപ്പാർട്മെന്റ് പ്രവീൺ മിസ്സിങ്ങാണെന്ന വാർത്ത പുറത്തുവിട്ടെങ്കിലും പ്രയോജനമുണ്ടായില്ല. പ്രവീണിനെ കണ്ടെത്തുന്നവർക്ക് 5000 ഡോളർ വരെ ഓഫർ നൽകി. തൊട്ടടുത്ത ദിവസം ആ ഓഫർ 15000 ഡോളറായി വർധിപ്പിച്ചു വർഗീസ് കുടുംബം കാത്തിരുന്നു. പക്ഷെ ദൈവം ആ കുടുംബത്തെ തുണച്ചില്ല. ബർത്ത്‌ഡേ പാർട്ടി കഴിഞ്ഞ് വീണ്ടും ഒത്തുചേരാമെന്ന് തീരുമാനിച്ചു പിരിഞ്ഞ കൂട്ടുകാരും പ്രവീൺ തിരിച്ചെത്തുമെന്ന് കരുതി കാത്തിരുന്ന വീട്ടുകാരും പരിഭ്രാന്തരായി പ്രവീണിന് വേണ്ടി അലഞ്ഞു. ഒടുവിൽ നാല് ദിവസങ്ങൾക്ക് ശേഷം പ്രവീണിനെ കണ്ടെത്തിയെന്ന വാർത്ത കേട്ട് കാർബോൺഡലിലേക്ക് ഇറങ്ങിത്തിരിച്ച വർഗീസ് കുടുംബത്തിന്റെ മനസ്സിൽ ഒരായിരം പ്രതീക്ഷകളും ഒപ്പം പ്രവീണിനോടുള്ള പരിഭവവും പിണക്കവും എല്ലാം ഉണ്ടായിരുന്നു.

എന്നാൽ കാർബോൺഡലിലെ വനാന്തരങ്ങളിൽ വെച്ച് വെള്ളപുതപ്പിച്ച പ്രവീണിന്റെ മൃതദേഹം കണ്ടെടുത്ത ആ നിമിഷം ലോകത്തിന്റെ തന്നെ കാതടപ്പിക്കുന്ന തരത്തിൽ ലൗലി വർഗീസ് അലറിവിളിച്ചു- “എന്റെ വാവേ…….”എന്ന്. ആ അമ്മയുടെ അലമുറയിട്ടുള്ള കരച്ചിലിന് മുന്നിൽ കണ്ടുനിൽക്കുന്നവർക്കു പോലും പിടിച്ചു നിൽക്കാനായില്ല. വർഗീസ് കുടുംബത്തിന്റെ ആ നിലവിളി ഇന്നും ആ വനാന്തരങ്ങളിൽ മുഴങ്ങിക്കേൾക്കാം.

സംഭവദിവസം രാത്രി ഒരു പരിചിതന്റെ കാറിൽ ലിഫ്റ്റ് ചോദിച്ചു കയറിയ പ്രവീൺ കാറിൽ വെച്ച് അയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കാറിൽ നിന്നിറങ്ങി കാട്ടിലേക്ക് ഓടിപ്പോവുകയും ചെയ്തതായി കാർബോണ്ടേൽ പോലീസ് ചീഫ് ഒ.ഗേൻ പറഞ്ഞു. വഴിതെറ്റി കാട്ടിൽ പെട്ടുപോയ പ്രവീൺ കാലാവസ്ഥയും അന്തരീക്ഷതാപനിലയും കാരണമാണ് മരണപ്പെട്ടതെന്നും ഒ. ഗേൻ വ്യക്തമാക്കി. പക്ഷെ പ്രവീണിന് ലിഫ്റ്റ് കൊടുത്ത ആ പരിചിതന്റെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നില്ല. പിന്നീട് ലൗലി വർഗീസിന്റെ ശക്തമായ ഇടപെടൽ മൂലമാണ് ആ പരിചിതൻ ഗേജ് ബത്തൂൺ ആണെന്ന് മനസിലാക്കാൻ കഴിഞ്ഞത്. പ്രവീണിന്റെ മരണത്തിൽ യാതൊരു വിധത്തിലുള്ള അസ്വാഭാവികതയുമില്ല എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പ്രവീണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും ഹൈപോതെർമിയ ബാധിച്ചാണ് മരണം സംഭവിച്ചതെന്നും ഇതിൽ ഒരു കള്ളക്കളിയുമില്ലയെന്നും പോലീസ് വിധിയെഴുതി.

