കോമണ്‍വെല്‍ത്ത് ഗെയിംസ്: 400 മീറ്റര്‍ ഫൈനലില്‍ മുഹമ്മദ് അനസിന് ദേശീയ റെക്കോർഡോടുകൂടി നാലാം സ്ഥാനം

ഓസ്‌ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്റര്‍ ഫൈനലില്‍ മലയാളി താരം മുഹമ്മദ് അനസിന് ദേശീയ റെക്കോർഡോടുകൂടി നാലാം സ്ഥാനം. ബോട്‌സ്വാനയുടെ ഐസക്ക് മക്വാനയ്ക്കാണ് സ്വര്‍ണ്ണം. 45.31 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്.

അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ സ്വർണ്ണം ലഭിച്ചിരുന്നു. ഹീന സിദ്ദുവാണ് മെഡല്‍ നേടിയത്.  ഫൈനലിൽ 38 പോയിന്റു നേടി ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചാണ് ഹീനയുടെ സ്വർണനേട്ടം. നേരത്തെ, 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ തന്നെ മനു ഭാകറിനു പിന്നിൽ രണ്ടാമതെത്തിയാണ് ഹീന സിദ്ദു വെള്ളി നേടിയത്.

ഇതോടെ 11 സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 20 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തു തുടരുകയാണ്. 41 സ്വർണവും 34 വെള്ളിയും 34 വെങ്കലവും ഉൾപ്പെടെ 109 മെഡലുകളുമായി ആതിഥേയരായ ഓസ്ട്രേലിയയാണ് ഒന്നാമത്. 23 സ്വർണവും 26 വെള്ളിയും 20 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുണ്ട്.

ഹീനയ്ക്കു പുറമെ പുരുഷ ബോക്സിങ് 49 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ കടന്ന അമിത് പൻഗാലും ഇന്ത്യയ്ക്ക് മെഡലുറപ്പിച്ചു. സ്കോട്‌ലൻഡിന്റെ അഖ്വീൽ അഹമ്മദിനെ തകർത്താണ് അമിതിന്റെ സെമിപ്രവേശം. അതേസമയം, 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിൽ ഇന്ത്യയുടെ ഗഗൻ നരാങ്ങിനും ചെയിൻ സിങ്ങിനും മെഡൽ നേടാനാകാതെ പോയത് നിരാശയായി. ഫൈനലിൽ ചെയിൻ സിങ് നാലാമതായപ്പോൾ, ഗഗന് ഏഴാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.

അഞ്ചാം ദിനമായ ഇന്നലെ ഷൂട്ടിങ് റേഞ്ചിലെ വിശ്വസ്തൻ ജീത്തു റായിയുടെ റെക്കോർഡ് സ്വർണം, മിക്സ്ഡ് ബാഡ്മിന്റൻ ടീമിന്റെയും പുരുഷ ടേബിൾ ടെന്നിസ് ടീമിന്റെയും ആവേശ വിജയങ്ങൾ എന്നിവ നിറം പകർന്നപ്പോൾ, മൂന്നു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.