രേഖാ മോഹന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു

തൃശൂര്‍: അന്തരിച്ച ചലച്ചിത്ര-സീരിയല്‍ നടി രേഖാ മോഹന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി അടുത്ത ബന്ധുക്കള്‍. അര്‍ബുദ രോഗിയായ രേഖ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ഭര്‍ത്താവ് മോഹന്‍ മലേഷ്യയ്ക്ക് പോയത്. കുട്ടികളില്ലാത്ത ഇവര്‍ ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. വിവാഹ ശേഷം അഭിനയം നിര്‍ത്തിയ രേഖ ഭര്‍ത്തിവിനൊപ്പം മലേഷ്യയില്‍ ബിസിനസ് നടത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്. അതേസമയം മരണത്തില്‍ സംശയിക്കത്തക്ക കാരണങ്ങളൊന്നുമില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്ന് പൊലീസ് പറഞ്ഞു.
ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങിയ സിനിമകളിലൂടെയാണ് രേഖാ മോഹന്‍ ശ്രദ്ധനേടിയത്. പിന്നീട് മായമ്മ എന്ന സീരിയലിലും അഭിനയിച്ചു. വിവാഹ ശേഷം അഭിനയം നിര്‍ത്തി. 2009ല്‍ മലേഷ്യയിലേക്ക് പറന്നു. നീ വരുവോളം എന്ന സിനിമയിലെ വേഷമാണ് രേഖാമോഹന് വഴിത്തിരിവായത്. സഹോദരന്റെ മുന്നിലിട്ട് ഒരു സംഘം ബലാല്‍സംഘം ചെയ്ത യുവതിയുടെ കഥയായിരുന്നു അത്. ദിലീപായിരുന്നു സഹോദരനായി അഭിനയിച്ചത്. സിബിമലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം പരാജയമായിരുന്നെങ്കിലും രേഖയെ എല്ലാവര്‍ക്കും ഇഷ്ടമായി. ലോഹിതദാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹരികുമാര്‍ ഉദ്യാനപാലകനില്‍ രേഖയെ കാസ്റ്റ് ചെയ്യിച്ചത്.
കൊടകര കാരൂര്‍ പിഷാരത്ത് വീട്ടില്‍ പരേതനായ നാരായണ പിഷാരടിയുടെ മകളാണ്. ഇരട്ട സഹോദരി രാഖി. ശോഭാസിറ്റിയിലെ ഫ്‌ളാറ്റില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം ഞായറാഴ്ച  വൈകുന്നേരം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിച്ചു. ശനിയാഴ്ച വൈകിട്ടാണ് രേഖയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് പലതവണ വിളിച്ചിട്ടും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചതായി അറിഞ്ഞത്.