ബിനോയ് കോടിയേരിക്ക് തിരിച്ചടി; ഡി.എന്‍.എ പരിശോധനയ്ക്ക് നാളെ രക്ത സാമ്പിള്‍ നല്‍കണം

മുംബൈ: ബിഹാര്‍ സ്വദേശിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ജാമ്യത്തില്‍ കഴിയുന്ന ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി. രക്തസാമ്പിള്‍ നാളെ നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയായി ഫലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ, ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കണമെന്ന് ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബിനോയ് അതിന് തയ്യാറായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും ‍‍ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാണെന്നും ബിനോയ് വ്യക്തമാക്കി. ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ബിഹാര്‍ സ്വദേശിനിയുടെ പരാതി വ്യാജമാണ് എന്നാണ് ഹര്‍ജിയില്‍ ബിനോയ് പറയുന്നത്. ഡി.എന്‍.എ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ബിനോയിയുടെ ശ്രമമെന്നും ജാമ്യവ്യവസ്ഥയുടെ ലംഘനമാണ് ഇതെന്നും യുവതിയുടെ അഭിഭാഷകന്‍ നേരത്തെ ആരോപിച്ചിരുന്നു. അതിനിടെ, കേസില്‍ ബിനോയ് ഒത്തുതീര്‍പ്പ് നടത്തിയതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. അഞ്ചുകോടി നല്‍കാനാവില്ലെന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. അത്ര പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങള്‍ക്ക് എത്ര നല്‍കാന്‍കഴിയും, അത്ര നല്‍കൂ- എന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. പണം നല്‍കാം, എന്നാല്‍ പേരിനൊപ്പം തന്റെ പേരു ചേര്‍ക്കുന്നത് നിര്‍ത്തണം. തന്നോടുള്ള ബന്ധം അവസാനിപ്പിക്കണം- എന്നും ബിനോയ് പറയുന്നുണ്ട്.