നോട്ട് പിന്‍വലിക്കല്‍: സാധാരണക്കാരന്‍െറ ദുരിതദിനങ്ങള്‍ അവസാനിക്കുന്നില്ല

ദൈനംദിന ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാകാതെ ജനം നെട്ടോട്ടത്തില്‍

ചികിത്സ, വിവാഹം, ഭൂമി രജിസ്ട്രേഷന്‍ എന്നിവ നടക്കുന്നില്ല

ന്യൂഡല്‍ഹി:  നോട്ട് അസാധുവാക്കല്‍ ദിനങ്ങള്‍ ഹാഫ് സെഞ്ച്വറി പിന്നിട്ടപ്പോഴും സാധാരണക്കാരന്റെ ദുരിതം അവസാനിക്കുന്നില്ല. അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച കൂടി മാത്രമേ അക്കൗണ്ടില്‍ നിക്ഷേപിക്കാനാകൂ. ബാങ്കില്‍ പണമുണ്ടായിട്ടും അത്യാവശ്യങ്ങള്‍ക്ക് പോലും എടുക്കാനാവാതെ ജനം നട്ടംതിരിയുകയാണ്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍. ഇവിടങ്ങളില്‍ എ.ടി.എമ്മുകള്‍ കുറവാണ്. ഉള്ളതിലാകട്ടെ പണവുമില്ല. ഈ ദുരിതം എത്രനാള്‍ സഹിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ജനം. ആഴ്ചയില്‍ 24000 രൂപ പിന്‍വലിക്കാമെന്നുള്ളത് 40000 ആക്കിയെങ്കിലും ആശുപത്രി, കല്യാണം, ഭൂമി രജിസ്‌ട്രേഷന്‍, വായ്പാ തിരിച്ചടവ് എന്നിവയ്ക്ക് ഈ തുക തികയാതെ വരും. അതേസമയം കേരളത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

24000 രൂപ പിന്‍വലിക്കാമായിരുന്ന സമയത്ത് ഗ്രാമീണമേഖലയില്‍ അയ്യായിരം രൂപ പോലും ഒരു ഇടപാടുകാരന് നല്‍കാന്‍ ബാങ്കുകളില്‍ പണമില്ലായിരുന്നു. ബങ്കില്‍ നിന്ന് നല്‍കുന്നത് രണ്ടായിരത്തിന്റെ നോട്ടായതിനാല്‍ അത് മാറാനും ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ നാട്ടിന്‍പുറങ്ങളില്‍ പലരും ആത്യാവശ്യജോലികള്‍ക്ക് പോലും തൊഴിലാളികളെ വിളിക്കാതായി. ജോലിയില്ലാതെ തൊഴിലാളികള്‍ നട്ടംതിരിയുകയാണ്. തൊഴിലുറപ്പിന് പോകുന്നവരുടെ വേതനം ഉടനെയൊന്നും കിട്ടുകയുമില്ല. ചെറുകിട ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലാണ്. കച്ചവടവുമില്ല, കാശുമില്ല എന്ന അവസ്ഥയാണുള്ളത്.

അതേസമയം പ്രതിസന്ധി തരണം ചെയ്‌തെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. നികുതിയും റവന്യൂ വരുമാനവും ഒരു മാസമായി വര്‍ദ്ധിച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ കാര്‍ഷിക വായ്പ അടയ്ക്കാന്‍ കര്‍ഷകര്‍ക്ക് മൂന്ന് മാസത്തെ ഇളവ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ധനമന്ത്രിയുടെ വാദം പൊള്ളയായണെന്ന് വ്യക്തമായി. ഡിസംബറിലെ ശമ്പളം കൊടുക്കാന്‍ കേരളം ചോദിച്ചത്ര നോട്ടുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് റിസര്‍സ് ബാങ്ക് അറിയിച്ചെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് അറിയിച്ചു. സംസ്ഥാനത്ത് ട്രെഷറി വഴിയാണ് ശങ്കളവും പെന്‍ഷനും വിതരണം ചെയ്യുന്നത്. അതുകൊണ്ട് കാര്യങ്ങള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വഷളാകുമെന്ന് ഉറപ്പാണ്.

അന്‍പത് ദിവസങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. ഡിസംബര്‍ 30 കഴിഞ്ഞ് പ്രതിസന്ധി തുടര്‍ന്നാല്‍ ജനം നല്‍കുന്ന ഏത് ശിക്ഷയും സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്‍വലിച്ച 86 ശതമാനം നോട്ടുകള്‍ക്ക് പകരം 38 ശതമാനം മാത്രമാണ് വിപണിയില്‍ ഇതുവരെ എത്തിച്ചത്. കൂടുതല്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുമെന്ന് കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. പക്ഷെ, പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടിന് ജനങ്ങളെ നിര്‍ബന്ധിക്കുകയാണിപ്പോള്‍. കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദം എന്നിവ തുടച്ച് നീക്കാന്‍ പുതിയസാമ്പത്തിക പരിഷ്‌കരണത്തിന് കഴിഞ്ഞെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയ പഴയ നോട്ടുകളുടെ കളക്കുകള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കണക്കുകള്‍ പുറത്തായാല്‍ സര്‍ക്കാര്‍ നീക്കം പാഴായിപ്പോയെന്ന് വ്യക്തമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.