കൊതുക് കടിയും ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുമെന്ന് കോടതി

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. കൊതുകു കടി ഏല്‍ക്കുന്നത് ആക്‌സിഡന്റായി കണക്കാക്കാമെന്ന് കേന്ദ്ര ഉപഭോക്തൃ കോടതി. കൊല്‍ക്കത്ത സ്വദേശിയായ ദേബാശിഷ് ഭട്ടാചാര്‍ജ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ ഫോറത്തിന്റെ ഈ വിധി. നേരത്തെ സംസ്ഥാന ഉപഭോക്തൃ കമ്മീഷനും സമാന വിധി പുറപ്പെടുവിച്ചിരുന്നു.

ഒരു ഫ്‌ളാറ്റ് വാങ്ങാനായി പരാതിക്കാരന്‍ എടുത്ത ലോണാണ് കേസിനാധാരം. ദേബാശിഷ് ഭട്ടാചാര്‍ജ്ജി അദ്ദേഹത്തിന്റെ ഭാര്യയായ മോസുമി ഭട്ടാചാര്‍ജ്ജിയുടെ പേരില്‍ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും ഹൗസിംഗ് ലോണെടുത്തു. നടപടിക്രമങ്ങളുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ ലോണ്‍ സുരക്ഷ വിമ എന്ന പേരില്‍ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് സമാനതുകയ്ക്ക് ഇന്‍ഷൂറന്‍സും എടുത്തു. ലോണ്‍ എടുത്തയാള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ലോണ്‍ തുക ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും ലഭിക്കുന്നതാണ് പോളിസി സ്‌കീം. പിന്നീട് പോളിസി എടുത്തിരുന്ന മോസുമി ഭട്ടാചാര്‍ജ്ജി മലേറിയ ബാധിച്ച് മരണപ്പെട്ടു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് ദേബാശിഷ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ക്ലെയിമിനായി അപേക്ഷിച്ചു. മലേറിയ ഒരു രോഗമാണെന്നും അതുകൊണ്ട് തന്നെ നഷ്ടപരിഹാരത്തിന് പോളിസി ഹോള്‍ഡര്‍ അര്‍ഹയല്ല എന്ന മറുപടിയാണ് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയത്. ഇതോടെയാണ് ഉപഭോക്തൃ കോടതിയില്‍ കേസെത്തിയത്. ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള ഉപഭോക്തൃ കോടതികളിലെല്ലാം കേസെത്തി.

അപകടത്തിനു മാത്രമേ തങ്ങള്‍ ഉത്തരവാദികള്‍ ആകൂ എന്നാണ് ഇന്‍ഷൂറന്‍സ് കമ്പനി കോടതിയില്‍ എടുത്ത നിലപാട്. എന്നാല്‍ അപകടം എന്നത് യാദൃശ്ചികമായി പ്ലാന്‍ ചെയ്യാതെ ഉണ്ടാകുന്നതാണ് എന്നാണ് കോടതി കണ്ടെത്തിയത്. കൊതുക് എപ്പോള്‍ കടിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി കണക്കാക്കാന്‍ കഴിയില്ല. അപ്പോള്‍ കൊതുക് കടിയും ആക്‌സിഡന്റിന്റെ പരിധിയില്‍ വരും. ആക്‌സിഡന്റ് എന്താണ് എന്ന് ഇന്‍ഷുറന്‍സ് കമ്പനി വ്യക്തമാക്കിയിരുന്നില്ല.  നേരത്തെ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് എതിരായ ഒരു കേസിലെ പാമ്പ് കടിയേല്‍ക്കുന്നതും പട്ടി കടിയേല്‍ക്കുന്നതും അപകടമായി വിധിച്ചിരുന്നു. ഇതും ഈ കേസില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ മലേറിയ ഒരു രോഗമാണെന്ന ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം തള്ളി. പോളിസി ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നു. പലപ്പോഴും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ക്ലെയിം നിഷേധിക്കുകയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ചെയ്യുന്നത്. എന്നാല്‍ പലരും ഇതിനെതിരെ പരാതിപ്പെടാറില്ല. ഇന്‍ഷൂറന്‍സ് എടുക്കുന്നതിനു മുമ്പേ അതിന്റെ നിബന്ധനകള്‍ക്ക് സൂക്ഷ്മമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്.