ഒരാഴ്ചക്ക് ശേഷമാണ് ദൈവദൂതനെപ്പോലെ സ്റ്റേറ്റ് ട്രൂപ്പർ രംഗത്തെത്തുന്നത്. ബത്തൂൺ കാറിൽ നിന്നും പ്രവീൺ ഇറങ്ങിഓടിയ സമയത്താണ് സ്റ്റേറ്റ് ട്രൂപ്പർ ക്രിസ്റ്റഫർ മാർട്ടിൻ അവിടെയെത്തുന്നത്. താൻ ഒരു കറുമ്പന് ലിഫ്റ്റ് കൊടുത്തെന്നും അയാൾ തന്നെ ഉപദ്രവിച്ചു ഓടിപ്പോയെന്നും ബത്തൂൺ പറഞ്ഞതായി മാർട്ടിൻ ഓർത്തു. കയ്യിലുള്ള ടോർച്ചിന്റെ വെളിച്ചത്തിൽ ആ പരിസരം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. മാത്രവുമല്ല ഇക്കാര്യം പോലീസിൽ റിപ്പോർട്ട്‌ ചെയ്യാൻ ബത്തൂൺ നീരസം കാണിച്ചതായും മാർട്ടിൻ സൂചിപ്പിച്ചു.

പ്രവീൺ ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് ലൗലിക്ക് ഉറപ്പായിരുന്നു. ലൗലി വർഗീസ് എന്ന അമ്മക്ക് അറിയാവുന്ന പ്രവീൺ മദ്യപിക്കില്ല എന്ന് അവർ പലരോടും വാദിച്ചു. കൂടാതെ സ്വമനസ്സാലെ ഒരു അപരിചിതന്റെ കാറിനു ലിഫ്റ്റ് ചോദിക്കാൻ പ്രവീൺ തയ്യാറാവില്ലെന്നും മാത്രവുമല്ല ഒരു തർക്കത്തിന്റെ പേരിൽ ഉൾക്കാട്ടിലേക്ക് ഓടിപോയി സ്വയം ജീവൻ അപകടപ്പെടുത്തില്ലെന്നും ലവ്‌ലി പറഞ്ഞു. പ്രവീണിന്റെ മരണത്തിൽ ചോദ്യങ്ങൾ അങ്ങനെ ബാക്കിനിൽക്കേയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസംതൃപ്തരായി വർഗീസ് കുടുംബം രണ്ടാമതും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ചിക്കാഗോയിലെ ഡോ. ബെൻ മാർഗോലിസ് പോസ്റ്റ്മോർട്ടം നടത്തുകയും വർഗീസ് കുടുംബത്തിന്റെ സംശയങ്ങൾ പലതും ശരിയാണെന്നു തെളിയിക്കുകയും ചെയ്തു. മാർഗോലിസിന്റെ റിപ്പോർട്ടിൽ നിന്നും പ്രവീണിന്റെ തലയിൽ ശക്തിയായ അടിയേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കൂടാതെ പ്രവീണിന്റെ വലതു കയ്യിലും നെറ്റിയിലും മുറിവുകൾ ഉള്ളതായും കാണപ്പെട്ടു. തന്റെ മകന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തീരുമാനിച്ച ലൗലി ഗേജ് ബത്തുണിനെതിരെ കേസ് സമർപ്പിച്ചു.

