മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി വീണ്ടും

തിരുവനന്തപുരം: വടക്കാഞ്ചേരി പീഢനക്കേസില്‍ കാര്യമായി ഇടപെടാതിരിക്കുകയും ഇരയായ പെണ്‍കുട്ടിയെ കാണാതിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെയും ടി.എന്‍ സീമ അടക്കമുള്ള നേതാക്കളുടെയും നിലപാടുകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. പലതവണ പെണ്‍കുട്ടിയുമായി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. പെണ്‍കുട്ടിയെ കാണേണ്ടത് അദ്ദേഹത്തിന്റെ കടമയല്ലേ? ഇതൊരു കെട്ടുഥയാണെങ്കില്‍ പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കണം. ഒരു പരാതിക്കാരി വരുമ്പോള്‍ അവരെ കേള്‍ക്കാനുള്ള മനസ് പോലും മുഖ്യമന്ത്രി കാട്ടുന്നില്ല.

 

രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിക്കരുതെന്ന് തോന്നി

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും വിശ്വസിക്കരുതെന്ന് തനിക്ക് ഇപ്പോള്‍ തോന്നുന്നെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ആര് ഭരണത്തില്‍ വന്നിട്ടും കാര്യമില്ല. സ്ത്രീകള്‍ അടിസ്ഥാനപരമായി അരക്ഷിതാവസ്ഥയിലാണ്. തൃശൂര്‍ വിമലാ കോളജില്‍ ആട്‌സ് ക്ലബ് ഉദ്ഘാടനം ചെയ്യാന്‍ ഞാന്‍ കഴിഞ്ഞ മാസം പോയിരുന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടലിലാണ് അവര്‍ താമസം ഒരുക്കിയത്. അവിടെ ചെന്നപ്പോള്‍ അനില്‍ അക്കര എം.എല്‍.എ എന്നെ കാണാന്‍ വന്നു. അയാളെ ആദ്യമായാണ് കാണുന്നത്. പിറ്റേ ദിവസത്തെ ദേശാഭിമാനി പത്രത്തില്‍ വന്ന നാല് കോളം വാര്‍ത്ത ഇങ്ങനെയായിരുന്നു: ‘പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാഗ്യലക്ഷ്മയും അനില്‍ക്കരയും മുറിയടച്ചിരുന്നു ഗൂഢാലോചന’ അത് വായിച്ച ഞാന്‍ മനസില്‍ അയ്യേ എന്ന് പറഞ്ഞു. എന്തൊരു വൃത്തികെട്ട സംസ്‌കാരമാണിത്.

 

