ടിം ഗ്ലാഡ്‌സൺ: നിരുപാധികമായ ആൽമസമർപ്പണത്തോടെ പെർമെനെന്റ് ഡീക്കൻ പദവി സ്വീകരിക്കുന്ന മലയാളി ഇന്ത്യക്കാരൻ

അമേരിക്കൻ കത്തോലിക്കാ സഭയിൽ മിക്കവാറും ചരിത്രം കുറിച്ചുകൊണ്ട് ഒരു മലയാളി ഡീക്കനായി സ്ഥാനാരോഹണം ചെയ്യപ്പെടുന്നു. അഞ്ചു വര്ഷം നീണ്ട പഠനത്തിനും പരിശീലനത്തിനും ധ്യാനത്തിനും ശേഷം ടിം ഗ്ലാഡ്സണെ ബ്രൂക്ലിൻ രൂപതാ ബിഷപ്പ് റോബർട്ട് ബ്രെന്നൻ പെർമെനെന്റ് ഡീക്കൻ ആയി ഓർഡെയ്ൻ ചെയ്യും. അതോടെ ന്യൂ യോർക്ക് ക്വീൻസിലെ ഫ്ലോറൽ പാർക്ക് നിവാസി ഗ്ലാഡ്‌സൺ, പോപ്പ് ഫ്രാൻസീസിന്റെ ഭാഷയിൽ “സഭാ സേവനങ്ങളുടെ കാവൽക്കാരൻ” ആകും. അമേരിക്കയിലെ പാശ്ചാത്യ സഭയിൽ മറ്റേതെങ്കിലും ഇന്ത്യൻ വംശജനായ പെര്മനെന്റ് ഡീക്കനുള്ളതായി ലഭ്യമായ റെക്കോര്ഡുകളിൽ ഇല്ല. അങ്ങനെയെങ്കിൽ ഗ്ലാഡ്‌സൺ അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ പെര്മനെന്റ് ഡീക്കനായി ചരിത്രം കുറിക്കും.
വൈദികരും ബിഷപ്പുമാരും ചേർന്ന വൈദികസംഘത്തിലെ അംഗങ്ങളാണ് പെര്മനെന്റ് ഡീക്കൻമാർ. മാമ്മോദീസ, വിവാഹം, ശവസംസ്കാര കർമ്മങ്ങൾ, വിശുദ്ധ കുർബാനയുടെ വിതരണം, സുവിശേഷ പ്രഘോഷണം, രോഗശാന്തിക്കു വേണ്ടിയുള്ള പ്രാർത്ഥന, മതബോധനം, കുടുംബങ്ങളിലും ആശുപത്രികളിലും നഴ്സിംഗ് ഹോമിലും ആതുരസന്ദര്ശനം ദിവ്യബലിക്ക് വൈദികനെ സഹായിക്കുക തുടങ്ങിയ കാർമ്മീക കടമകളും രൂപതാ ബിഷപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ചുള്ള മറ്റു സേവനങ്ങളുമാണ് പെര്മനെന്റ് ഡീക്കന്റെ സാധാരണ ഉത്തരവാദിത്വങ്ങളിലുള്ളത്. ഈ സേവനങ്ങൾക്ക് സാമ്പത്തികമോ മറ്റു ഭൗതീകമോ ആയ പ്രതിഫലമില്ലായെന്നത് പെര്മനെന്റ് ഡീക്കന്മാരുടെ സമർപ്പണമനോഭാവത്തെ സവിശേഷമാക്കുന്നു.