ബത്തൂണിന്റെയും പ്രവീണിന്റേയും ഇടയിലുണ്ടായ പ്രശ്നം പണം അല്ലെന്നും ബത്തൂൺ ആ കാരണം തങ്ങളിൽ നിന്നും ഒളിപ്പിക്കുന്നുണ്ടെന്നും മനസിലാക്കിയ ലൗലി പിന്നീട് സത്യം പുറത്തുകൊണ്ടുവരാനുള്ള പ്രയത്നത്തിലായിരുന്നു. അതിന്റെ ഭാഗമായി സ്റ്റേറ്റ് ട്രൂപ്പർ മാർട്ടിനെ ഹർജിയിൽ ഉൾപ്പെടുത്തി. സംഭവദിവസം രാത്രി പ്രവീണിനെ സഹായിക്കാൻ കഴിയുമായിരുന്ന ഏക വ്യക്തിയായിരുന്നു മാർട്ടിൻ എന്നും സഹായിക്കാനായില്ലെങ്കിലും കാർബോണ്ടേൽ പോലീസിൽ സംഭവം റിപ്പോർട്ട്‌ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ പ്രവീൺ ഇന്ന് എന്നോടൊപ്പം ഉണ്ടാകുമായിരുന്നെന്ന് നനഞ്ഞ കണ്ണുകൾ ഒപ്പി ലൗലി പറഞ്ഞു. അതുകൊണ്ടുതന്നെ ISP അതിന്റെ നയങ്ങളെ കൃത്യമായി നടപ്പിലാക്കണമെന്ന ലക്ഷ്യം കൂടി തന്റെ ഈ കേസിനു പുറകിലുണ്ടെന്ന് ലവ്‌ലി ഓർമ്മിപ്പിച്ചു. പോലീസിന്റെ അനാസ്ഥ കൊണ്ട് മറ്റൊരുകുടുംബം കൂടി ഇരയാവരുതെന്നും ലൗലിആഗ്രഹിച്ചു.

ബത്തൂണിനു മേൽ കുറ്റാരോപണം നടത്താനാവില്ലെന്ന വാദവുമായി മുന്നോട്ടുവന്നയാളാണ് ജാക്സൺ കൗണ്ടി സ്റ്റേറ്റ് അറ്റോർണി, മൈക്കൽ കാർ.കാറിന്റെ ഇൻവെസ്റ്റിഗേഷൻ പ്രകാരം സംഭവദിവസം രാത്രി നടന്ന കാര്യങ്ങൾ ഇങ്ങനെ :ബർത്ത്‌ഡേ പാർട്ടി കഴിഞ്ഞ് മടങ്ങിയ പ്രവീൺ ബത്തൂണിനോട് ലിഫ്റ്റ് ചോദിക്കുകയും ബത്തൂൺ അത് സമ്മതിക്കുകയുമായിരുന്നു. തണുപ്പേറിയ കാലാവസ്ഥയിൽ കോട്ടില്ലാതെ നിൽക്കുന്ന പ്രവീണിനോട് അലിവ് തോന്നിയാണ് ബത്തൂൺ ലിഫ്റ്റ് കൊടുത്തത്. പിന്നീട് കാറിൽ വെച്ച് പ്രവീൺ ബത്തൂണിനു കൊക്കൈൻ ഓഫർ ചെയ്യുകയും ബത്തൂൺ അത് നിരസിക്കുകയുമായിരുന്നു. കൂടാതെ കാറിൽ കയറിയ ശേഷം ശരിയായ വഴി പറയാതെ പ്രവീൺ ബത്തൂണിനെ കുഴക്കി. കാറിൽ പെട്രോൾ തീർന്നതോടെ പ്രവീണിനെ ഇറക്കിവിടാൻ ബത്തൂൺ തീരുമാനിച്ചെങ്കിലും അതിനു കൂട്ടാക്കത്തെ പ്രകോപിതനായി പ്രവീൺ ബത്തൂണിനെ ആക്രമിച്ചു. സ്വയരക്ഷക്ക് വേണ്ടി ബത്തൂണിനു പ്രവീണിന്റെ തലക്കടിക്കേണ്ടിവന്നു. ശേഷം എമർജൻസി ബ്ലിങ്കർ ഓൺ ആക്കിയ ശേഷം പ്രവീണിനെ കാറിൽ നിന്നും പുറത്തിറക്കാൻ ശ്രമിച്ചു. പ്രവീണിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയല്ല ബത്തൂൺ കാർ നിർത്തിയത്. മറിച്ചു പരിസരത്തുള്ളവർ ആരെങ്കിലും അടുത്തുവരുമെന്നു കരുതിയായിരുന്നു. കാറിനു പുറത്തു വെച്ച് ഇരുവരും സംഘർഷത്തിൽ ഏർപ്പെട്ടു. പെട്ടെന്ന് ഒരു പോലീസ് കാർ വരുന്നത് കണ്ട് ബത്തൂൺ “കോപ്സ്” എന്ന് അലറി വിളിച്ചതും പ്രവീൺ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

