മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ആരാധകര്‍  കാത്തിരിക്കുകയാണ്… ഹിറ്റ് താരജോഡികളായ മോഹന്‍ലാലും മീനയും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വരവിനായി. പേരില്‍ കൗതുകം മാത്രമല്ല. പ്രണയവും ഒളിപ്പിച്ചു വെച്ചിരിക്കുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് സംവിധായകന്‍ ജിബു ജേക്കബ് സംസാരിക്കുകയാണ്.

ബിജുമേനോനും അജുവും ആസിഫുമൊക്കെയായിരുന്നു ആദ്യ ചിത്രത്തിലെങ്കില്‍, രണ്ടാം ചിത്രത്തിലെ നായകന്‍ മോഹന്‍ലാലാണ്. എങ്ങനെയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലേക്കെത്തുന്നത് ?…

muthirivalikalഈ ചിത്രത്തിലേക്ക് ഞാന്‍ ക്ഷണിക്കപ്പെടുകയായിരുന്നു. സിനിമയുടെ നിര്‍മ്മാതാവിലൂടെയാണ് ചിത്രത്തിലേക്കെത്തുന്നത്. ഈ സിനിമയിലേക്കുള്ള വരവിന് പിന്നില്‍ നിര്‍മ്മാതാവ് സോഫിയ പോളും തിരക്കഥാകൃത്ത് സിന്ധുരാജും മോഹന്‍ലാലുമാണെന്നു പറയാം. ആ മൂവര്‍ സംഘത്തിലേക്ക് എന്നെ വിളിക്കുകയായിരുന്നു. വെള്ളിമൂങ്ങ എനിക്കു തന്നെ ഏറ്റവും വലിയ അവാര്‍ഡാണ് ഈ ചിത്രം. ഓസ്‌കര്‍ അവാര്‍ഡിനേക്കാള്‍ ഞാന്‍ അത് വിലമതിക്കുന്നു. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മോഹന്‍ലാലിന്റെ ഒരു സിനിമ ചെയ്യുക എന്നത് സ്വപ്‌നം മാത്രമായിരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ഭാഗ്യം ലഭിച്ചത്.

വി.ജെ. ജെയിംസിന്റെ കഥയാണ് സിനിമയാക്കുന്നത്. അതേക്കുറിച്ച് ?…

വി.ജെ. ജെയിംസിന്റെ പ്രണയോപനിഷിത്ത് എന്ന കഥയില്‍ നിന്നാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുണ്ടാകുന്നത്. സിനിമയുടെ അടിസ്ഥാനമിതാണ്. പക്ഷേ സിന്ധരാജ് ഇതില്‍ നിന്നു വേറെ കഥയുണ്ടാക്കിയിരുന്നു. പിന്നീടാണ് തിരക്കഥയൊരുക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പറയുന്നത് ഉലഹന്നാന്റെയും ആനിയമ്മയുടെയും കുടുംബകഥയാണ്.

മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ… 

സംവിധായകന്‍ ജിബു ജേക്കബ്‌ഏറെ ആലോചിച്ച്, മോഹന്‍ലാലിനെ നായകനാക്കണമെന്ന് മോഹിച്ചല്ല ഈ സിനിമയിലേക്കെത്തുന്നത്. പക്ഷേ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്നത് ഏതൊരു സംവിധായകരെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. സ്വപ്‌നം കണ്ടിരുന്നു. അതൊരു സത്യമാണ്. പക്ഷേ ഈ ചിത്രം മുന്‍കൂട്ടി തീരുമാാനിച്ചതായിരുന്നില്ല. ലാലേട്ടനെ വച്ച് ഒരു സിനിമ ചെയ്യാനാകുമെന്നു കരുതിയിരുന്നില്ല. ഇത്രയും വലിയ നടനെ നായകനാക്കി ഒരു ചിത്രം ചെയ്യാനായത് വലിയ കാര്യമാണ്.

ലാലേട്ടനൊപ്പമുള്ള ഷൂട്ടിംഗ് ഓര്‍മ്മകള്‍…

അങ്ങനെയൊന്നും പറയാനില്ല. പക്ഷേ നമ്മള്‍ കരുതുന്നത് പോലെയല്ല അദ്ദേഹത്തിന്റെ അഭിനയവും പിന്നെ, ബഹുമാനവും സ്‌നേഹവുമൊക്കെ കൊണ്ട് ആക്ഷനും കട്ടും പറയാന്‍ തന്നെ വിഷമം തോന്നിയിട്ടുണ്ട്. 56 ദിവസത്തെ ഷൂട്ടിംഗായിരുന്നു. കോഴിക്കോടായിരുന്നു പ്രധാന ലൊക്കേഷന്‍. സിംലയിലും ആലപ്പുഴയിലും എറണാകുളത്തും കുറച്ച് ഭാഗങ്ങളുടെ ചിത്രീകരണമുണ്ടായിരുന്നു. ഇതിനു മുമ്പും ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച മാന്ത്രികന്‍, ഒന്നാമന്‍, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമ കണ്ട് ലാലേട്ടന്‍ വളരെ നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനന്ദന വാക്കുകള്‍ കേട്ട് വളരെ സന്തോഷം തോന്നി.

പുതിയ സിനിമകളെക്കുറിച്ച് ?…

മറ്റൊരു സിനിമയുടെ ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് ഈ സിനിമ വരുന്നത്. പിന്നീട് ഇതിലേക്ക് മാത്രമായി ചിന്തകളും പ്രവര്‍ത്തനങ്ങളും. തല്‍ക്കാലം പുതിയതൊന്നും തീരുമാനിച്ചിട്ടില്ല.