ടി.എന്‍ സീമ ഇതുവരെ വിളിച്ചില്ല

വടക്കാഞ്ചേരി പ്രശ്‌നം ഉണ്ടയ ശേഷം ടി.എന്‍ സീമ തന്നെ വിളിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ടി.എന്‍ സീമ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ സജീവപ്രവര്‍ത്തകയായിരുന്നു ഭാഗ്യലക്ഷ്മി. സീമ സ്വകാര്യമായെങ്കിലും തന്നെ വിളിച്ചില്ല എന്ന കാര്യത്തില്‍ അത്ഭുതമുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാമായിരുന്നു. എന്നാല്‍ സീമയുമായുള്ള സൗഹൃദം ഇല്ലാതാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു. എന്നാല്‍ സി.പി.എമ്മിലെ പല ഉന്നത നേതാക്കളും തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും അവര്‍ പറയുന്നു. അവരുടെ പേരുകള്‍ പുറത്ത് പറയില്ല. കാരണം അവര്‍ക്ക് പാര്‍ട്ടി വലുതാണ്. പാര്‍ട്ടിക്ക് പലതരത്തിലും ദോഷം വരുത്തുന്നവരുണ്ടെന്ന് അവരൊക്കെ പറഞ്ഞു. അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റുന്നു. വടക്കാഞ്ചേരി മേഖലയിലുള്ള സി.പി.എമ്മുകാര്‍ മാത്രമാണ് തന്നെ ചീത്ത വിളിച്ചതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. പാര്‍ട്ടിയെ നാണം കെടുത്തി എന്നാണ് അവരുടെ ആരോപണം. എന്നിട്ട് പാര്‍ട്ടിയുടെ ചോറല്ലേ ഉണ്ണുന്നത് എന്നാണ് അവര്‍ ഫെയ്‌സ് ബുക്കിലൂടെ ചോദിച്ചത്. അതിനര്‍ത്ഥം കൈരളി ചാനലിലെ പൈസ വാങ്ങിയാണ് ഞാന്‍ ജീവിക്കുന്നതെന്ന്. അതുകൊണ്ടാണ് ചാനലിലെ പരിപാടി അവസാനിപ്പിച്ചത്. വേണ്ടെന്ന് ജോണ്‍ബ്രിട്ടാസ് പറഞ്ഞതാണ്. പക്ഷെ, പരിപാടി നിര്‍ത്തണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ എന്ത് ചെയ്യും ഞാന്‍ ചോദിച്ചു. ആ നാണക്കേട് ഒഴിവാക്കാനാണ് കൈരളിയോട് വിടപറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു

ജനനന്മ എന്ന സംഘടന ഒറ്റപ്പാലത്ത് വച്ച് എം.ടിയെ ആദരിക്കുന്ന ചടങ്ങില്‍ ഭാഗ്യലക്ഷ്മിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാമെന്നേറ്റ സി.പി.എമ്മുകാര്‍ ഭാഗ്യലക്ഷ്മിയുണ്ടെങ്കില്‍ വരില്ലെന്ന് വാശിപിടിച്ചു. അതോടെ സംഘാടകര്‍ നിസഹായരായി. തിരുവനന്തപുരത്ത് എസ്.എഫ്.ഐയുടെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീടവര്‍ വിളിച്ചില്ല. അന്വേഷിച്ചപ്പോള്‍ ലോക്കല്‍ നേതാവ് ഭാഗ്യലക്ഷ്മിയെ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്ന് അറിഞ്ഞു. അതേസമയം ഓര്‍ഫനേജിനെ പരിപാടിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ആര്‍.സി.സിയിലെ പ്രോഗ്രാമില്‍ മന്ത്രി ഷൈലജ ടീച്ചറും തനിക്കൊപ്പം പങ്കെടുത്തെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നിയമവും സമൂഹവും ഇരയ്‌ക്കെതിരെയുള്ള തെളിവുകളാണ് കണ്ടെത്തുന്നത്.

വടക്കാഞ്ചേരി പീഢനം സത്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. നമ്മുടെ നാട്ടില്‍ ഇന്നു വരെ ഒരു ബലാല്‍സംഘക്കേസും പൂര്‍ണമായും തെളിയിക്കപ്പെട്ടിട്ടില്ല. നിര്‍ഭയ കേസില്‍ രാത്രി ബോയിഫ്രണ്ടിനൊപ്പം നടന്നെന്നായിരുന്നു പെണ്‍കുട്ടിയുടെ മേല്‍ നാട്ടുകാര്‍ ചുമത്തിയ കുറ്റം. സമ്യ കേസില്‍ സൗമ്യ എന്തിന്റെയോ കാരിയര്‍ ആയിരുന്നു. ഗോവിന്ദചാമിയുമായി എന്തോ കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായിരുന്നെന്നും പറഞ്ഞു. ജിഷയുടെ കേസില്‍ നാട്ടുകാര്‍ മോശം പറയുന്നു. നിയമവും സമൂഹവും എപ്പോഴും ഇരയ്‌ക്കെതിരെയുള്ള തെളിവുകളാണ് കണ്ടെത്തുന്നതെന്നും ഭാഗ്യലക്ഷമി ചൂണ്ടിക്കാട്ടുന്നു.