‘ഉദാഹരണം സുജാത’ മഞ്ജുവാര്യരുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

നിരവധി  പുരസ്കാരങ്ങളും പ്രേക്ഷക പ്രശംസയും നേടിയ ചാർളി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജുവും ചേർന്ന്  ദി സീൻ സ്റ്റുഡിയോസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന സിനിമ , മാർട്ടിന്റെ സംവിധാന സഹായിയായ ഫാന്റം പ്രവീൺ സംവിധാനം ചെയ്യുന്നു.

അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ അംഗീകാരങ്ങൾ നേടിയ നവീൻ ഭാസ്‌ക്കറും മാർട്ടിനും ചേർന്ന് കഥയും തിരക്കഥയും മധു നീലകണ്ഠൻ ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും കൈകാര്യം ചെയ്യുന്ന സിനിമ അടുത്ത മാസം ആദ്യം  ചിത്രീകരണം പൂർത്തിയാകും.നാട്ടിന്‍പുറത്തുകാരിയുടെ ഗെറ്റപ്പിലുള്ള മഞ്ജുവിന്റെ ചിത്രമടങ്ങിയതാണ് പോസ്റ്റര്‍.

തനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിതെന്നും, പ്രേക്ഷകര്‍ ഒരുപാട് ഇഷ്ട്ടപെടുന്ന നല്ല സിനിമയുടെ ഉദാഹരണം ആവട്ടെ ‘ഉദാഹരണം സുജാത’യെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനവേണമെന്നും  മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.