ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയ വ്യക്തിക്ക് സംരക്ഷണം നല്‍കണമെന്ന് കേന്ദ്രം

ജേക്കബ് തോമസിനെ വിടാതെ കേന്ദ്രസര്‍ക്കാര്‍

വിസില്‍ ബ്ലോവര്‍ ആക്ട് പ്രകാരം പരാതിക്കാരന്‍ സത്യന്‍ നരവൂരിന് സംരക്ഷണം കൊടുക്കണം

ജേക്കബ് തോമസിനെതിരെ സ്വീകരിച്ച നടപടികള്‍ എന്തെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രം

സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം സ്വീകാര്യമല്ല

വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിനെതിരേ പരാതി നല്‍കിയ വ്യക്തിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂരാണ് പരാതിക്കാരന്‍. 2014ലെ വിസില്‍ ബ്ലോവര്‍ പ്രൊട്ടക്ഷന്‍ നിയമ പ്രകാരം ആവശ്യമായ സുരക്ഷ നല്‍കണമെന്നാണ്, ഡിസംബര്‍ 19നു പ്രത്യേക ഓഫിസ് മെമ്മോറാണ്ടം വഴി നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിനു പുറമെ, ജേക്കബ് തോമസിനെതിരായ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി വേതനം പറ്റിയെന്ന ആരോപണത്തില്‍ രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടുന്നത്. നേരത്തെ ജേക്കബ് തോമസിനെതിരായ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. ആരോപണ വിധേയനായ ജേക്കബ് തോമസില്‍നിന്ന് വിശദീകരണം വാങ്ങി അതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ അവസാനിപ്പിച്ചത്. ഇതിനെതിരേ സത്യന്‍ നരവൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍സ നവംബര്‍ ഏഴിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു സര്‍ക്കാര്‍ നല്‍കിയില്ല.

jacob-thomas

സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നിലപാടിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാം റിമൈന്‍ഡര്‍ അയച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍, രേഖകള്‍ തുടങ്ങിയവ അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 19ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി അണ്ടര്‍ സെക്രട്ടറി മുകേഷ് സാഹ്നിയാണ് കത്തയച്ചത്. എന്നാല്‍, ചീഫ് സെക്രട്ടറി ഇനിയും ഇതില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊതുഭരണ വകുപ്പിന്റെ ഉപദേശം തേടിയ ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന്റെ നിലപാട്.

ജേക്കബ് തോമസ് സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ സ്വകാര്യ കോളെജില്‍ പ്രതിഫലം പറ്റി പഠിപ്പിച്ചിരുന്നുവെന്നാണ് പരാതി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഈ പരാതിയില്‍ അന്വേഷണം നടത്തണമെന്നു നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഭരണമാറ്റമുണ്ടായി.

തുടര്‍ന്നു വന്ന ഇടതു സര്‍ക്കാര്‍ പരാതിയില്‍ നടപടി സ്വീകരിച്ചില്ല. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമാണെന്നു വിലയിരുത്തി മേല്‍ നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കുകയായിരുന്നു.

സര്‍ക്കാര്‍ അനുമതിയോടെയാണ് അവധിയെടുത്തതെന്നും ആ കാലയളവില്‍ ശമ്പളം വാങ്ങിയിരുന്നില്ലെന്നും സ്വകാര്യ സ്ഥാപനത്തില്‍ നിന്നു ലഭിച്ച പ്രതിഫലം തിരിച്ചടച്ചുവെന്നുമായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം. പ്രാഥമിക പരിശോധനകള്‍ പോലും നടത്താതെയാണ് സര്‍ക്കാര്‍ ഇത് അംഗീകരിച്ചതെന്നാണ് ആക്ഷേപം. ഇതിനെതിരേ വീണ്ടും പരാതി ഉയര്‍ന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് കേസ് അവസാനിപ്പിക്കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതും അവഗണിക്കപ്പെട്ടു.

ഇതിനിടയില്‍ പരാതി നല്‍കിയ സത്യന്‍ നരവൂരിനു ഭീഷണിയുണ്ടെന്ന പരാതിയും ഉയര്‍ന്നു. ഇതിലും സംസ്ഥാന സര്‍ക്കാര്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് വിസില്‍ ബ്ലോവര്‍ നിയമ പ്രകാരം സംരക്ഷണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചത്. ഈ നിയമം ശക്തമായി നടപ്പാക്കണമന്ന് ആവശ്യപ്പെട്ടതും സംസ്ഥാനത്ത് അതിനുള്ള അവസരത്തിനായി വാദിച്ചതും ജേക്കബ് തോമസ് ആയിരുന്നുവെന്നതാണ് യാദൃച്ഛികത.

കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവല്‌മെന്റ് കോര്‍പ്പറേഷന്‍ മാനെജിങ് ഡയറക്റ്ററായിരിക്കെ നിയമവിരുദ്ധമായി അവധിയെടുത്ത് ടികെഎം മാനെജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ സ്ഥാപനത്തില്‍ 1,65,500 രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഡയറക്റ്ററായി ജോലി ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തുവെന്നാണ് ജേക്കബ് തോമസിനെതിരായ പരാതി.