ജി. സുധാകരനുമായുള്ള പോര് പരസ്യമാക്കി ആരിഫും പ്രതിഭാഹരിയും

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയിലാണ് ജി. സുധാകരനുമായുള്ള പോര് ആരിഫും പ്രതിഭാഹരിയും പരസ്യമാക്കിയത്

സുധാകരന്റെ മണ്ഡലത്തില്‍ എം.എല്‍.എമാരെ പ്രോട്ടോക്കോള്‍ ലംഘിച്ച് അപമാനിച്ചു

സി.പി.എമ്മിലെ വിഭാഗീയതയ്ക്കപ്പുറം പാര്‍ട്ടിയില്‍ മന്ത്രി ജി. സുധാകരനും എ.എം. ആരിഫ് എം.എല്‍.എയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പോര് പരസ്യമാക്കുന്നതായി ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയിലാണ് ജി. സുധാകരനോടുള്ള അമര്‍ഷം. എം.എല്‍.എമാരായ ആരിഫും പ്രതിഭാഹരിയും പ്രത്യക്ഷത്തില്‍ തന്നെ പ്രകടിപ്പിച്ചത്. വേദിയുടെ മുന്‍നിരയില്‍ കസേരകള്‍ ഒഴിഞ്ഞു കിടന്നിട്ടും ഇരുവരും പിന്‍സീറ്റിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. മന്ത്രി പി.തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എം.പി എന്നിവര്‍ പരിപാടിക്ക് എത്തിച്ചേരാതിരുന്നതിനാല്‍ മുന്‍നിരയിലെ കസേരകളിലെല്ലാം തന്നെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇവിടേയ്ക്ക് ഇരിക്കുന്നതിനായി എം.എല്‍.എമാരെ ക്ഷണിച്ചെങ്കിലും ആര്‍. രാജേഷും കെ.കെ. രാമചന്ദ്രന്‍നായരും മാത്രമാണ് മുന്നിലേക്ക് വന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റും ഡി.എം.ഒയും ആശുപത്രി സൂപ്രണ്ടുമെല്ലാം എത്തി ആരീഫും പ്രതിഭയും മുന്‍നിരയില്‍ ഇരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇരുവരും അനുസരിച്ചില്ല. മന്ത്രി ജി. സുധാകരനാകട്ടെ ഇവരെ ക്ഷണിച്ചിരുത്തിയുമില്ല. മന്ത്രി ജി. സുധാകരന്റെ മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ പ്രോട്ടോക്കോളിലൂടെ അപമാനിച്ചെന്നാണ് ഇരുവരും പറയുന്നത്.

മുഖ്യമന്ത്രി ഉദ്ഘാടകനും ആരോഗ്യമന്ത്രി അധ്യക്ഷനുമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും താഴെയാണ് എം.എല്‍.എമാരുടെ പേരുകള്‍ നോട്ടീസില്‍ ചേര്‍ത്തിരിക്കുന്നത്. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ജി. സുധാകരന്‍ തന്റെ മണ്ഡലത്തില്‍ നടക്കുന്ന പരിപാടിയിലൂടെ തങ്ങളെ അപമാനിക്കുകയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടന്നപ്പോഴാണ് ജി. സുധാരനും ആരീഫും തമ്മിലുള്ള തര്‍ക്കം തുടങ്ങുന്നത്.

സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാര്‍ കുട്ടനാട്ടില്‍ നടക്കുമ്പോള്‍ സംഘാടകനായ ആരീഫ് കൃത്യസമയതത്തെത്തിയില്ലെന്നതിനെച്ചൊല്ലി പരസ്യമായ ആക്ഷേപം സുധാകരന്‍ ഉയര്‍ത്തിയിരുന്നു. ആരീഫ് ഇറങ്ങിപ്പോകുകയും പാര്‍ട്ടി വിടുമെന്നുമെല്ലാം പ്രചരണമുണ്ടായി. പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും സംയുക്തമായി പത്രസമ്മേളനം നടത്തി തടിയൂരുകയായിരുന്നു.

പിന്നീടും പരസ്യമാക്കാത്ത പ്രതിഷേധവുമായിട്ടാണ് ഇരുവരും മുന്നോട്ടു പോയതെങ്കിലും പാര്‍ട്ടിയ്ക്കുള്ളില്‍ ഇവരുടെ ചേരിപ്പോര് തലവേദന സൃഷ്ടിച്ചിരുന്നു.

ഇതിനിടെയാണ് പ്രതിഭാഹരിയെ വിമര്‍ശിച്ചും സുധാകരന്‍ രംഗത്തെത്തിയത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രതികരണത്തിന് ഒളിയമ്പായി പ്രതിഭാഹരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നത് പിന്നീട് വിവാദമായിരുന്നു. തകഴിയിലെ പാര്‍ട്ടി ഘടകത്തില്‍ നിന്നും പ്രതിഭാഹരിയെ വെട്ടിയൊതുക്കുകയും ചെയ്തു.

അങ്ങനെ ജില്ലയിലെ രണ്ട് എം.എല്‍.എമാര്‍ക്കെതിരെ സുധാകരന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിണറായി പങ്കെടുത്ത വേദിയില്‍ തന്നെ അനിഷ്ടം പ്രകടിപ്പിക്കുക കൂടിയായിരുന്ന് ആരീഫും പ്രതിഭയും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ വേദിയിലെ മുന്‍നിരയിലെ കസേരകള്‍ ഒഴിഞ്ഞു കിടക്കുകയും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കൊപ്പം എം.എല്‍.എമാര്‍ നിലയുറപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് പോയതോടെ ഇരുവരും സ്ഥലം വിടുകയും ചെയ്തു. എം.എല്‍.എമാരുടെ നടപടി സി.പി.എം ജില്ലാ നേതൃത്വത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.