ഓർഡിനേഷന് തയ്യാറാകുന്ന പെര്മനെന്റ് ഡീക്കനെ കാണാൻ ചെന്ന എന്നെ ഗ്ലാഡ്സണും ഭാര്യ ഷീബയും ചേർന്നാണ് സ്വീകരിച്ചത്. വെൽസ് ഫാർഗോ അഡ്‌വൈസേഴ്‌സിന്റെ സീനിയർ വൈസ് പ്രെസിഡന്റെന്ന നിലയിൽ ജോലിത്തിരക്കുണ്ട്. ഭാര്യ ഷീബ ന്യൂ യോർക്ക് സിറ്റി ഡിസൈൻ ആൻഡ് കൺസ്ട്രക്ഷനിൽ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ഡിസൈൻ ഡയറക്റ്ററാണ്. മകൻ കോർവിൻ ഫെഡറൽ ഗവൺമെന്റിൽ അനലിസ്റ്റും മകൾ ക്രിസ്ൽ ഫെഡറൽ ഗവൺമെന്റിൽ ഓഡിറ്ററുമായി ഓരോ നിലയിൽ ആയിക്കഴിഞ്ഞു. സഭയ്ക്കുവേണ്ടി, ദൈവത്തിനു വേണ്ടി സമയം കണ്ടെത്തുക ആല്മീയ സന്തോഷം തരുന്ന കാര്യമാണ്. സ്നേഹമയിയായ ഭാര്യയുടെയും മകന്റെയും മകളുടെയും നിരുപാധിക പിന്തുണയുള്ളപ്പോൾ എല്ലാം സാധ്യമാണ് – ഗ്ലാഡ്‌സൺ പുഞ്ചിരിക്കുന്ന ഭാര്യയെ തൊട്ടുകൊണ്ടു പറഞ്ഞു. ആല്മാർത്ഥമായ ഭക്തിയും ആല്മീയതയും ദൈനം ദിന ജീവിതത്തിൽ പ്രതിഫലിപ്പിച്ച മാതാപിതാക്കന്മാരുടെ പോഷണം സ്വാഭാവികമായും തന്റെ വളർച്ചയുടെ ഭാഗമായിരുന്നുവെന്നു മുമ്പായിൽ വളർന്നു. അമേരിക്കയിലെ ആദ്യകാല മലയാളികളിൽ ഒരാളായ അമ്മാവൻ ഫാദർ ജോസെഫ് കോയിപ്പറമ്പിലും ആല്മീയജീവിതത്തിൽ തന്റെ ഭാഗമായിരുന്നു. ഭാഗ്യവശാൽ അതേ പോലുള്ള ഒരു കുടുംബത്തിൽ നിന്നുള്ള ഒരു സഹധർമ്മിണിയും. ”ദൈവത്തിന്റെ സാന്നിധ്യം ബാല്യം മുതൽ ഞാൻ മാനസികമായി അനുഭവിച്ചിരുന്നു. സർവ്വമതസ്ഥരും ഒരുമിച്ചു ചേരുന്ന മുമ്പായി മാഹിം പള്ളിയിലെ നൊവേനയും എൺപതുകളിൽ കേരളത്തിൽ വളർന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും വളരെ സ്വാധീനിച്ചിട്ടുണ്ട്.”
റോസ് – ജോസഫ് ചെറിയപറമ്പിൽ ദമ്പതികളുടെ മകനായി കേരളത്തിൽ ആലപ്പുഴയിൽ ജനിച്ചു ബോംബെയിൽ വളർന്ന ഗ്ലാഡ്‌സൺ ചെറുപ്പത്തിൽ തന്നെ മുമ്പായിൽ ചെമ്പൂരിലെ ഇടവകയിലും രൂപതയിലും സജീവമായിരുന്നു. ആൾട്ടർ സെർവർ, യൂത്ത് ഗ്രൂപ് ലീഡർ, കൊയെർ മെമ്പർ, റിലീജിയസ് എജുക്കേഷൻ ടീച്ചർ/ സൂപ്പർവൈസർ എന്നിവ ഗ്ലാഡ്‌സൺ ചെറുപ്പത്തിൽ കടന്നുവന്ന നാഴികക്കല്ലുകൾ ആണ്. ഇരുപത്തിയെട്ടാം വയസ്സിൽ മൂവായിരത്തിലധികം കുടുംബങ്ങളുടെ ശക്തിയുള്ള ഇടവകയെ ബോംബെ അതിരൂപതയുടെ പാസ്റ്ററൽ കൗൺസിലിൽ പ്രതിനിധീകരിച്ചിരുന്നു. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ബി.എ യും എം ബി എ യും യൂണിവേഴ്സിറ്റി ഓഫ് കുവൈറ്റിൽ നിന്നും കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്നും സെര്ടിഫിക്കറ്റുകളും അക്കാദമിക് ബിരുദങ്ങളായി നേടിയിട്ടുണ്ട്. ന്യൂ യോർക്കിൽ എത്തിയശേഷം നടത്തിയ കമ്മ്യൂണിറ്റി സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് ബ്രൂക്ലിൻ രൂപത ഗ്ലാഡ്സനെ ‘ഷൈനിങ് സ്റ്റാർ’ ആയി ബഹുമാനിച്ചിരുന്നു.
