പുതിയ വായ്പാ പദ്ധതികളുമായി ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ‘സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കൾക്ക് ആറുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷംരൂപ വരെ വായ്പ അനുവദിക്കും.

മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികൾക്കായി, അഞ്ചുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് പ്രതിസന്ധിമൂലം വരുമാനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് പുതിയ സ്വയംതൊഴിൽ കണ്ടെത്താനും നിലവിൽ സ്വയംതൊഴിൽ ചെയ്യുന്നവർക്ക ്കച്ചവടം വിപുലീകരിക്കുന്നതിനുമായി അഞ്ചുശതമാനം പലിശനിരക്കിൽ അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

ഇതിനുപുറമേ, നിലവിലുള്ള വായ്പാ പദ്ധതികളുടെ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. എൻ.എം.ഡി.എഫ്.സി വഴി നടപ്പാക്കുന്ന ക്രെഡിറ്റ് ലൈൻ 1 ആൻറ് 2 വിദേശപഠനത്തിന് അനുവദിക്കുന്ന വിദ്യാഭ്യാസവായ്പാ തുക 20 ലക്ഷത്തിൽ നിന്നും 30 ലക്ഷമാക്കി ഉയർത്തി. ഒരുവർഷം നൽകാവുന്ന പരമാവധി വായ്പ തുക ആറുലക്ഷം രൂപയാണ്. കെ.എസ്.എം.ഡി.എഫ്.സി ഫണ്ട് ഉപയോഗിച്ച് നൽകിവരുന്ന സ്വയംതൊഴിൽ, ബിസിനസ് വിപുലീകരണ വായ്പ എന്നിവയ്ക്ക് സംയുക്ത അപേക്ഷകരുടെ സംരംഭങ്ങൾക്കും വായ്പ അനുവദിക്കും.

പ്രവാസി/വിസലോണിന്റെ വരുമാനപരിധി എല്ലാ മേഖലകളിലുള്ളവർക്കും(നഗരം/ഗ്രാമം) ആറു ലക്ഷമാക്കി വർധിപ്പിച്ച് പുതുക്കി നിശ്ചയിച്ചു.
ഭവന വായ്പാ പദ്ധതി എപ്പോഴും അപേക്ഷിക്കാവുന്ന രീതിയിലേക്ക് മാറ്റുകയും പലിശ നിരക്ക് എട്ടു ശതമാനത്തിൽ നിന്നും ആറു ശതമാനമാക്കി കുറച്ചിട്ടുണ്ട്.
താഴ്ന്ന വരുമാനമുള്ള ഗവൺമെന്റ് ഉദ്ദ്യോഗസ്ഥർക്ക് വിവിധോദ്ദേശവായ്പയുടെ വരുമാന പരിധി ആറു ലക്ഷംരൂപയാക്കി പുതുക്കി നിശ്ചയിച്ചു.പാരന്റ് പ്ലസ് സ്‌കീം പ്രകാരം വിദ്യാഭ്യാസവായ്പാ തുക പരിധി 10 ലക്ഷത്തിൽ നിന്നും 15 ലക്ഷമാക്കി പുതുക്കി.അപേക്ഷകൾ www.ksmdfc.org എന്ന വെബ്സൈറ്റിൽ നിന്നുംഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ റീജിയണൽ ഓഫീസിൽ എത്തിക്കണം.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകർ തിരുവനന്തപുരം റീജിയണൽ ഓഫീസിൽ അപേക്ഷകൾ എത്തിക്കണം.കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്, റീജീയണൽ ഓഫീസ്, സെക്കൻറ് ഫ്ളോർ, സമസ്ത ജൂബിലി ബിൽഡിംഗ്സ്, മേലേ തമ്പാനൂർ, തിരുവനന്തപുരം 695001. ഫോൺ: 04712324232, 9656360334 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.