ഗോധയിലെ പഞ്ചാബി സുന്ദരിയുടെ വിശേഷങ്ങള്‍ വായിക്കാം

ഗോധയുടെ പാട്ടുകള്‍ ഹിറ്റ്‌ലിസ്റ്റില്‍ കയറിയതോടെ മലയാളി സിനിമാ ആരാധകര്‍ അന്വേഷിക്കുകയാണ് നായികയെക്കുറിച്ച്. വാമിഖ ഗബ്ബി മലയാളിയുവാക്കളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ആ സുന്ദരിയുടെ വിശേഷങ്ങള്‍ വായിക്കാം. ടൊവിനോ തോമസ് നായകനായ ഗോദയിലാണ് വാമിഖ മലയാളത്തില്‍ വേഷമിട്ടത്. ഇതിനു പിന്നാലെ തെന്നിന്ത്യന്‍ സിനിമകളില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ്. എസ്ജെ സൂര്യ-അശ്വിന്‍ ശരവണന്‍ സിനിമയായ ഇറവകാലത്തിലാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. എന്നാല്‍, ഇത്രകാലം എന്തുകൊണ്ടു തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചുകണ്ടില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണു വാമിഖ.

wamiqa

തെന്നിന്ത്യന്‍ സിനിമകളെ അവമതിപ്പോടെയായിരുന്നു കണ്ടിരുന്നതെന്നും കുട്ടിക്കാലത്തു ഡബ്ബ് ചെയ്തു കാട്ടിയിരുന്ന ടിവി സിനിമകളിലൂടെ മാത്രമായിരുന്നു മലയാളമടക്കമുള്ള സിനിമകളെക്കുറിച്ചുള്ള അറിവെന്നും ഇതു ഏറെക്കാലം തിരുത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ പറഞ്ഞു. നായകനു വയറില്‍ നുള്ളാനുള്ള ആളുകളായി മാത്രമാണ് തെന്നിന്ത്യയിലെ നായികമാരെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെയാണു മാലൈ നേരത്തു മയക്കമാ പോലുള്ള സിനിമകളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചത്.

wamiqa-gabbi

എന്നാല്‍, പിന്നീടു കൂടുതല്‍ തെരഞ്ഞെു ചെന്നപ്പോഴാണു കൂടുതല്‍ മനോഹരങ്ങളായ സിനിമകള്‍ മലയാളത്തിലും തമിഴിലുമൊക്കെയായി ഇറങ്ങിയിട്ടുണ്ടെന്നു മനസിലായത്. എന്റെ ധാരണകള്‍ തെറ്റായിരുന്നു എന്നു ബോധ്യപ്പെട്ടതുകൊണ്ടാണു തെന്നിന്ത്യന്‍ സിനിമകളിലേക്കു കൂടുതല്‍ കടന്നു വരാന്‍ തീരുമാനിച്ചത്. വയര്‍ കാട്ടിയുള്ള അഭിനയം മാത്രമല്ല ഇവിടെ നടക്കുന്നതെന്നും മനസിലാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഉത്തരേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നതിനേക്കാള്‍ സന്തോഷവതിയാണു ഞാനെന്നും വാമിഖ പറയുന്നു.

ഇപ്പോള്‍ ഉത്തരേന്ത്യന്‍ സിനിമകളില്‍ ലഭിക്കുന്നതിനേക്കാള്‍ മികച്ച വേഷങ്ങളാണു തെന്നിന്ത്യന്‍ സിനിമകളില്‍ ലഭിക്കുന്നത്. അവയെല്ലാം ശക്തയായ സ്ത്രീയുടെ കഥയാണ്. ഗോദയില്‍ എന്നെ ടീഷര്‍ട്ടും പാന്റ്സും ധരിച്ചേ കാണാന്‍ കഴിയൂ. നായകന്റെ സിനിമയേക്കാള്‍ നായികയായ എന്റെ സിനിമയാണിതെന്നു പറയാനാണ് ആഗ്രഹം. എന്റെ കഴിവുകള്‍ പുറര്‍ത്തെടുക്കാന്‍ പറ്റിയ ഇടങ്ങള്‍ ഇടിടെയുണ്ടെന്നാണു കരതുന്നതെന്നും അവര്‍ പറയുന്നു.

ഗോദയില്‍ ഗുസ്തിക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയായിട്ടാണു പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്ത വേഷങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണു സിനിമയിലെത്തിയത്. എല്ലാവരും പിന്തുണച്ചു. കഴിവുറ്റവരുടെ കൂട്ടായ്മയായതുകൊണ്ട് ഈഗോ പ്രശ്നങ്ങളൊന്നും ഗോദയുടെ സെറ്റില്‍ ഉണ്ടായില്ല. കേരളത്തിലെ മീന്‍കറിയാണ് ഏറെ ഇഷ്ടമായത്. ഇപ്പോള്‍ മലയാളം പഠിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, സിനിമയില്‍ ഹിന്ദിയും പഞ്ചാബിയുമാണ് കൂടുതല്‍ സംസാരിക്കുന്നത്. അടുത്തത് എസ്ജെ സൂര്യക്കൊപ്പമുള്ള തമിഴ് സിനിമയാണ്. മേയ് പകുതിയില്‍ ഊട്ടിയില്‍ ചിത്രീകരണം തുടങ്ങും. സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ഗണത്തിലുള്ളതാണു സിനിമ. വിവാഹവും മറ്റു ബന്ധങ്ങളുമാണു ചര്‍ച്ച ചെയ്യുന്നത്- വാമിഖ കൂട്ടിച്ചേര്‍ത്തു.

രണ്‍ബീര്‍ കപൂറിന്റെ കടുത്ത ആരാധികയാണു വാമിഖ. റോക്സ്റ്റാര്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. ലേഡി റോക്സ്റ്റാര്‍ ഗണത്തിലുള്ള സിനിമ ചെയ്യുകയാണു സ്വപ്നം.