സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ്; ആകെ 32 പേർ ചികിത്സയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 32 പേരാണ്. അതില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചത് കേരളത്തിന് പുറത്തു നിന്നുമാണ്.

ചെന്നൈയില്‍ നിന്ന് വന്ന ആറ് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാല് പേര്‍, വിദേശത്ത് നിന്ന് 11, നിസാമുദ്ദീനില്‍ നിന്ന് വന്ന രണ്ട് പേര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്തിന് പുറത്തുനിന്നും രോഗം പിടിപെട്ടവരുടെ കണക്ക്.11 പേർ വിദേശത്തുനിന്നു വന്നവരാണ്.

സമ്പര്‍ക്കത്തിലൂടെ 9 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 6 പേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍നിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേര്‍, സഹ ഡ്രൈവറുടെ മകന്‍, സമ്പര്‍ക്കത്തില്‍വന്ന മറ്റ് 2 പേര്‍ എന്നിവര്‍ക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പര്‍ക്കത്തില്‍ രോഗബാധയുണ്ടായ മൂന്നു പേരും ഗള്‍ഫില്‍നിന്ന് വന്നവരുടെ ഉറ്റവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതിന്റെ തോത് പ്രവചനാതീതമാണ്. കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേരിലേയ്ക്കും കണ്ണൂരില്‍ ഒരാളില്‍നിന്ന് ഒമ്പതു പേരിലേയ്ക്കും വയനാട്ടില്‍ ആറു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ പകര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 70% പേര്‍ക്ക് പുറത്തുനിന്നും 30% പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചിരിക്കുന്നത്.