മഞ്ചേരി മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കളും അമ്മമാരും കഴിയുന്നത് ആശുപത്രി വരാന്തയില്‍

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കളും അമ്മമാരും കഴിയുന്നത് ആശുപത്രി വരാന്തയില്‍. അണുബാധ മാത്രമല്ല, വരാന്തയിലെ തിക്കും തിരക്കും പോലും ഈ കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാണ്. പ്രസവശസ്ത്രക്രിയ കഴിഞ്ഞവരും കിടക്കുന്നത് നടന്നുപോവുന്നവരുടെ കാല്‍ച്ചുവട്ടില്‍.

വരാന്തയിലൂടെ നടന്നു പോകുന്നവരുടെ ചുവടുകള്‍ പിഴക്കരുതെന്നാണ് കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് കിടക്കുന്ന ഈ അമ്മമാരുടെ പ്രാര്‍ഥന. പിറന്ന അന്നു തന്നെ കുഞ്ഞുങ്ങളും അവരുടെ അമ്മമാരും വരാന്തയിലാണ് കിടക്കുന്നു. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരേപോലെ അണുബാധ ഭീഷണി നിലനില്‍ക്കുന്നു.

നടന്നു പോകുബോള്‍ ഉയരുന്ന പൊടിയും രോഗാണുബാധയുമെല്ലാം ഇവരെ രോഗികളാക്കിയേക്കാം. പ്രസവവാര്‍ഡില്‍ ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്തതാണ് വരാന്തയിലെ അഡ്മിഷനുകള്‍ക്കും കാരണം.
പ്രസവ ശസ്ത്രക്രീയ കഴിഞ്ഞവര്‍ക്ക് പോലും കട്ടില്‍ നല്‍കാനില്ല. ഇവരെയും അണുബോധ വകവക്കാതെ വരാന്തയില്‍ കിടത്തുകയാണിപ്പോള്‍.

ഇവിടെ കിടന്ന കുട്ടിക്ക് ഗുരുതര അണുബാധ ബാധിച്ചെങ്കിലും വലിയ പ്രതിഷേധമുയരാതെ ആശുപത്രി അധികൃതര്‍ തന്നെ ഒതുക്കിത്തീര്‍ത്തത് കഴിഞ്ഞ മാസമാണ്. ദിവസവും ശരാശരി ഇരുപത് പ്രസവമാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നത്. വരാന്തയിലെ അമ്മമാരുടെയും നവജാത ശിശുക്കളുടേയും നീണ്ട നിര മനോരോഗികളുടെ വാര്‍ഡിന് മുന്നിലേക്കാണ് നീളുന്നത്.

മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കുന്ന രോഗികളുടെ സമീപത്തെ ഈ കിടത്തം കുരുന്നുകള്‍ക്കും അമ്മമാര്‍ക്കും പരീക്ഷണമാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ അമ്മമാരും കുട്ടികളും അത്ര സുരക്ഷിതരല്ലെന്ന് അധികാരികള്‍ക്കെല്ലാം അറിയാം. ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ ഏറെയുണ്ട്. പക്ഷെ നടപ്പാക്കാന്‍ ഇച്ഛാശക്തി മാത്രമില്ല.