ഉണ്ണിമുകുന്ദന്റെ വ്യാജനെ പിടികൂടി

സെലിബ്രിറ്റികളുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടാക്കി സമൂഹത്തെ വഞ്ചിക്കുന്ന വിരുതന്മാര്‍ ഇപ്പോള്‍ ധാരാളമുണ്ട്. പലരും പിടിക്കപ്പെടുന്നുണ്ടെങ്കിലും പുതിയവര്‍ രംഗത്ത് വരുന്നുമുണ്ട്. സ്ത്രീകളും കുട്ടികളും ഇക്കൂട്ടരുടെ വലയില്‍ വീണ് വഞ്ചിതരാകാതിരിക്കുക. ഇത്തരം ചതിക്കുഴിയിലകപ്പെട്ട സംഭവം ഏറ്റവും പുതിയതായി നടന്നത് എറണാകുളത്തെ ഒരു പെണ്‍കുട്ടിക്കാണ്. നടന്‍ ഉണ്ണിമുകുന്ദന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ പ്രൊഫൈലിലൂടെ പെണ്‍കുട്ടി കടന്നുചെല്ലുകയും വ്യാജനമ്പരിലൂടെ നിരന്തരം മെസ്സേജ് അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

പുതിയ സിനിമകളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ കൃത്യമായി പറഞ്ഞുകൊണ്ടിരുന്നു. ആദ്യമാദ്യം എല്ലാം സത്യമായി വിശ്വസിക്കുന്ന തരത്തിലായിരുന്നു സന്ദേശങ്ങളെങ്കിലും പിന്നീട് പലതും സംശയമുളവാക്കുന്ന തരത്തിലായിരുന്നു. ഒടുവില്‍ ഉണ്ണിമുകുന്ദന്റെ പേഴ്‌സണല്‍ നമ്പര്‍ തേടിപ്പിടിച്ച് ഉണ്ണിയുമായി പെണ്‍കുട്ടി നേരില്‍ സംസാരിച്ചു. ആ സംസാരത്തിലൂടെയാണ് അതുവരെ ബന്ധപ്പെട്ടുകൊണ്ടിരുന്നത് ഉണ്ണിമുകുന്ദന്റെ വ്യാജനുമായിട്ടായിരുന്നുവെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഇത്തരമൊരു ചതിവ് നടത്തിയ വ്യാജനെ പിടികൂടിയിട്ടുതന്നെ കാര്യമെന്ന് പെണ്‍കുട്ടി തീരുമാനിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയശേഷം അവരുടെ സഹായത്തോടെ ആ ‘വ്യാജനെ’ കണ്ടുപിടിക്കുകതന്നെ ചെയ്തു.

അത് ആലപ്പുഴയിലെ ഒരു ചെറുപ്പക്കാരനായിരുന്നു. ഇതേക്കുറിച്ച് ഉണ്ണിമുകുന്ദനും പറഞ്ഞു. എങ്ങനെയാണെന്നറിയില്ല. സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ വ്യാജനുണ്ടാകുന്നത് എന്റെ പേരിലാണെന്ന് തോന്നുന്നു. ഫെയ്‌സ്ബുക്കില്‍ എന്റെ പേജ് ചെയ്തുകൊണ്ടിരിക്കുന്നത് അബ്ദുള്‍ മനാഫ് എന്നൊരാളാണ്. ഒരു മാസത്തെ കണക്കുനോക്കിയാല്‍ ഒരായിരം ഫെയ്ക്ക് അക്കൗണ്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓരോന്നും നീക്കം ചെയ്ത് ചെയ്ത് മടുത്തു എന്നുതന്നെ പറയാം. ആരെങ്കിലുമൊക്കെ ഉണ്ണിമുകുന്ദന്‍ എന്ന പേരും എന്റെ ഫോട്ടോയും വച്ച് എന്റെ പേജുണ്ടാക്കും. ഫെയ്‌സ് ബുക്കില്‍ എന്റെ കൃത്യമായ പേജുണ്ട്. അത് ശ്രദ്ധിക്കാതെയും അറിയാതെയുമാണ് വ്യാജമായ പേജിലേയ്ക്ക് പലരും കയറുന്നത്. എന്തായാലും ഇത് കൂടികൂടി വരുന്നതുകൊണ്ട് എന്തുകൊണ്ട് ഞാന്‍ ഇതിനെതിരെ പ്രതികരിച്ചില്ല..?

അല്ലെങ്കില്‍ നടപടിയെടുത്തില്ലായെന്ന് നാളെ ആരും പറയരുത്. അതുകൊണ്ട് ഇത്തരം വ്യാജന്മാരെ കുടുക്കാന്‍ ഞാനും ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുകയാണ്. ഇനി പുറകോട്ടില്ല. അതുകൊണ്ട് എന്റെ മാത്രമല്ല, പല സെലിബ്രിറ്റികളുടെയും വ്യാജമായ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തിരിച്ചറിയുക. ഈയടുത്ത് ഇത്തരം കേസുകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. നടി കാവ്യാമാധവനും ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി വ്യാജനെ പിടികൂടിയിട്ടുണ്ട്. എന്തായാലും ജാഗ്രതൈ…!