1995-ൽ അമേരിക്കയിൽ കുടിയേറിയശേഷവും ആതിഥേയത്വം നൽകിയ ന്യൂ യോർക്ക് ഫ്ലോറൽ പാർക്ക് ഔവർ ലേഡി ഓഫ് സ്‌നോസ് പള്ളിയിൽ പ്രഭാത കുർബാനയിൽ നിത്യ പങ്കാളിയായിരുന്നു; പിന്നീട് യൂക്കാറിസ്റ്റിക് മിനിസ്റ്ററും ഞായറാഴ്ചകുര്ബാനയിൽ വായനക്കാരനുമായി. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് പള്ളി പാസ്റ്റർ മോൺസിഞ്ഞോർ റെയ്‌മോൻഡ് ചപ്പേറ്റോ (ഇപ്പോഴത്തെ ബിഷപ് ചപ്പേറ്റോ) ഡീക്കനാകുന്നതിനെക്കുറിച്ചു ചിന്തിക്കാമോയെന്ന ആശയം ഉന്നയിച്ചിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളും അമേരിക്കയിൽ ജീവിതം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും കുടുംബനാഥനെന്ന നിലയിൽ അന്ന് മുൻതൂക്കമെടുത്തു. മക്കൾ രണ്ടുപേരും ലക്ഷ്യമിട്ടപോലെ പഠിച്ചു; സ്വന്തം ഭാവിയിലേക്കുള്ള വഴികളിൽ ആയപ്പോൾ വീണ്ടും ദൈവവിളി കേട്ടു. ഭാര്യയോടൊപ്പം ഇപ്പോളത്തെ പാസ്റ്റർ ഫാദർ കെവിൻ മക്ബ്രയനെ കണ്ടു. ഡീക്കൻ ആകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഇൻഫോർമേഷൻ സെഷൻ കഴിഞ്ഞിരുന്നുവെങ്കിലും ഒരു പ്രത്യേക കൗൺസിലറുമായി അദ്ദേഹം മീറ്റിംഗ് ഒരുക്കി.
സൈക്കോളജിസ്റ്റും മറ്റു പണ്ഡിതന്മാരുമടങ്ങിയ പാനലുമായുള്ള അഭിമുഖത്തിനും വിലയിരുത്തലിനും ശേഷമാണ് പഠിക്കാൻ അനുമതിയും പ്രവേശനവും ലഭിച്ചത്. രണ്ടുവർഷം ഭാര്യയും കൂടെ ക്‌ളാസിൽ പോകണമായിരുന്നു. ഡീക്കൻ സേവനത്തിനു ഭാര്യയുടെ സമ്പൂർണ്ണ സമ്മതമില്ലെങ്കിൽ അതിൽ നിന്ന് പിന്മാറണമെന്നായിരുന്നായിരുന്നു പ്രതീക്ഷ. അതിനുള്ള സങ്കീർണ്ണതയിലേക്ക് ഉൾക്കാഴ്ച കൊടുക്കുകയെന്നതായിരുന്നു ഭാര്യ കൂടെ ക്‌ളാസ്സിൽ വേണം എന്ന ആവശ്യത്തിനു പിന്നിൽ. അഞ്ചുവർഷം നീണ്ട ഡീക്കൻ ഫോർമേഷൻ പ്രോഗ്രാമിൽ തീയോളജിയുടെ വിവിധ ശാഖകൾ, ഫിലോസഫി, സഭാശാസ്ത്രം, പുതിയ നിയമം, പഴയ നിയമം, മോറൽ തിയോളജി എന്നിവ അടങ്ങുന്നു. ആറു മാസത്തിലൊരിക്കൽ ഡീക്കൻ ആകാനുള്ള പ്രതിബദ്ധതയെ വിലയിരുത്തും. ശനിയാഴ്ചകളിൽ ക്‌ളാസ് വിദ്യാഭ്യാസത്തെക്കാൾ കൂടുതൽ പരിശീലനമായിരുന്നു. രൂപതയിൽ നടക്കുന്ന പല ചടങ്ങുകളിൽ പങ്കെടുത്തപ്പോൾ ക്രിസ്ത്യാനിറ്റിയുടെ മഹത്വത്തെക്കുറിച്ചു കൂടുതൽ കൂടുതൽ ഉൾക്കാഴ്ച നൽകുകയായിരുന്നു – ഗ്ലാഡ്‌സൺ പ്രതിഫലനം നടത്തി.
