മോഹന്‍ലാലും മഞ്ജുവാര്യരും ദമ്പതികളാകുന്നു

തിരുവനന്തപുരം: മോഹന്‍ലാലും മഞ്ജുവാര്യരും ദമ്പതികളായി അഭിനയിക്കുന്നു. ആറാംതമ്പുരാന്‍, കന്‍മദം, എന്നും എപ്പോഴും തുടങ്ങിയ ചിത്രങ്ങളില്‍ മുമ്പ് ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും ഭാര്യാഭര്‍ത്താക്കന്‍മാരായി ആദ്യമായാണ് ഇരുവരും വെള്ളിത്തിരയിലെത്തുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് രണ്ട് താരങ്ങളും വീണ്ടും ഒന്നിക്കുന്നത്. വിശാല്‍, ഹന്‍സിക, തെലുങ്ക് നടന്‍ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരാണ് മറ്റ് താരങ്ങള്‍. തമിഴിലും തെലുങ്കിലും കന്നടിയിലും സിനിമ മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് അന്യഭാഷകളില്‍ നിന്നുള്ള താരങ്ങളെ അണിനിരത്തുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
റിട്ടേഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഭാര്യ വളരെ ബോള്‍ഡായ കഥാപാത്രമാണ് അതുകൊണ്ടാണ് മഞ്ജുവിനെ തെരഞ്ഞെടുത്തത്. റാഷി ഖന്നയും പൊലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്. രണ്ട് മാസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വാഗമണ്ണിലാണ് ഷൂട്ട് തുടങ്ങുന്നത്. ഉണ്ണികൃഷ്ണന്റെ പതിവ് രീതിയിലുള്ള ഇന്‍വസ്റ്റിഗേറ്റീവ്, ത്രില്ലര്‍, ക്രൈം ഡ്രാമയായിരിക്കും പുതിയ ചിത്രവും. പ്രവാസിമലയാളിയും ആശീര്‍വാദും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാര്യരും അഭിനയിച്ച സിനിമകളൊന്നും സാമ്പത്തിക പരാജയം ആയിരുന്നില്ല. അതുകൊണ്ടാണ് ചിത്രത്തില്‍ മഞ്ജുവിനെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.