കാറിന്റെ ഈ റിപോർട്ടിൽ നിന്നും ബത്തൂൺ നിരപരാധിയാണെന്നാണ് വ്യക്തമായത്. പ്രവീണിന് ലഹരിവസ്തുക്കളുടെ ഉപയോഗമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ കോളുകളെക്കുറിച്ചും മെസ്സേജുകളെക്കുറിച്ചും കാർ റിപ്പോർട്ടിൽ പറഞ്ഞു. പ്രവീണിന്റെ മൊബൈലിൽ നിന്നും സംഭവദിവസം രാത്രിയിൽ വന്ന കോളിനെക്കുറിച്ചു പ്രവീണിന്റെ ഒരു പെണ്സുഹൃത്ത് പറയുകയുണ്ടായി. അത്തരം ഫോൺ കോളുകൾ അസാധാരണമല്ലെന്നും മദ്യപിച്ചു സ്വബോധം നഷ്ടമാവുന്ന സമയങ്ങളിൽ പ്രവീൺ ഫോൺ ചെയ്യാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സാക്ഷികളും തെളിവുകളും അനുസരിച്ചു വർഗീസ് ഹൈപോതെർമിയ ബാധിച്ചാണ് മരിച്ചതെന്ന നിഗമനത്തിലേക്കാണ് എല്ലാം ചെന്നെത്തിയത്. ലഹരിമരുന്നിന്റെ ഉന്മത്തവസ്ഥയും, ദുർഘടമായ പ്രദേശവും, തണുപ്പേറിയ കാലാവസ്ഥയും പ്രവീണിനെ മരണത്തിൽ കൊണ്ടെത്തിച്ചെന്ന അവസാനവരിയോടെ പ്രവീൺ വധക്കേസിനു കാർ പര്യവസാനം കണ്ടെത്തി. വസ്ത്രങ്ങൾ അഴിച്ചു മാറ്റപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാരകമായ ഹൈപോതെർമിയ ബാധിച്ചവർ ഇത്തരത്തിൽ വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റുമെന്ന കണ്ടെത്തലുമായി ജെയിംസ് ജേക്കബിയും മുന്നോട്ടു വന്നു.

കൊടും തണുപ്പുള്ള സന്ദർഭങ്ങളിൽ ഹൈപോതെർമിയ ബാധിച്ച ഒരു വ്യക്തിക്ക് ശരീരം ചുട്ടുപൊള്ളുന്നതായി തോന്നുകയും അയാൾ സ്വമേധയാ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്യുമെന്നു ജേക്കബി കാറിന്റെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. 2015 മാർച്ച്‌ ആയപ്പോഴേക്കും പ്രവീൺ വധക്കേസിൽ നിന്നും കാർ സ്വമേധയാ പിൻവാങ്ങി. ശേഷം സ്റ്റേറ്റ് അറ്റോർണി അപ്പെല്ലറ്റ് പ്രോസിക്യൂട്ടർസ് ഓഫീസ് കേസ് ഏറ്റെടുക്കുകയും സ്പെഷ്യൽ പ്രോസിക്യൂട്ടർസ് ആയ ഡേവിഡ് റോബിന്സണിനെയും ഡേവിഡ് നീലിനെയും അന്വേഷണച്ചുമതല ഏൽപ്പിക്കുകയും ചെയ്തു.
പ്രവീണിന്റെ ഓർമ്മയുടെ രണ്ടാം വർഷം വർഗീസ് കുടുംബം കാർബൺഡലിൽ എത്തുകയും പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഒരു സ്മാരകം പണിയുകയും ചെയ്തു. പ്രവീണിന്റെ മരണത്തിൽ ലോകമറിയേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും ഇനിയുമുണ്ടെന്ന് മനസിലാക്കിയ ലൗലി കാർബോണ്ടേൽ സിറ്റി കൗൺസിലിൽ അപ്പീൽ നൽകാൻ തീരുമാനിച്ചു.

