നോട്ട് ക്ഷാമം: കച്ചവടം പൊളിയുന്നു; തൊഴിലാളികള്‍ പട്ടിണിയില്‍; വ്യാപാര മേഖല സ്തംഭനത്തിലേക്ക്

കോഴിക്കോട്‌: 500, 100 രൂപയുടെ കറൻസി നോട്ടുകൾ ഒറ്റയടിക്ക്‌ പിൻവലിച്ചതുമൂലം വ്യാപാരരംഗത്തെ പ്രതിസന്ധി കൂടുതൽ ഗുരുതരമാവുന്നു. പ്രഖ്യാപനം വന്ന നവംബർ എട്ടിന്‌ ശേഷം വ്യാപാരരംഗത്ത്‌ പ്രതിദിനം 65 ശതമാനത്തോളം കമ്മി അനുഭവപ്പെടുന്നതായി വ്യാപാരികൾ പറഞ്ഞു. വളരെ കുറച്ചുപേർ മാത്രമാണ്‌ ഇപ്പോൾ കടകളിലേക്ക്‌ എത്തുന്നത്‌. 500, 1000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാൻ അനുവാദമില്ലാത്തതിനാൽ വന്ന ഉപഭോക്താക്കളെ പോലും മടക്കിഅയക്കേണ്ട അവസ്ഥയിലാണ്‌ വ്യാപാരികൾ. ബാങ്കിൽ നിന്നും കിട്ടിയ 2000 രൂപയുടെ നോട്ടുമായി വരുന്നവർക്ക്‌ ചില്ലറ കൊടുക്കാനും കഴിയുന്നില്ല.
രാജ്യത്ത്‌ ജനങ്ങൾ വിനിമയം ചെയ്തിരുന്ന 86 ശതമാനം നോട്ടുകളാണ്‌ കേന്ദ്രസർക്കാർ ഒറ്റയടിക്ക്‌ അസാധുവാക്കിയത്‌. ഇതുമൂലം പല വ്യാപാര സ്ഥാപനങ്ങളും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണെന്ന്‌ വ്യാപാരികൾ പറയുന്നു. ബാങ്കുകളിൽ പണം നിക്ഷേപിക്കാനോ പിൻവലിക്കാനോ കഴിയാത്ത സ്ഥിതിയാണ്‌. ഉൽപ്പന്നങ്ങൾ വ്യാപാരസ്ഥാപനങ്ങളിൽ കിടന്ന്‌ നശിക്കുകയാണ്‌. പണം കൊടുക്കാൻ കഴിയാത്തതു മൂലം സ്റ്റോക്കെടുക്കാനും വ്യാപാരികൾ മടിക്കുന്നു. അതിനാൽ മൊത്തക്കച്ചവട രംഗത്തും മാന്ദ്യം തുടരുകയാണ്‌. ഭക്ഷണമൊരുക്കേണ്ട സാധനങ്ങളൊഴിച്ചുള്ളവയൊന്നും വാങ്ങാൻ ആളുകൾ എത്തുന്നില്ല എന്ന സ്ഥിതിയാണിപ്പോൾ. ഇതുമൂലം തുണിക്കടകൾ, സ്റ്റേഷനറികൾ, ഫാൻസി കടകൾ, ബേക്കറികൾ, ചെറുതും വലുതുമായ ജ്വല്ലറികൾ, ഇലക്ട്രിക്‌, കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലെല്ലാം സാധനങ്ങൾ വാങ്ങാൻ തീരെ ആളില്ലാത്ത സ്ഥിതിയാണ്‌. ഒരു ദിവസം മുഴുവൻ ബാങ്കിന്റെയോ എ ടി എമ്മിന്റെയോ മുമ്പിൽ കാത്തുനിന്നാലാണ്‌ 2000 രൂപയെങ്കിലും കിട്ടുക. ആ തുക ഭക്ഷണസാധനങ്ങൾക്കും മറ്റ്‌ അത്യാവശ്യച്ചിലവുകൾക്കുമായി നീക്കിവെച്ചിരിക്കുകയാണ്‌ ആളുകൾ.
കച്ചവടം കുറഞ്ഞതിനാൽ കടകൾ ഇപ്പോൾ നേരത്തെ അടയ്ക്കുന്ന സ്ഥിതിയാണ്‌. രാത്രി 10 മണി വരെ പ്രവർത്തിച്ചിരുന്ന ഷോപ്പുകളാണ്‌ ഇപ്പോൾ വൈകീട്ട്‌ ആറുമണിയോടെ തന്നെ അടയ്ക്കുന്നത്‌. വാടക കൊടുക്കാൻ പോലും പണം തികയാത്ത സ്ഥിതിയിലാണ്‌ വ്യാപാരികൾ. വ്യാപാരമാന്ദ്യം ഇത്തരത്തിൽ തുടർന്നാൽ ഷോപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും പിരിച്ചുവിടലിന്‌ ഇരയാകും. ഒരാളെ പിരിച്ചുവിട്ടാൽ പിന്നീട്‌ അതുപോലെ മറ്റൊരാളെ പകരം കിട്ടാൻ പ്രയാസമുള്ളതിനാൽ മാത്രമാണ്‌ ഷോപ്പുകളിൽ തൊഴിലാളികളെ പറഞ്ഞുവിടാൻ മടിയ്ക്കുന്നത്‌. നിത്യേന കൂലി വാങ്ങുന്നവരോ ആഴ്ചയിലൊരിക്കൽ വാങ്ങുന്നവരോ മാസത്തിലൊരിക്കൽ വാങ്ങുന്നവരോ ആണ്‌ ഷോപ്പ്‌ തൊഴിലാളികൾ. ഇവർക്ക്‌ ആർക്കും കൃത്യമായി വേതനം കൊടുക്കാൻ കഴിയുന്നില്ല. 2000 രൂപ കൊടുത്താൽ ആരും വാങ്ങുന്നുമില്ല എന്ന സ്ഥിതിയാണ്‌. ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ ട്രാൻസ്ഫർ ചെയ്യാമെന്നു വെച്ചാൽ എല്ലാവരും അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരുമല്ല. അതിനാൽ പലപ്പോഴായി ഉടമയിൽ നിന്നും അത്യാവശ്യത്തിനുള്ള പണം മാത്രം വാങ്ങിയാണ്‌ ഇപ്പോൾ ഈ തൊഴിലാളികൾ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നത്‌.
അതിനിടെ, ഹോട്ടലുകളിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കൽ തുടങ്ങിയിട്ടുണ്ട്‌ എന്നാണ്‌ വിവരം. ഒരു പാചകക്കാരനെയും ഒന്നോ രണ്ടോ സപ്ലൈയർമാരെയും മാത്രമാണ്‌ പല ഹോട്ടലുകളും നിലനിർത്തുന്നത്‌.
ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വളരെ കൂടുതലാണ്‌. 14 ലക്ഷം വ്യാപാരികളാണ്‌ കേരളത്തിലുള്ളത്‌. ഇത്രയും കുടുംബങ്ങൾ ആശ്രയിക്കുന്ന മേഖലയാകെ സ്തംഭനത്തിലാക്കിയിരിക്കുകയാണ്‌ കേന്ദ്രത്തിന്റെ നടപടി.