അരനൂറ്റാണ്ട് അരലക്ഷത്തിലേറെ ഗാനങ്ങള്‍: നാദവിസ്മയമായി ദാസേട്ടന്‍

55 വര്‍ഷം മുമ്പ് ഒന്നും അനായാസമായിരുന്നില്ല ആ യുവാവിന്. ദാരിദ്ര്യം, പട്ടിണി, നിരുല്‍സാഹപ്പെടുത്തുന്ന രീതിയിലുള്ള എതിര്‍പ്പുകള്‍. പക്ഷേ, നിശ്ചയദാര്‍ഢ്യം മാത്രം കൈമുതലായുള്ള ആ യുവാവ്, ടാക്‌സി, ഡ്രൈവര്‍ മത്തായിച്ചേട്ടന്‍ നല്‍കിയ 16 രൂപയുമായി മദ്രാസിലെ മൈലാപൂരിലേക്ക് തീവണ്ടി കയറി. അന്ന് കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന ആ യുവാവ് ചിന്തിച്ചിട്ടുണ്ടാവില്ല. മലയാളി മരിക്കുവോളം അനശ്വരമാവുന്ന മഹത്തായ ഒരു സംഗീത നിര്‍വഹണത്തിന്റെ തീര്‍ത്ഥാടനമായിരിക്കും അതെന്ന്.

കേരളവും തമിഴ്‌നാടും കൈകോര്‍ത്തപ്പോള്‍ ആ തീര്‍ത്ഥാടനത്തിന് ലഭിച്ച അംഗീകാരങ്ങളിലൊന്നാണ് ഇത്തവണത്തെ പത്മവിഭൂഷന്‍ പുരസ്‌കാരം. പത്മവിഭൂഷണിനായി ഇരു സംസ്ഥാനങ്ങളും ഒരുപോലെ കേന്ദ്രത്തോട് യേശുദാസിന്റെ പേരു ശുപാര്‍ശ ചെയ്യുകയായിരുന്നു. ചെറുപ്പത്തിലേ അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ചു കഴിഞ്ഞിരുന്ന ആ യുവാവ് പിന്നീട് സംഗീത സാഗരങ്ങളെ പാടിയുണര്‍ത്തി പാട്ടിന്റെ പാലാഴി തീര്‍ത്തി ചലച്ചിത്ര സംഗീതത്തിന്റെ കനകസിംഹാസനത്തില്‍ ചിര പ്രതിഷ്ഠ നേടി. അങ്ങനെ കസ്തൂരി മണക്കുന്ന പാട്ടുകളിലൂടെ മലയാളിയുടെ ഗാനഗന്ധര്‍വ്വനായി മാറി. 55 വര്‍ഷം പിന്നിട്ട സംഗീത ജീവിതം എത്ര പാട്ടു പാടിയെന്ന് ആര്‍ക്കും നിശ്ചയമില്ല.

1968-ല്‍ മുംബൈ ഷണ്‍മുഖാനന്ദ ഹാൡ യേശുദാസിന്റെ കച്ചേരി കേള്‍ക്കാന്‍ എത്തിയവരില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരും ഉണ്ടായിരുന്നു. കച്ചേരി കഴിഞ്ഞയുടന്‍ വേദിയിലെത്തിയ ചെമ്പൈ, കാഞ്ചി പരമാചാര്യര്‍ തനിക്കു സമ്മാനിച്ച പൊന്നാട യേശുദാസിനെ അണിയിച്ചു. ശിഷ്യനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചയുടന്‍ വേദിയില്‍ ആ പ്രഖ്യാപനവും നടത്തിയാണ് ചെമ്പൈ മടങ്ങിയത്. പിന്നീട് നിരവധി വേദികളില്‍ ചെമ്പൈയ്‌ക്കൊപ്പം യേശുദാസ് കീര്‍ത്തനങ്ങള്‍ ആലപിച്ചു.

