സുധീര ശിഷ്യനായ സൂരജ് രവി തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത് ബാര്‍മുതലാളിയുടെ കാര്‍

കോണ്‍ഗ്രസില്‍ പുതിയ വിവാദം കത്തുന്നു

തെളിവ് പുറത്ത് വിട്ടത് പാര്‍ട്ടിയില്‍നിന്ന് പുറത്തായ സുധീരശിഷ്യന്‍

ബാര്‍ മുതലാളി തന്റെ ബന്ധുവെന്ന് സൂരജ് 

-പി.എ.സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: സ്വതവെ മദ്യവിരുദ്ധനും ആദര്‍ശധീരനും സര്‍വോപരി ഗാന്ധിയനെന്നും അറിയപ്പെടാനാഗ്രഹിക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ നോമിനിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥി പ്രചരണത്തിന് ഉപയോഗിച്ചത് ബാര്‍ മുതലാളിയുടെ വാഹനം.

കൊല്ലം നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച സുധീരന്റെ യുവതുര്‍ക്കി സൂരജ് രവിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

എ, ഐ ഗ്രൂപ്പ് നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് വി.എം സുധീരന്റെ നോമിനിയായി സൂരജ് രവി കൊല്ലം മണ്ഡലത്തില്‍ മത്സരിച്ചത്. ഇതിനെതിരെ എ, ഐ ഗ്രൂപ്പ് നേതാക്കളും പരസ്യമായി രംഗത്തെത്തിയിരുന്നു. ബാര്‍ മുതലാളിമാര്‍ക്കെതിരായ സുധീരന്റെ സുധീര നിലപാടുകളായിരുന്നു സൂരജിന്റെ പ്രചരണായുധം. എന്നാല്‍ സുധീരന്റെ മദ്യവിരുദ്ധ മഹാത്മ്യം പ്രചരിപ്പിക്കാന്‍ സൂരജ് ഉപയോഗിച്ചത് ബാര്‍ ഓണേഴ്‌സ് അസോസിയഷന്‍ പ്രസിഡന്റ്  രാജ്കുമാര്‍ ഉണ്ണിയുടെ കെ.എല്‍ 02 എ.എച്ച് 5851 എന്ന വാഹനമാണെന്ന ആരോപണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച്  വിവരാവകാശ രേഖയും എ.ഐ നേതാക്കള്‍ പുറത്ത് വിട്ടു.

കോര്‍പ്പറേഷന്‍ ഡിവിഷനിലെ തേവള്ളി വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് കൊല്ലത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായത്. ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ നേതാവും പാര്‍ട്ടി പത്രമായ വീക്ഷണത്തിന്റെ യൂണിറ്റ് മാനേജരുമായിരുന്ന ഗീതാ കൃഷ്ണന്‍ തന്റെ മാതാവിനെ വിമത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി. ഇതേത്തുടര്‍ന്ന് ഗീതാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സുധീരന്‍ ഗ്രൂപ്പുകാരനായിരുന്ന ഗീതാകൃഷ്ണന്‍ തന്റെ പഴയ സുഹൃത്ത് സൂരജ് രവിക്കെതിരായ തെളിവ് പുറ്തതുവിട്ടത്. എന്നാല്‍ തന്റെ ബന്ധു ആയതിനാലാണ് രാജ് കുമാര്‍ ഉണ്ണിയുടെ വാഹനം ഉപയോഗിച്ചതെന്നാണ് സൂരജ് രവിയുടെ വാദം.

ബാറുകാരുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ആദര്‍ശത്തിന്റെ ആള്‍രൂപമായി സ്വയം വാഴ്ത്തുകയും ചെയ്യുന്ന സുധീരന്റെ തന്റെ ശിഷ്യന്റെ കാര്യത്തില്‍ എന്ത്‌നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണാം.