‘കൊച്ചിമെട്രോ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണം, അദ്ദേഹത്തിന്റെ സമയത്തിനായി കാത്തിരിക്കും, മെയ് 30 എന്ന പ്രഖ്യാപനം തെറ്റിദ്ധാരണമൂലം’ : മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താല്‍ക്കാലികമായി അവസാനിക്കുന്നു. മെട്രോ ഉദ്ഘാടനം മെയ് 30ന് നടത്തണമെന്ന നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു തീരുമാനവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയില്ലെങ്കില്‍ മറ്റാരെങ്കിലും ഉദ്ഘാടനം ചെയ്യണമെന്ന തരത്തിലുള്ള ആലോചനയും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായത്തെ പൂര്‍ണമായും തള്ളിക്കളയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു തീയതി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദിവസം കണ്ടെത്താനുള്ള ശ്രമം സംസ്ഥാനം തുടരുകയാണ്. ഇതിനായി നിരന്തരം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ തീയതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ തീയതി ലഭിച്ചിട്ട് മാത്രം മറ്റ് തീരുമാനങ്ങളെടുക്കും. മെയ് 30 എന്നത് തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാകാം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അദ്ദേഹം ഇല്ലെന്ന് പറയുകയാണെങ്കില്‍ മാത്രമേ, മറ്റൊരാളുടെ കാര്യം ആലോചിക്കൂവെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതിയില്‍ കടുംപിടുത്തമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. 30ന് ഉദ്ഘാടനമെന്ന തീരുമാനം സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെട്രോ ഉദ്ഘാടനത്തിന് വരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ക്ഷണം ഏപ്രില്‍ 11 ന് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് അയച്ചു. മെയ് രണ്ടാംവാരം ഉദ്ഘാടനത്തിന് തീയതി നല്‍കണമെന്നാണ് അതില്‍ അവശ്യപ്പെട്ടിരുന്നത്. ഇനിയും അതിന് മറുപടി ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ല. സംസ്ഥാനത്തിന്റെ പ്രധാന നേട്ടം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്നത് സംസ്ഥാനത്തിന്റെ താല്‍പര്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തീയതി സംബന്ധിച്ച് സര്‍ക്കാരിന് കടുംപിടുത്തമില്ല. സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹം ഇല്ലെന്ന് അറിയിച്ചാല്‍ മാത്രമാണ് മറ്റ് വഴികളെന്നും ഓഫീസ് വ്യക്തമാക്കി.

മെട്രോയുടെ ഉദ്ഘാടനം മെയ് 30 നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിക്ക് വേണ്ടി അനന്തമായി കാത്തിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പറഞ്ഞതാണ് വിവാദത്തിന് തുടക്കമിട്ടത്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസം ഉദ്ഘാടന തീയതിയില്‍ വന്നേക്കാമെന്നും എന്നാല്‍ പ്രധാനമന്ത്രിക്ക് വേണ്ടി അനന്തമായി കാത്തിരിക്കാന്‍ കഴിയില്ലല്ലോ എന്നും മന്ത്രി അറിയിച്ചിരുന്നു.

പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം ഒഴിവാക്കിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചിരിക്കുന്നത്.കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തില്‍ നിന്ന് പ്രധാനമന്ത്രിയെ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അസൗകര്യം നോക്കിയാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചതെന്ന് കുമ്മനം കുറ്റപ്പെടുത്തി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. വിദേശപര്യടനം കഴിഞ്ഞ് ജൂണ്‍ നാലിന് മാത്രമേ പ്രധാനമന്ത്രി തിരിച്ചെത്തൂ.

കേരളത്തിന്റെ ഈ അഭിമാനപദ്ധതിയുടെ ഉദ്ഘാടനപ്രഖ്യാപനം തന്നെ വിവാദത്തിലായിരിക്കുകയാണ്. കേന്ദ്രഫണ്ടുകൂടി ഉപയോഗിച്ച് ഒരുക്കിയ മെട്രോയുടെ ഉദ്ഘാടനത്തില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത് ശരിയല്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ഏപ്രിലില്‍ തന്നെ പ്രവര്‍ത്തന സജ്ജമായി മെയ് ആദ്യം തന്നെ അനുമതികളും ലഭിച്ച പദ്ധതിയാണ് മെട്രോ. കൊച്ചിയിലെ മഴയിലുള്ള വലിയ ട്രാഫിക് പ്രശ്‌നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍, പദ്ധതിയുടെ ഉടനുള്ള ഉദ്ഘാടനത്തിന് കഴിയുമെന്നാണ് മറുവാദം. ഉദ്ഘാടനമല്ല, ജനങ്ങള്‍ക്ക് സേവനം വേഗമൊരുക്കുകയാണ് വേണ്ടതെന്ന വാദവും ഇവര്‍ മുന്നോട്ടുവെക്കുന്നു. ഈ വിവാദത്തിനാണ് മുഖ്യമന്ത്രി സമയോചിതമായി ഇടപെട്ട് താല്‍ക്കാലിക വിരാമമിട്ടിരിക്കുന്നത്.