വെമൂലയുടെ പേരില്‍ സമ്മേളനനഗരി: കേരളത്തിലെ വെമുലമാരെ അവഗണിച്ച ഡി.വൈ.എഫ്.ഐ അപഹാസ്യരാകുന്നു

ദളിത് പീഡനത്തിനിരയായ രോഹിത വെമുലയെ വാഴ്ത്തുമ്പോള്‍ ലോ അക്കാദമിയിലെ ദളിത് പീഡനങ്ങളെക്കുറിച്ചും മിണ്ടാട്ടമില്ല

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായ വിവേകിനെക്കുറിച്ച് ഡി.വൈ.എഫ്.ഐയ്ക്ക് മിണ്ടാട്ടമില്ല

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: കൊടിയ ജാതീയ അധിക്ഷേപത്തിനിരയായി മരണത്തില്‍ അഭയം തേടിയ ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമൂലയെന്ന ദളിത് വിദ്യാര്‍ഥി ഇന്ത്യയിലെ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെ സമര പോരാട്ടങ്ങള്‍ക്ക് എക്കാലവും ആവേശമാകുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാണ് സി.പി.എമ്മിന്റെ വിപ്ലവ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ സമ്മേളനം ഇന്ത്യയുടെ തെക്കേയറ്റമായ കേരളത്തിലെ കൊച്ചിയില്‍ നടത്തിയിട്ടും സമ്മേളന വേദിക്ക് രോഹിത് വെമൂല മഞ്ചെന്ന് പേരിട്ടത്. ഇതിലൂടെ വിപ്ലവ യുവജന പ്രസ്ഥാനമെന്ന നിലയില്‍ ഡി.വൈ.എഫ്.ഐ തങ്ങളുടെ ചരിത്രമപരമായ കടമയാണ് നിര്‍വഹിച്ചിരിക്കുന്നത്.

രോഹിത് വെമൂലയുടെ ഉണങ്ങി വരണ്ടിരുണ്ട് പോയ ചോരയെ പച്ചയാക്കി രക്്തസാക്ഷിത്വത്തിന്റെ ചുടുഗന്ധം സഖാക്കളുടെ സിരകളിലേക്ക് കടത്തിവിട്ട് സംഘടനയെ ചടുലമാക്കാന്‍ നേതാക്കള്‍ ശ്രമിക്കുമ്പോഴും അധികാരവഴിയിലേക്കുള്ള പാച്ചിലിനിടെ വര്‍ഗ സംഘടനകള്‍തന്നെ ചവിട്ടിയാഴിത്തിയ വെമൂലമാര്‍ ഡി.വൈ.എഫ്.ഐക്ക് മുന്നില്‍ മറുപടി നല്‍കാനാകാത്ത ചോദ്യമാകുമെന്നതില്‍ സംശയമില്ല.

സമ്മേളനവേദിയില്‍നിന്ന് ഏറെ അകലെയല്ലാത്ത കോട്ടയത്തെ രാഷ്ട്രപിതാവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ എം.ഫില്‍ വിദ്യാര്‍ഥിയായ ദളിത് യുവാവ് എസ്.എഫ്.ഐ സഖാക്കളുടെ ആക്രമണത്തിനിരയായത് അടുത്തിടെയാണ്. ഗുരുതരമായി പരുക്കേറ്റ വിവേക് കുമാരനെന്ന ആ വിദ്യാര്‍ഥിയെ ഭരണസ്വാധീനത്തില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുകയെന്ന ഫഷിസ്റ്റ് പ്രതികാരമാണ് സംഘടന ചെയ്തത്. കേരള ചരിത്രത്തില്‍ ആദ്യമായി ദളിത് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിന് സി.പി.എമ്മിനും അനുബന്ധ  വര്‍ഗ സംഘടനകള്‍ക്കുമെതിരെ ദളിത് സംഘടനകള്‍ സംയുക്തമായി ഹര്‍ത്താല്‍ നടത്തിയതും കോട്ടയത്താണ്. നാട്ടകം പോളിടെക്‌നിക്കിലെ ദളിത് വിദ്യാര്‍ഥിയാണ് അന്ന് എസ്.എഫ്.ഐയുടെ ആക്രമണത്തിനിരയായത്.