നീതിയും ദാനവുമെന്ന മൗലികത ഉൾക്കൊണ്ടുകൊണ്ട് നീതിക്കും ദാനത്തിനും വേണ്ടി മറ്റുള്ളവരുടെ പാദങ്ങൾ കഴുകിയ ക്രിസ്തുവിന്റെ പിന്തുടർച്ചക്കാരാണ് പെര്മനെന്റ് ഡീക്കൻ ഗ്ലാഡ്‌സൺ ആല്മാര്തമായ പുഞ്ചിരിയോടെ പറഞ്ഞു. ബൈബിളിൽ ആക്ട്സ് ഓഫ് അപ്പൊസ്‌റ്റെൽസ് ഡീക്കന്മാരെ കുറിച്ച് പറയുന്നുണ്ട്. ക്രിസ്തുമതത്തിന്റെ ആദ്യകാല വളർച്ചസമയത്ത് ദാനധർമ്മ പ്രവൃത്തികൾക്കായി തെരഞ്ഞെടുത്ത ഏഴുപേർ ആണ് ആദ്യത്തെ ഡീക്കന്മാർ എന്നാണ് നിഗമനം. ക്രിസ്തുപ്രഘോഷണം നടത്തിയതിന്റെ പേരിൽ കല്ലേറു കൊണ്ടു രക്തസാക്ഷിത്വം വഹിച്ച സെയ്ന്റ് സ്റ്റീഫൻ ആ ഏഴുപേരിൽ ഒരാൾ ആയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നിർദ്ദേശമനുസരിച് പോൾ ആറാമൻ മാർപ്പാപ്പ ആയിരുന്നു ഡീക്കനെറ്റിനെ കാനോനിക്കൽ മാനദണ്ഡങ്ങൾ സ്ഥാപിച്ചു സഭയുടെ പെർമെനെന്റ് ഡിയകോണെറ്റ് മിനിസ്ട്രി ആക്കി പുനഃസ്ഥാപിച്ചത്. തുടർന്ന് ന്യൂ യോർക്ക് റോചെസ്റ്ററിൽ കത്തോലിക്കാ മതം സ്വീകരിച്ച മൈക്കിൾ കോൾ എന്ന ഒരു ആംഗ്ലിക്കൻ വൈദികനെ 1969-ൽ അമേരിക്കയിലെ ആദ്യത്തെ ഡീക്കനാക്കി ഓർഡേയ്ൻ ചെയ്തു.
വൈദികരുടെ ചുരുക്കം കാരണം കമ്മ്യൂണിറ്റികൾക്കാവശ്യമായ മതപരമായ ആല്മീയസേവനം നൽകാൻ വിഷമിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് അമേരിക്കയിലെ കത്തോലിക്കാ സഭയിൽ. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ അമേരിക്കയിലെ കത്തോലിക്കാ പുരോഹിതന്മാരുടെ എണ്ണം പകുതിയിലേറെ കുറഞ്ഞതായി ജോർജ് ടൌൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ റിപ്പോർട്ടിൽ പറയുന്നു. നിസ്വാര്ഥത സേവനസന്നദ്ധതയുമായി പഠിച്ചു ഓർഡേയ്ൻ ചെയ്യപ്പെടുന്ന ഗ്ലാഡ്‌സണെ പോലുള്ള പെര്മനെന്റ് ഡീക്കന്മാർ ഏറ്റെടുക്കുന്ന അധികാരവും ഉത്തരവാദിത്വവും അവർ നൽകുന്ന സേവനവും സഭയ്ക്കും അനേകമനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും മാനസികവും ആല്മീയവുമായ ആശ്വാസമാണ്. അതാത് രൂപതകളിൽ ബിഷപ്പായിരിക്കും ആ രൂപതയിലെ ഡീക്കന്മാര്ക്കുള്ള അധികാരവും ഉത്തരവാദിത്വവും നിശ്ചയിക്കുക. അമേരിക്കയിൽ വളർന്നു കൊണ്ടിരിക്കുന്ന കത്തോലിക്കാ സഭയുടെ പോഷണത്തിന് വർധിച്ചു കൊണ്ടിരിക്കുന്ന പെര്മനെന്റ് ഡീക്കന്മാർ വളരെ സഹായിക്കുന്നുണ്ട്.
ന്യൂ യോർക്ക് ബ്റൂക്ലിൻ സെയ്ന്റ് ജോസെഫ്സ് കോ-കത്രീഡലിൽ മെയ് ഇരുപത്തി ഏഴാം തിയതി ബിഷപ്പ് റോബർട്ട് ബ്രെന്നൻ ഗ്ലാഡ്‌സണെയും രൂപതയിലെ മറ്റു മറ്റു പത്തൊമ്പതു പേരെയും പെര്മനെന്റ് ഡീക്കന്മാരായി ഉയർത്തും. മുപ്പത്തിരണ്ട് അതിരൂപതകളടക്കം നൂറ്റിഎഴുപത്തിയാറ് ലത്തീൻ റീത്ത് രൂപതാകളും പതിനെട്ടു പാശ്ചാത്യ സഭാ രൂപതകളുമാണ് അമേരിക്കയിൽ കത്തോലിക്കാ സഭയിലുള്ളത്. ലഭ്യമായ ഉറവിടങ്ങൾ വഴി അന്വേഷിച്ചെങ്കിലും ഇന്ത്യക്കാരായ മറ്റു പെര്മനെന്റ് ഡീക്കന്മാർ ആരെങ്കിലും അമേരിക്കയിലെ രൂപതകളിൽ ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ ടിം ഗ്ലാഡ്‌സൺ ആയിരിക്കാം അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ പെര്മനെന്റ് ഡീക്കനെന്നു ഈ ലേഖകൻ അനുമാനിക്കുകയാണ്.
Paul D Panakal