ഒരു ദിവസം പല ഭാഷകളില്‍ 11 പാട്ട് പാടിയ അപൂര്‍വതവരെയുണ്ടതില്‍. എങ്കിലും 50,000-ത്തിലേറെ ഗാനങ്ങള്‍ എന്നൊരു കണക്കുണ്ട് കടല്‍ കടന്ന് അറബിയിലും ലാറ്റിനിലും ഇംഗ്ലീഷിലും എന്തിനേറെ. റഷ്യന്‍ ഭാഷയില്‍ വരെ ദാസേട്ടന്‍ പാടി. വയലാര്‍-ദേവരാജന്‍ ടീമില്‍ ഉടലെടുത്ത പാട്ടുകള്‍ക്ക് ജീവനേകാന്‍ ദാസേട്ടന്റെ ശബ്ദമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളൂ. എം.എസ്. ബാബുരാജ്, എം.കെ. അര്‍ജ്ജുനന്‍, ദക്ഷിണാമൂര്‍ത്തി, എ.ടി.ഉമ്മര്‍, രവി ബോംബെ, ശ്യാം, ജെറി അമല്‍ദേവ്, ജോണ്‍സണ്‍, കൈതപ്രം, എം.ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങി പുതുതലമുറയിലെ ജാസി ഗിഫ്റ്റ് വരെയുള്ള എണ്ണമറ്റ സംഗീത സംവിധായകര്‍ ആ ശബ്ദത്തിന്റെ സാധ്യതകള്‍ കൊണ്ട് മലയാളികളുടെ കാതുകള്‍ക്കു വിരുന്നൂട്ടി.

1961 നവംബര്‍ പതിനാലിനാണ് യേശുദാസ് ആദ്യമായി ചലച്ചിത്രഗാനം ആലപിക്കുന്നത്. മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ വച്ച് കെ.എസ്. ആന്റണിയുടെ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലായിരുന്നു അത്. ആദ്യ ഗാനം തന്നെ ആസ്വാദക ഹൃദയത്തിലെ ചിറകുകള്‍ തകര്‍ത്തു.

ജാതിഭേദം മതദ്വേഷം… എന്ന ഗാനമായിരുന്നു അത്. ഇപ്പോള്‍ ഏഴു പതിറ്റാണ്ട് പിന്നിട്ടു. നിലയ്ക്കാത്ത നാദമായി ആ ഗാനഗന്ധര്‍വ്വന്‍ നമുക്കൊപ്പം യാത്ര തുടരുകയാണ്.

ഫോര്‍ട്ട്‌കൊച്ചിയില്‍ 1940 ജനുവരി 10-ന് അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ് ജനനം. ഭാര്യ: പ്രഭ, മക്കള്‍: വിനോദ്, വിജയ്, വിശാല്‍. സംഗീതത്തില്‍ ആദ്യ ഗുരു പിതാവാണ്.

1958-ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വായ്പ്പാട്ടിന് ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിക്ക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളേജ് എന്നിവിടങ്ങില്‍ നിന്നു സംഗീതപഠനം. 25 തവണ മികച്ച ഗായകനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ്, തമിഴ്‌നാട് എട്ടുതവണയും കര്‍ണാടകം അഞ്ചു തവണയും ആന്ധ്രപ്രദേശ് ആറു തവണയും മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം നല്‍കി യേശുദാസിനെ ആദരിച്ചു.

സംഗീതത്തിനും സമാധാനത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് 1999-ല്‍ യുനെസ്‌കോയുടെ പുരസ്‌കാരവും ഗാനഗന്ധര്‍വ്വനെത്തേടിയെത്തി. അണ്ണാമലൈ, കേരള, മഹാത്മാഗാന്ധി സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റും ലഭിച്ചു. അനാര്‍ക്കലി, കാവ്യമേള, കായംകുളം കൊച്ചുണ്ണി, അച്ചാണി, നിറകുടം, നന്ദനം, ബോയ്ഫ്രണ്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കലൈമാമണി പുരസ്‌കാരം, ലതാമങ്കേഷ്‌കര്‍ പുരസ്‌കാരം, മദര്‍ തെരേസയില്‍ നിന്ന് നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, ജെ.സി. ഡാനിയേല്‍ പുരസ്‌കാരം തുടങ്ങിയ ബഹുമതികളും യേശുദാസിനെ തേടിയെത്തി.