തൃപ്പൂണിത്തറ ആര്‍എല്‍വി സംഗീത കോളജില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിലും എസ്.എഫ്.ഐ സഖാക്കളുടെ വിപ്ലവവീര്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ദളിത് പീഡന വിരുദ്ധ സമര സമിതി സിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ ഉരുക്കുമുഷ്ടികൊണ്ടാണ് പിണറായിയുടെ പൊലീസ് നേരിട്ടതും.

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിനിടയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന ദളിത് പീഡന വാര്‍ത്തകള്‍ക്ക് ചെവികൊടുക്കാനോ ഏറ്റെടുക്കാനോ എസ്.എഫ്.ഐയോ ഡി.വൈ.എഫ്.ഐയോ ഇതുവരെ തയാറായിട്ടില്ല. പ്രിന്‍സിപ്പല്‍ ലക്ഷമി നായര്‍ക്കെതിരെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഗുരുതര ആരോപണങ്ങളുന്നയിച്ച് പൊലീസിനും എസ്.സി എസ്.ടി കമ്മീഷനുകള്‍ക്കും പരാതി നല്‍കിയത്. ഇത്രയേറെ മനുഷ്യാവകാശ ധ്വംസന വാര്‍ത്തകള്‍ തലസ്ഥാനത്തെ നിയമ കലാലയത്തില്‍ നിന്നുയര്‍ന്നിട്ടും വായ്തുറന്ന് എന്തെങ്കിലും ഉരിയാടാന്‍ ഡി.വൈ.എഫ്.ഐയിലെ വിപ്ലവസഖാക്കള്‍ തയാറാകാത്തത് അപമാനകരമാണ്.

കണ്‍മുന്നില്‍ നടക്കുന്ന പ്രശ്‌നങ്ങളെ അവഗണിക്കുകയും ഇരകള്‍ക്കൊപ്പം നിന്ന് വേട്ടക്കാരനാകുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രോഹിത് വെമുലയെ കേരളത്തിലേക്ക് കെട്ടിയെഴുന്നള്ളിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നതില്‍ തര്‍ക്കമില്ല.

 

ഭരണകൂടഭീകരതയെക്കുറിച്ച് എല്ലാകാലങ്ങലിലും വാചാലരാകാറുള്ള ഡി.വൈ.എഫ്.ഐക്ക് പിണറായിക്ക് കീഴിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭീകരത കാണാനേ കഴിയുന്നില്ല. ജിഷ്ണു പ്രണോയ് എന്ന ഇടത് സഹയാത്രികനായ വിദ്യാര്‍ഥിയുടെ മരണത്തിന് ഉത്തരവാദികളായവരെപ്പോലും നിയമത്തിന് മുന്നിലെത്തിക്കാനാകാത്തത് അപഹാസ്യമാണ്. ഇരകള്‍ നല്‍കിയ ആനുകൂല്യങ്ങള്‍ അര്‍ഹിച്ചതിലുമേറെ കൈപ്പറ്റുകയോ കവര്‍ന്നെടുക്കയോ ചെയ്തിട്ടുള്ള സി.പി.എമ്മും പോഷക സംഘടനകളും ഇന്ന് വേട്ടക്കാരനൊപ്പം ചേരുകയും വേട്ടയ്ക്കിറങ്ങുകയും ചെയ്യുന്നത് ജനകീയ പ്രതിരോധത്താല്‍ തൂത്തെറിയപ്പെടുന്നകാലവും വിദൂരമല്ല.

 

വെമൂലയുടെ രക്തസാക്ഷിത്വവും ജെ.എന്‍.യു, ഹൈദരാബാദ് സര്‍വകലാശാലകളിലെ സമരങ്ങളും സമര്‍ഥമായി ഉപയോഗിച്ച ഡി.വൈ.എഫ്.ഐ നേതാക്കള്‍ ലോ അക്കാദമി വിഷയത്തില്‍ കുറ്റകരമായ മൗനം പാലിച്ച് രോഹിത് വെമൂല മഞ്ചില്‍ നടത്തുന്ന അഖിലേന്ത്യാ സമ്മേളനത്തെച്ചൊല്ലി ഒരുനാള്‍ കുമ്പസരിക്കേണ്ടി വരുമെന്നുറപ്പാണ്.