നിവിന്‍പോളിയുടെ രണ്ട് ചിത്രങ്ങള്‍ വര്‍ഷമാദ്യം

 

തിരുവനന്തപുരം: ഇക്കൊല്ലം ആദ്യം നിവിന്‍പോളിയുടെ രണ്ട് സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. ഷൂട്ടിംഗ് ഉള്‍പ്പെടെ നിര്‍ത്തിവെച്ച് സമരമായിരുന്നെങ്കിലും പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. നിവിന്‍പോളിയുടെ ‘സഖാവി’ന്റെ പോസ്റ്റ്പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയില്‍ ആരംഭിച്ചുകഴിഞ്ഞു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രത്തിന്റെ ഡബ്ബിംഗും തുടങ്ങി. സിദ്ധാര്‍ത്ഥ്ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലായി നടന്നു. ഐശ്വര്യരാജേഷ്, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, അപര്‍ണ്ണ ഗോപിനാഥ് എന്നിവരാണ് മറ്റ് പ്രമുഖതാരങ്ങള്‍.

നിവിന്റെ സുഹൃത്തായ അല്‍ത്താഫ് സലിം ചിത്രമായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും’ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രം നിവിന്‍ തന്നെയാണ് നിര്‍മിക്കുന്നത്. പ്രേമത്തില്‍ നിവിനൊപ്പം അഭിനയിച്ചിട്ടുണ്ട്, ബാല്യകാല സുഹൃത്തായ അല്‍ത്താഫ്. നോട്ട് പ്രതിസന്ധി കാരണം ഇടയ്ക്ക് ചിത്രം നിര്‍ത്തിവച്ചിരുന്നെങ്കിലും പിന്നീട് പെട്ടെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം രണ്ട് ചിത്രങ്ങളാണ് നിവിന്റേതായി പുറത്ത് വന്നത്. ആക്ഷന്‍ ഹീറോ ബിജുവും ജേക്കബിന്റെ സ്വര്‍ഗരാജ്യവും. രണ്ടും സൂപ്പര്‍ഹിറ്റായിരുന്നു.