2016 ഏപ്രിൽ 16 ന് നടന്ന സിറ്റി കൗൺസിൽ മീറ്റിങ്ങിൽ പ്രവീണിന്റെ ശരീരത്തിൽ കാണപ്പെട്ട മുറിവുകളുടെ ഫോട്ടോ സമർപ്പിച്ചുകൊണ്ട് ലവ്‌ലി സംസാരിച്ചു. വൈരുദ്ധ്യാത്മകമായ രണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ കഥയിൽ നിന്നും ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും അവക്കുള്ള ഉത്തരം തേടി താൻ അലയുകയാണെന്നും ലൗലി പറഞ്ഞു. പ്രവീണിന്റെ മരണസംബന്ധമായ റെക്കോർഡുകൾ ലഭിക്കാനുള്ള തന്റെ പരിശ്രമത്തെക്കുറിച്ചും ലൗലി കൗൺസിലിനെ ബോധ്യപ്പെടുത്തി. ലൗലിയുടെ ശക്തമായ നീക്കങ്ങൾക്കൊടുവിൽ പ്രവീണിന്റെ കേസ് സംബന്ധമായ എല്ലാ റെക്കോർഡുകളും വർഗീസ് കുടുംബത്തിന് ലഭിച്ചു. തന്റെ മകൻ സ്വയം മരണം ഏറ്റുവാങ്ങില്ലെന്നും പ്രവീണിന്റെ മരണത്തിൽ ബത്തൂണിനു പങ്കുണ്ടെന്നും മനസിലാക്കിയ ലൗലികേസ് മുന്നോട്ട് കൊണ്ടുപോവാൻ തന്നെ തീരുമാനിച്ചു. നാല് വർഷത്തെ കഠിനപ്രയത്നത്തിനൊടുവിൽ മെയ്‌ 23 ന് പ്രീ ട്രയൽ മീറ്റിങ്ങിൽ ഇരു കൂട്ടരും ട്രയലിനു തയ്യാറാണെന്ന് അറിയിച്ചു.

പ്രതിയെന്നാരോപിക്കപ്പെട്ട ബത്തൂണിനു വേണ്ടി മൈക്കൽ വെപ്സിക്കും വർഗീസ് കുടുംബത്തിന് വേണ്ടി ഡേവിഡ് റോബിൻസണും കോടതിയിൽ ഹാജരായി. പ്രവീണിന്റെ മരണത്തിലേ ചുരുളഴിയാത്ത രഹസ്യങ്ങൾ മറനീക്കി പുറത്തുവരുമെന്ന വിശ്വാസത്തോടെ ലാവ്‌ലിയും കുടുംബവും കോടതി മുറിയിൽ കാത്തിരുന്നു. കോടതിയിൽ തമ്മിൽ പറയുന്ന വാക്കുകളേക്കാൾ സാക്ഷികൾക്കും തെളിവുകൾക്കുമാണ് പ്രാധാന്യമെന്ന് അറിയാമായിരുന്നത് കൊണ്ടുതന്നെ പ്രവീണിന് നീതി ലഭിക്കുമെന്ന് ആ കുടുംബം വിശ്വസിച്ചു.
2018 ജൂൺ 4 ന് ട്രയൽ ആരംഭിച്ചു. കോടതിമുറിയിൽ ഇരുഭാഗത്തുനിന്നും വാദപ്രതിവാദങ്ങൾ ഉയർന്നു. ഇടക്കുള്ള നിശബ്ദതയിൽ കണ്ണീരും തേങ്ങലും. പ്രവീണിന് ഐ എസ് എസുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനും ശ്രമങ്ങൾ ഉയർന്നു. പക്ഷെ വേപ്സിക്കിന്റെ അത്തരം ശ്രമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് റോബിൻസൺ രംഗത്തെത്തിയത്. പിന്നീട് രണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പരിശോധിച്ച കോടതി പ്രവീണിന്റെ തലയിൽ ആഴമുള്ള മുറിവ് പറ്റിയതായി സ്ഥിതീകരിച്ചു. 9 ദിവസങ്ങൾ നീണ്ടുനിന്ന സാക്ഷിവിസ്താരങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം കോടതി, വിധി പറയാനുള്ള സമയം അറിയിച്ചു. ഏകദേശം രാത്രി 10 15 ഓടെ കോടതി വിധി നിർണ്ണയിച്ചു. “We the jury find the defendant guilty..” ഒരു നിമിഷത്തെ നിശ്ശബ്ദതക്കൊടുവിൽ കോടതിമുറിയുടെ ഇരുവശങ്ങളിൽ നിന്നും തേങ്ങലുയർന്നു. അതെ, 4 വർഷവും 4 മാസവും ഒരു ദിവസവും നീണ്ട വർഗീസ് കുടുംബത്തിന്റെ പ്രയത്നത്തിനൊടുവിൽ അവർ കാത്തിരുന്ന ആ നിമിഷമാണ് വന്നെത്തിയത്. പ്രവീൺ വധക്കേസിൽ ബത്തൂൺ പ്രതിയാണെന്നും 20 മുതൽ 60 വർഷം വരെ തടവുശിക്ഷ കൊടുക്കുന്നെന്നും കോടതി വിധി പറഞ്ഞു. വിധി കേട്ട് കോടതിയിൽ നിന്നിറങ്ങി പോകുമ്പോഴും നിറകണ്ണുകളോടെ ആ അമ്മ പ്രവീണിന് വേണ്ടി പ്രാർത്ഥിച്ചു. പ്രവീണിന് വേണ്ടി തനിക്കു ചെയ്യാവുന്ന ആ വലിയ കാര്യവും താൻ ചെയ്ത് കഴിഞ്ഞെന്ന സംതൃപ്തിയോടെയാണ് ലൗലി പടിയിറങ്ങിപോയത്.

