നോട്ട് മാറ്റം: ജനംചോദിക്കുന്നു; അവരെവിടെപ്പോയി? ക്യൂവില്‍ എം.പിമാരെയും എം.എല്‍.എമാരെയും കാണുന്നില്ല.

-സ്വന്തം ലേഖകന്‍-

രാജ്യമാകെ നോട്ട്ക്ഷാമം കൊടുമ്പിരികൊള്ളുമ്പോള്‍ ജന പ്രതിനിധികളെയോ, രാഷ്ടീയ നേതാക്കളെയൊ ജനങ്ങളോടൊപ്പം ക്യൂവില്‍ നില്‍ക്കാന്‍ കാണുന്നില്ല. ഒരു ദിവസം ഡല്‍ഹിയിലെ ഒരു ബാങ്കിലെ ക്യൂവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വന്ന് നിന്ന് 4000 രൂപ മാറിക്കൊണ്ട് പോയി.
ആദ്യവും അവസാനവുമായി ഒരു രാഷ്ടീയ നേതാവ് ക്യൂവില്‍ നിന്ന നോട്ട് മാറിയെടുത്ത സംഭവമാണിത്-
കഴിഞ്ഞ എട്ട് ദിവസമായി രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍ വലിച്ചതിന്റെ പേരില്‍ വലിയ കോലാഹല ങ്ങള്‍ നടക്കുന്നു. പരസ്പരം ആരോപണ പ്രത്യാരോപ ണങ്ങള്‍ ഉന്നയിക്കുന്നു. മാധ്യമങ്ങള്‍ ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് വിലാപ കാവ്യങ്ങള്‍ ചമയ്ക്കുന്നു. പ്രധാനമന്ത്രി ജനങ്ങളുടെ ദുരിതത്തെയൊര്‍ത്ത് പേര്‍ത്തും പേര്‍ത്തും കരയുന്നു.
പക്ഷേ, പൊരിവെയിലെത്ത് നില്‍ക്കുന്ന ജനങ്ങള്‍ക്കൊപ്പം നോട്ട് മാറാന്‍ ഒരു ചോട്ടാ നേതാവിനെപ്പോലും കാണുന്നില്ല. ഇവര്‍ക്ക് ജീവിക്കാന്‍ പണം വേണ്ടെ യെന്ന് ജനങ്ങള്‍ ചോദിക്കുന്നു. സംസ്ഥാനത്ത് 140 നിയമസഭാ പ്രതിനിധികളുണ്ട്. 20 ലോക് സഭാംഗങ്ങള്‍, 18 രാജ്യസഭ അംഗങ്ങള്‍, 10000 ത്തിലധികം പഞ്ചായത്തംഗങ്ങള്‍ ഒക്കെ ഉണ്ടായിട്ടും ഇവരാരും ജനങ്ങള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുന്നത് ആരും കണ്ടില്ല. ഇവര്‍ക്ക് ജീവിക്കാന്‍ പണം വേണ്ടെ?
അതോ കള്ളപ്പണമുപയോഗിച്ചാണോ ഇവര്‍ ജീവിക്കുന്നത്? നോട്ടുമാറ്റത്തെ ക്കുറിച്ച് സ്തുതിഗീതങ്ങള്‍ പാടുന്ന അറിയപ്പെട്ടുന്ന ബി.ജെ.പി നേതാക്കളെപ്പോലും ക്യൂവില്‍ കണ്ടില്ല. സാധാരണക്കാര്‍ക്ക് മാത്രമുള്ള ദുരിതമാണോ ഇതെന്ന് ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?