സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത് 38 സ്ത്രീകള്‍; മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് കുടുംബാംഗങ്ങള്‍; പ്രവാസിഭാരതീയ ദിനാഘോഷം പൊടിപൊടിക്കുമ്പോഴും സാധാരണക്കാരായ പ്രവാസികള്‍ ദുരിതത്തില്‍ തന്നെ

കൊച്ചി: കോടിക്കണക്കിന് രൂപ പ്രവാസി ഭാരതീയ ദിനാഘോഷത്തിന് മുടക്കുന്ന കേന്ദ്രസര്‍ക്കാര്‍, വീട്ടുജോലിക്കായി പോയി ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ സാധാരണക്കാര്‍ക്ക് നേരെ മുഖം തിരിക്കുന്നു. കേരളത്തില്‍ നിന്ന് വീട്ടുജോലിക്കായും ഇതര ജോലികള്‍ക്കുമായി സൗദി അറേബ്യയില്‍ മാത്രം പോയ 64 സ്ത്രീകള്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇവരില്‍ ഇരുപത്തിയെട്ട് പേരെ തിരിച്ചു കൊണ്ടുവരാന്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ്‌സ് സ്റ്റഡീസ് (സിഐഎംഎസ്) എന്ന സംഘടനയ്ക്ക് കഴിഞ്ഞു.

എന്നാല്‍ രാജ്യസഭയിലും ലോക്‌സഭയിലും ഉന്നയിച്ച ചോദ്യത്തിനായുള്ള മറുപടിയില്‍ വീട്ടുജോലിക്കാരുടെ പീഡനം സംബന്ധിച്ച നാലു കേസുകള്‍ മാത്രമാണ് നിലവിലുള്ളതെന്നാണ് പറഞ്ഞിട്ടുള്ളത്. ബഹറിനില്‍ മാത്രം ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ 93 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അനൗദ്യോഗികമായി സന്നദ്ധസംഘടനകള്‍ അഭയം നല്‍കിയ കേസാണ് ഇതെല്ലാം.

കേരളത്തില്‍ നിന്ന് സൗദിയിലെ വിവിധ സ്ഥലങ്ങളിലെത്തി നിരന്തര പീഡനം ഏറ്റ് തിരിച്ച് നാട്ടിലെത്തിയ ഇരുപത്തിയെട്ടുപേര്‍ക്കും പറയാനുള്ളത് ഇന്ത്യാ ഗവണ്‍മെന്റിന്റെ അവഗണനമാത്രം. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഭൂരിഭാഗം പേരും കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് സൗദിയിലേക്ക് പോകാന്‍ തയ്യാറെടുത്തത്. ഏജന്റുമാര്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ നല്‍കിയിട്ടുണ്ട്.

പത്തനംതിട്ടയിലെ ഹക്കീം എന്ന ഏജന്റിന് അന്‍പതിനായിരം രൂപ നല്‍കിയാണ് ഷീജ കുട്ടപ്പന്‍ റിയാദില്‍ പോയത്. എട്ടു ദിവസം മുംബൈയില്‍ താമസിപ്പിച്ച ശേഷമായിരുന്നു റിയാദില്‍ എത്തിയത്. പത്തുപേരടങ്ങുന്ന കുടുംബത്തിലായിരുന്നു ജോലി. ജോലി ചെയ്ത് തളര്‍ന്നിരിക്കുമ്പോള്‍ പിന്നില്‍ വന്ന് ഷൂവിട്ട് ചവിട്ടുന്നതായിരുന്നു അറബിയുടെ ഹോബിയെന്ന് ഷീജ പറയുന്നു. വിസ പുതുക്കാന്‍ ഇന്ത്യന്‍ എംബസിയിലെ മലയാളി ഉദ്യോഗസ്ഥന്‍ പോലും ഷീജയെ സഹായിക്കാന്‍ തയ്യാറായില്ല. കൈതല്ലിയൊടിക്കപ്പെട്ട നിലയില്‍ ദേഹമാസകലം നീരുമായി റിയാദ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എത്തിയ ഷീജക്ക് നാട്ടില്‍ നിന്ന് ടിക്കറ്റ് അയച്ചു കൊടുത്തതിനെ തുടര്‍ന്നാണ് നരകത്തില്‍ നിന്ന് മടങ്ങാന്‍ കഴിഞ്ഞത്.

സൗദിയില്‍ നിന്ന് മടങ്ങിയ സിന്ധു പ്രസന്നന്റെ കഥയും വ്യത്യസ്തമല്ല. നിരന്തരം പീഡനം മൂലം അപസ്മാര ബാധയുണ്ടായ സിന്ധുവിനെ അറബി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മാനസികനില തന്നെ തെറ്റി.

കൗമാരം കഴിഞ്ഞ നന്ദകുമാറിന് കഴിഞ്ഞ ഒന്‍പതുമാസമായി കുവൈറ്റില്‍ ജോലിക്കുപോയ തന്റെ അമ്മ എവിടെയാണെന്ന് പോലും അറിയില്ല. കൊടുമണ്‍ സ്വദേശിയായ നന്ദകുമാര്‍ പ്ലസ്ടു 60 ശതമാനത്തിനു മുകളില്‍ മാര്‍ക്കുവാങ്ങി ജയിച്ചു. ഒരനിയത്തി മാത്രമാണ് ഉള്ളത്. അച്ഛനില്ല. അമ്മ മണി പൊടിയന്‍ 2015 ജൂലൈയിലാണ് കുവൈറ്റില്‍ പോയത്. ആദ്യ മൂന്നുമാസം കൃത്യമായി ശമ്പളം വീട്ടിലേക്ക് അയച്ചു. ഇപ്പോള്‍ നന്ദകുമാര്‍ കൊച്ചിയില്‍ ഒരു അലക്കു കടയില്‍ ജോലി ചെയ്യുന്നു. അമ്മയുടെ ചേച്ചിക്കൊപ്പം താമസിക്കുന്ന അനിയത്തിയുടെ ചെലവുകള്‍ നോക്കുന്നത് നന്ദകുമാറാണ്. അമ്മയെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന ആവശ്യമാണ് നന്ദകുമാറിനുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷക്കാലം ഒരു രൂപ പോലും ചെലവില്ലാതെ വീട്ടുജോലിക്കാര്‍ക്കുള്ള വിസ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങള്‍ നല്‍കി വരുന്നുണ്ടെന്ന് സി ഐ എം എസ് കേരള ഡയറക്ടര്‍ റഫീക്ക് റാവുത്തര്‍ പറയുന്നു. കേരളത്തില്‍ നിന്ന് 64 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കേസുകള്‍ പുറത്തറിയാതെ പോവുന്നു.

ഇരകളാക്കപ്പെട്ടവരുടെ കുടംബാംഗങ്ങള്‍ ഏജന്റിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു പരാതിയിലും തുടര്‍ നടപടിയുണ്ടായില്ല. ഐ പി സി 370, 370എ എന്നീ വകുപ്പുകളിലുള്ള മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ആരോപിക്കപ്പെടുന്നതെങ്കിലും പൊലീസ് പരാതികള്‍ക്കു നേരെ മുഖം തിരിക്കുകയാണ്.

നോര്‍ക്ക, നോര്‍ക്ക റൂട്ട് എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ വിമാനത്താവളത്തെ ഒഴിവാക്കി മുംബൈ അടക്കമുള്ള വിമാനത്താവളങ്ങള്‍ വഴിയാണ് മനുഷ്യക്കടത്ത് നടക്കുന്നത്.