ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണു യോഗം വിളിച്ചിരിക്കുന്നത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിശാല പ്രതിപക്ഷഐക്യത്തോട് അനുകൂലമാണെങ്കിലും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പുണ്ട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്. ബിഎസ്പി അധ്യക്ഷ മായാവതി ഇതുവരെ നിലപാടറിയിച്ചിട്ടുമില്ല.

അതേസമയം യോഗം സുപ്രധാനമാണെന്നും പങ്കെടുക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ലക്‌നൗവില്‍ അറിയിച്ചു. അതിനിടെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കു പിറന്നാള്‍ ആശംസയുമായെത്തിയ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചതിന് കൂടുതല്‍ രാഷ്ട്രീയമാനം കൈവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചുള്ള സഖ്യത്തിനു തെലുങ്കുദേശത്തെപ്പോലെ ഡിഎംകെയും പിന്തുണ അറിയിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദളിലെ ശരദ് യാദവ് എന്നിവര്‍ ഇന്നത്തെ യോഗത്തിനെത്തുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്.