സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിൽ; തുറന്നു സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ‘ദ് റൈസ് ഓഫ് ഫിനാൻസ്: കോസസ്, കോൺസിക്വൻസസ്, ക്യുർ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. രാജ്യത്ത് സാമ്പത്തിക വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി ദിവസങ്ങൾ ഏറെ പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവന. ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന മാന്ദ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ, ഇന്ത്യ യഥാർഥത്തിൽ മാന്ദ്യത്തിലാണോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി. രാജ്യം ഇപ്പോൾ വെല്ലുവിളി നിറഞ്ഞ സമയത്തെ നേരിടുകയാണെന്നായിരുന്നു അവരുടെ പ്രതികരണം. ലോകവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും അഭിമുഖീകരിക്കുന്ന നിലവിലെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ പുസ്തകം സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ ഉപഭോക്തൃ ആവശ്യകതയും സ്വകാര്യ നിക്ഷേപവും മന്ദഗതിയിലായതിനാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂൺ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ഇത് 2019-20ലെ ഇന്ത്യയുടെ ജിഡിപി വളർച്ച വിവിധ ഡിഗ്രി കുറയ്ക്കാൻ പല ആഗോള ഏജൻസികളെയും പ്രേരിപ്പിച്ചു. ക്രിയ സർവകലാശാലയിലെ ഐഎഫ്എംആർ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസ്സിന്റെ മേധാവി വി. അനന്ത നാഗേശ്വരനും ഗ്ലോബൽ ഇന്നൊവേഷൻ ഫണ്ടിലെ സീനിയർ മാനേജിങ് ഡയറക്ടർ ഗുൽസാർ നടരാജനും ചേർന്ന് രചിച്ചതാണ് പുസ്തകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