ശബരിമല: കടകംപള്ളിയുടെ വേദന തിരഞ്ഞെടുപ്പ് വരുമ്പോഴുള്ള പ്രത്യേക അസുഖം – വി. മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച് ദേവസ്വംമന്ത്രി കടകംപള്ളിയുടെ ഖേദം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇടതു മുന്നണി ഇക്കാര്യത്തിലുള്ള നിലപാട് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബരിമല വിഷയത്തില്‍ സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിപറയാന്‍  കടകംപള്ളി തയ്യാറുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

ശബരിമലയില്‍ തെറ്റുപറ്റി, വേദനയുണ്ടെന്ന് പറഞ്ഞ കടകംപള്ളിയുടെ വേദന തിരഞ്ഞെടുപ്പ് വരുമ്പോള്‍ വരുന്ന പ്രത്യേക അസൂഖമാണ്. ശബരിമല കാലത്ത് ഈ വേദനയൊന്നും കണ്ടിട്ടില്ല. കടകംപള്ളി വോട്ടുചോദിച്ച് വരുമ്പോള്‍ ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ കൃത്യമായ നിലപാട് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കഴക്കൂട്ടത്തെ വിശ്വാസികള്‍ ചോദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. കഴക്കൂട്ടത്തെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടകം പള്ളിയുടെ കള്ളക്കണ്ണീര്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് പറ്റും. വിശ്വാസികള്‍ക്കൊപ്പം നിന്ന എന്‍.എസ്.എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ ആ വെള്ളം വാങ്ങി വെച്ചാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.