പ്രവീണിന്റെ മരണശേഷം ലൗലിയുടെയും വർഗീസ് കുടുംബത്തിന്റെയും ജീവിതം എത്രമാത്രം ദുസ്സഹമായിരുന്നെന്നു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. കണ്ണീരും കഷ്ടപ്പാടും കൊണ്ടു ഇരുട്ടിലേക്ക് വീണ ആ കുടുംബത്തിന് ശക്തിപകരാൻ ഈ ലോകം മുഴുവനും തയ്യാറായി. ലൗലി വർഗീസ് എന്ന അമ്മയുടെ ഒറ്റയാൾ പോരാട്ടത്തിന് തിരശീല വീഴുകയാണ്. പ്രവീണിന് നീതി ലഭിച്ചുകൊണ്ടുള്ള കോടതിവിധിയിൽ സന്തോഷിക്കുന്നുണ്ടെങ്കിലും പ്രവീൺ ഒരു ഓർമ്മ മാത്രമായി മരുകയാണെന്ന സത്യം തിരിച്ചറിയുമ്പോൾ ആ അമ്മ എത്രത്തോളം സങ്കടപ്പെടും. എല്ലാവേദനകളും കടിച്ചമർത്തി സ്വന്തം മകനുവേണ്ടി ഇറങ്ങിത്തിരിച്ച ലാവ്‌ലിയുടെ മനോധൈര്യത്തിനുമുന്നിൽ ഈ ലോകം ഒന്നടങ്കം മുട്ടുകുത്തി നിന്നു. ഇന്ന് തന്റെ അമ്മയുടെ പ്രയത്നത്തിലൂടെ നീതി കിട്ടിയ പ്രവീൺ ഒരുപാട് സ്നേഹത്തോടെ, ഒരു ചെറു പുഞ്ചിരിയോടെ ആകാശത്തിന്റെ ഏതോ ഒരു കോണിൽ മേഘങ്ങൾക്കിടയിലൂടെ മറ്റൊരു ലോകത്തേക്ക് മറഞ്ഞുകഴിഞ്ഞു. എങ്കിലും ലൗലി വർഗീസ് ഇപ്പോഴും വിശ്വസിക്കുന്നു – പ്രവീൺ ഇന്നുമുണ്ട് എന്റെയും നിങ്ങളുടെയും നമ്മുടെയും ഉള്ളിൽ. ഉദയസൂര്യനായി തന്നെ !