പത്തനംതിട്ട : അടൂർ തെങ്ങമത്ത് സി ഐടിയു പ്രവർത്തകന്റെ കൈകൾ സിപിഎമ്മുകാർ തല്ലിയൊടിച്ചു . സിഐടിയു ടിപ്പേഴ്സ് യൂണിയൻ പ്രവർത്തകൻ ഹരികൃഷ്ണനെയാണ് സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചത് . ഹരികൃഷ്ണന്റെ രണ്ട് കയ്യും ഒടിച്ച് തകർത്തിട്ടുണ്ട് . തലയിൽ 42 കുത്തിക്കെട്ടുണ്ട്.
തെങ്ങമത്ത് പാറ ക്വാറിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് മർദ്ദനം . ക്വാറി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്ന സിപിഎം ലോക്കൽ നേതാക്കൾക്ക് മാത്രമേ ഇവിടെനിന്ന് പാറ കൊണ്ടുപോകാൻ അനുവാദമുള്ളൂ . ഇത് ടിപ്പർ തൊഴിലാളികളുടെ ജോലിയെ ബാധിക്കുന്നതിനാൽ എല്ലാവർക്കും പാറ കൊടുക്കണമെന്ന് സിഐടിയു ടിപ്പേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ പാർട്ടി ലോക്കൽ നേതാക്കളും പാറ ക്വോറി ഉടമകളും സംയുക്തമായി ഇതിനെ എതിർത്തു
സിഐടിയു പ്രതിഷേധവുമായി എത്തിയതോടെ പ്രകോപിതരായ സിപിഎം ലോക്കൽ സെക്രട്ടറി ബിൻരാജ് പ്രാദേശിക നേതാക്കളായ ഹർഷൻ തുടങ്ങിയവർ ടിപ്പേഴ്സ് യൂണിയനിൽ പെട്ട തൊഴിലാളിയായ ഹരികൃഷ്ണനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു . സിപിഎം ജില്ലാ നേതൃത്വത്വം ക്വോറി മാഫിയക്കൊപ്പം നിൽക്കുകയാണെന്ന് ആരോപിച്ചും മർദ്ദനത്തിൽ പ്രതിഷേധിച്ചും സിഐടിയു പ്രകടനവും നടത്തി.
















































