വിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ല; എനിക്ക്‌ വിശ്വാസം മുഖ്യമന്ത്രിയെ മാത്രം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരുവുകളിലേക്ക് തിരിയുമ്പോള്‍ ഇക്കാര്യത്തില്‍ തനിക്കുള്ള നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത് എത്തി. ഇക്കാര്യത്തില്‍ തനിക്ക് മുഖ്യമന്ത്രിയെ മാത്രമാണ് വിശ്വാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി തുടക്കത്തിലേ പറഞ്ഞിരുന്നത്. താനും അതു വിശ്വസിക്കുന്നുവെന്നും അദ്ദേഹം അതില്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം താനും അതില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും ജോയ് മാത്യൂ പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എനിക്ക്‌ വിശ്വാസം മുഖ്യമന്ത്രിയെമാത്രം
——————————-
സിനിമയിൽ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കുന്ന ആൾ എന്നതുകൊണ്ടും സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങളോട്‌
പ്രതികരിക്കാതെ ഞാൻ
മൗനം പാലിക്കുന്നത്‌ ആരെയൊ രക്ഷിക്കാനോ ശിക്ഷിക്കനോ അല്ലെങ്കിൽ സിനിമയിൽ അവസരങ്ങളോ സൗഹ്രദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും
മുഖ്യമന്ത്രിയെയും ഭരണത്തെയും വിമർശിക്കാൻ മാത്രമാണു ഞാൻ
ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമർശിക്കുന്നു-
എന്നാൽ ഒരു കാര്യം ഞാൻ ആവർത്തിച്ചു പറയട്ടെ,
എനിക്ക്‌ നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ
മുഖ്യമന്ത്രിയെയാണു വിശ്വാസം –
അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതിൽ “ഗൂഡാലോചന നടന്നിട്ടില്ലെന്ന്‌”
ഞാനത്‌ വിശ്വസിക്കുന്നു
അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത്‌ തന്നെ വിശ്വസിക്കും
അതല്ലേ അതിന്റെ ശരി?