ദേ പുട്ടും വയനാടും പിന്നെ ഇഷാ തല്‍വാറും

തിരുവനനന്തപുരം:കേരളത്തിലെ ഭക്ഷണവും സംസ്‌കാരവുമായി പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് നടി ഇഷാ തല്‍വാര്‍. എന്നാല്‍ ഇന്നത്തെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം മലയാളമാണെന്ന് താരം വ്യക്തമാക്കി. തട്ടത്തിന്‍ മറയത്തിലൂടെ നായികയായ ഇഷ ബോളിവുഡില്‍ എത്തിയിരിക്കുകയാണ്. ഷാറൂഖാനൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ചു. സല്‍മാന്‍ഖാന്റെ ട്യൂബ് ലൈറ്റില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നു. സെയ്ഫ് അലീഖാന്റെ ചിത്രത്തില്‍ ഫോട്ടോഗ്രാഫറായി അഭിനയിക്കുന്നു. എല്ലാത്തിനും തുടക്കം കുറിച്ചത് മലയാളത്തില്‍ നിന്നാണ്. അതുകൊണ്ട് ഈനാടും സംസ്‌കാരവും ഭാഷയും പ്രിയപ്പെട്ടതാണെന്നും ഇഷാ തല്‍വാര്‍ പറയുന്നു.

നല്ല ഭക്ഷണം തേടി

ishaകേരളത്തിലെത്തിയാല്‍ ദിലീപിന്റെ ദേ പുട്ട് റസ്റ്റോറന്റില്‍ കയറാതെ ഇഷാ തല്‍വാര്‍ മടങ്ങില്ല. ആദ്യമൊക്കെ ആഹാരം ബുദ്ധിമുട്ടായിരുന്നു. എന്നാലിപ്പോള്‍ പല തരത്തിലുള്ള നാട്ട് ഭക്ഷണം തേടിയാണ് യാത്ര. സുഹൃത്തുക്കളൊക്കെ പലതും കൊണ്ട് തരും. പിന്നെ നല്ല ഹോട്ടലുകളുടെയും പേരുകള്‍ പറഞ്ഞ് തരും. വയനാടാണ് കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. കാടും മേടും കാട്ടാറുകളും എല്ലാം കൊണ്ടും പ്രകൃതി അനുഗ്രഹിച്ച സ്ഥലം. പലതവണ പോയിട്ടും കണ്ട് കൊതിതീരുന്നില്ല. ഇപ്പോള്‍ ഭാഷയൊന്നും പ്രശ്‌നമേയല്ലെന്ന് താരം പറയുന്നു. മലയാളം മനസിലാകും. കുറച്ചൊക്കെ പറയാനുമറിയാം.

കഥക്കില്‍ നിന്ന് ഭരതനാട്യത്തിലേക്ക്

കഥക്ക് നര്‍ത്തകിയായ ഇഷാ തല്‍വാര്‍ മുദ്രയില്‍ ഭരതനാട്യം നര്‍ത്തകിയായി അഭിനയിക്കുന്നു. പത്ത് ചെറിയ സിനിമകള്‍ കോര്‍ത്തിണക്കിയ ക്രോസ്‌റോഡ് എന്ന സിനിമയിലെ ഒരു ഭാഗമാണ് മുദ്ര. കേരളത്തിലെ സ്ത്രീപ്രശ്‌നങ്ങളാണ് പത്ത് ചെറിയ സിനിമകളും ചര്‍ച്ച ചെയ്യുന്നത്. കഥക്ക് നന്നായി ചെയ്യുന്നത് കൊണ്ട് ഭരതനാട്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ലെന്ന് താരം പറഞ്ഞു. ഓരോ നൃത്ത രൂപത്തിനും അതിന്റേതായ സൗന്ദര്യവും രസങ്ങളുമുണ്ട്. നൃത്തം സ്റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും താരം പറഞ്ഞു.

മൂന്ന് ഖാന്‍മാര്‍ക്കൊപ്പം

isha-talwar-hd-photoസല്‍മാന്‍ഖാന്‍, സെയ്ഫ് അലിഖാന്‍, ഷാറൂഖാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലും സന്തോഷത്തിലുമാണ് ഇഷാ തല്‍വാര്‍. കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന യുദ്ധസിനിമയില്‍ വളരെ പ്രാധാന്യമുള്ള നൃത്തരംഗത്താണ് താരം അഭിനയിച്ചത്. നവാഗതനായ അക്ഷാന്ത് വര്‍മ സംവിധാനം ചെയ്യുന്ന സിനിമയില്‍ സെയ്ഫ് അലീഖാനൊപ്പം ഫോട്ടോഗ്രാഫറുടെ വേഷമാണ് ചെയ്തത്. പിന്നെ ഷാറൂഖിനൊപ്പം പരസ്യ ചിത്രത്തിലും അഭിനയിച്ചു. ഖാന്‍മാരില്‍ ഇനി ആമീറിനൊപ്പം മാത്രമാണ് അഭിനയിക്കാനുള്ളതെന്നും താരം പറഞ്ഞു. താമസിക്കാതെ അതും സഫലമാകുമെന്ന് പ്രാര്‍ത്ഥിക്കണേ എന്ന് പ്രേക്ഷകരോട് പറഞ്ഞു.