ഇന്ത്യന്‍ ജവാന്‍മാരുടെ മൃതദേഹം പാക്കിസ്ഥാന്‍ വികൃതമാക്കി; തിരിച്ചടിക്കുമെന്ന് ഇന്ത്യ

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയിലെ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ വികൃതമാക്കി. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഗാട്ടി മേഖലയിലുണ്ടായ ആക്രമണത്തിലാണ് രണ്ട് ജവാന്‍മാര്‍ രാവിലെ കൊല്ലപ്പെട്ടത്

പാക്ക് സൈന്യത്തിന്റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി. ഒരു സൈന്യത്തില്‍നിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റേതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി.

സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിനു പിന്നില്‍ പാക്ക് സൈന്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. രാവിലെ 8.30 ഓടെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ബിഎസ്എഫ് പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു റോക്കറ്റുകള്‍ മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചുള്ള ആക്രമണം. അതിര്‍ത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ഒരു സൈനികനും മറ്റൊരു ജൂനിയര്‍ ഓഫിസറുമാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. മറ്റൊരു സൈനികനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേനയ്ക്കു നേരെ പാക്ക് സൈന്യം ആക്രമണം നടത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇത് എട്ടാം തവണയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് പൂഞ്ച് സെക്ടറിലും ഏപ്രില്‍ 17ന് നൗഷേര സെക്ടറിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. 2016ല്‍ നിയന്ത്രണരേഖയ്ക്കു സമീപം 228 തവണയാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രാജ്യാന്തര അതിര്‍ത്തിയില്‍ 221 തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി.