എടിഎമ്മില്‍നിന്ന് സൗജന്യമായി പണം പിൻവലിക്കൽ പരിധി അഞ്ചിൽ നിന്ന് മൂന്നായി കുറച്ചേക്കും 

പ്രതിമാസം  എടിഎമ്മുകളിൽ നിന്ന്  സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ പരിധി മൂന്ന് തവണയാക്കി  വെട്ടിക്കുറച്ചേക്കും. അടുത്തമാസം നടക്കേണ്ട ബജറ്റിനു മുമ്പായി  കേന്ദ്ര ധനമന്ത്രാലയവുമായി ബാങ്കുകള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ച ആവശ്യമാണിത്. സ‌ർക്കാരിൻ്റെ  ഡിജിറ്റൽ പണമിടപാട് വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ബാങ്കുകളുടെ നിർദ്ദേശം നടപ്പിലാകാനാണ് സാധ്യത.

നിലവില്‍  അഞ്ച് ഇടപാടുകളാണ് പ്രതിമാസം സൗജന്യമായുള്ളത്. അതില്‍കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഓരോതവണ 20 രൂപയും സര്‍വീസ് ടാക്‌സും പിടിക്കും. നോട്ട് നിരോധനത്തെ തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്ന ഇളവ് എല്ലാ ബാങ്കുകളും നേരത്തെ തന്നെ പിൻവലിച്ചിരുന്നു .

മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ മൂന്ന് പ്രാവിശ്യം മാത്രമെ  സൗജന്യമായി പണം പിന്‍വലിക്കാനാകൂ.  ഇത് ഏകീകരിച്ച്  ഗ്രാമങ്ങളിലും നടപ്പിലാക്കണം എന്നാണ് ബാങ്കുകൾ ആവശ്യപ്പെടുന്നത്