ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ വിജയം. ബോളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ആറു വിക്കറ്റുകള്‍ക്കാണ് ചെന്നൈയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 127/9 റണ്‍സാണ് നേടിയത്. 18 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ലുംഗി എങ്കിടി എറിഞ്ഞ രണ്ടാം ഓവറില്‍ ഷര്‍ദുല്‍ താക്കൂറിന് വിക്കറ്റ് സമ്മാനിച്ച് ഓപ്പണര്‍ ബ്രെണ്ടന്‍ മക്കല്ലം മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 9 റണ്‍സ് മാത്രം. 5 റണ്‍സായിരുന്നു മക്കല്ലത്തിന്റെ സമ്പാദ്യം. ക്വിന്റണ്‍ ഡി കോക്കിന് പകരമെത്തിയ പാര്‍ത്ഥിവ് പട്ടേല്‍ മികച്ച ഫോമിലായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജ മത്സരത്തിലെ തന്റെ ആദ്യ പന്തില്‍ തന്നെ 8 റണ്‍സെടുത്ത ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയെ വീഴ്ത്തി. തൊട്ടുപിന്നാലെ ഒരു റണ്‍സെടുത്ത് ഡിവില്ലിയേഴ്‌സ് വീണതോടെ ബാംഗ്ലൂരിന്റെ നില പരുങ്ങലിലായി.

ഹര്‍ഭജന്‍ സിംഗും ജഡേജയും ചേര്‍ന്ന് ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടി. അതിനിടെ പാര്‍ത്ഥിവ് പട്ടേല്‍ തന്റെ 11-ാം ഐ പി എല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ താരം ജഡേജയുടെ പന്തില്‍ പുറത്തായി. മന്ദീപ് സിംഗ് (7), കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം (8), മുരുഗന്‍ അശ്വിന്‍ (1) എന്നിവര്‍ പെട്ടെന്ന് മടങ്ങി. എന്നാല്‍ അവസാനം വരെ പൊരുതി നിന്ന ടിം സൗത്തി ബാംഗ്ലൂരിന്റെ സ്‌കോര്‍ 120 കടത്തി. സൗത്തി 26 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി ജഡേജ മൂന്നും ഹര്‍ഭജന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

താരതമ്യനെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ പതുക്കെയാണ് തുടങ്ങിയത്. മൂന്നാമത്തെ ഓവറില്‍ ഫോമിലുള്ള ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണെ ചെന്നൈയ്ക്ക് നഷ്ടമാവുകയും ചെയ്തു. 11 റണ്‍സെടുത്ത വാട്‌സണെ ഉമേഷ് യാദവാണ് പുറത്താക്കിയത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സുരേഷ് റെയ്‌നയും അമ്പാട്ടി റായുഡുവും ചേര്‍ന്ന് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. അതിനിടെ 25 റണ്‍സെടുത്ത റെയ്‌നയും ഉമേഷ് യാദവിന്റെ പന്തില്‍ പുറത്തായി. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ 32 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും പുറത്ത്. ധ്രുവ് ഷോറെ 8 റണ്‍സെടുത്ത് മടങ്ങിയെങ്കിലും ധോണിയും ബ്രാവോയും ചേര്‍ന്ന് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. ധോണി 23 പന്തില്‍ 31 റണ്‍സെടുത്തും ബ്രാവോ 14 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.