ധര്‍മജന്‍ പുലിമുരുകനും ഒപ്പവും ലൈഫ് ഓഫ് ജോസൂട്ടിയും ഉപേക്ഷിച്ചതെന്തിന്?

തിരുവനന്തപുരം: കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ധര്‍മജന്റെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സാണ്. ചിത്രത്തിലെ ദാസപ്പന്‍ സിനിയിലേക്കുള്ള പുതിയൊരു വാതിലാണ് തുറന്നിട്ടിരിക്കുന്നത്. നായകന്റെ കൂട്ടുകാരനാണ് ദാസപ്പനെങ്കിലും നായകനേക്കാള്‍ തിയേറ്ററില്‍ കയ്യടി നേടിയത് ധര്‍മജന്റെ ദാസപ്പനായിരുന്നു. ഇതോടെ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ധര്‍മജന്‍ താരുമാനിച്ചു. ടി.വി പരിപാടികള്‍ കഴിവതും കുറയ്ക്കുകയാണ്, സ്റ്റേജ്‌ഷോകള്‍ കുറയ്ക്കുന്നു. എന്നാല്‍ തന്നെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ സ്റ്റാറാക്കിയ ബഡായി ബംഗ്ലാവ് ഒഴിവാക്കില്ലെന്ന് ധര്‍മജന്‍ വ്യക്തമാക്കി. ബഡായി ബംഗ്ലാവാണ് നല്ല കഥാപാത്രങ്ങളിലേക്കുള്ള വഴി തുറന്നത്.

അഭിനയിച്ചതിലും കൂടുതല്‍ സിനിമകള്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന് ധര്‍മജന്‍ വ്യക്തമാക്കി. ടി.വി ഷോകളും സ്‌റ്റേജ് പരിപാടികളും ഉള്ളത് കൊണ്ടാണ് അവയൊക്കെ കമ്മിറ്റ് ചെയ്യാതിരുന്നത്. അതില്‍ പുലിമുരുകന്‍ പോലൊരു ബ്രഹ്മാണ്ഡ ചിത്രമുണ്ട്, ഒപ്പം പോലെ സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ സിനിമയുണ്ട്, ദിലീപിന്റെ വ്യത്യസ്തമായ സിനിമയായ ലൈഫ് ഓഫ് ജോസൂട്ടിയുണ്ട്, ന്യൂജെന്‍ പിള്ളേരുടെ ഹിറ്റ് ചിത്രമായ അടികപ്യാരേ കൂട്ടമണിയുണ്ട്. ഈ സിനിമകള്‍ക്കെല്ലാം പത്തിലധികം ദിവസത്തെ ഡേറ്റാണ് അവര്‍ ചോദിച്ചത്. ടി.വി ഷോ ഉള്ള കാരണം അത്രയും ദിവസങ്ങള്‍ നല്‍കാനില്ലായിരുന്നു. ധര്‍മജന്റെ പ്രധാന വരുമാന മാര്‍ഗം ടെലിവിഷന്‍, സ്റ്റേജ് ഷോകളാണ്.

സീരിയലുകള്‍ക്കും സ്‌കിറ്റുകള്‍ക്കും സ്‌ക്രിപ്റ്റ് എഴുതിയാണ് ധര്‍മജന്‍ കരിയര്‍ തുടങ്ങിയത്. പിന്നീടാണ് മിമിക്രി തുടങ്ങിയത്. ഇപ്പോഴും തിരക്കഥ എഴുതണമെന്നാണ് ആഗ്രഹം. സിനിമയ്ക്ക് തിരക്കഥ എഴുതണം, പക്ഷെ സമയം വേണ്ടിവരും. ഇപ്പോള്‍ അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കുകയാണ്. ആറോളം സിനിമകളില്‍ കരാറൊപ്പിട്ടു കഴിഞ്ഞു. 2010ല്‍ പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് ധര്‍മജന്‍ സിനിമയിലെത്തിയത്. ആറ് വര്‍ഷം കഴിഞ്ഞാണ് ബ്രേക്ക് ഉണ്ടായത്. ദിലീപിനോടും നാദിര്‍ഷയോടുമാണ് കടപ്പാടെന്നും താരം വ്യക്തമാക്കി.