മീനുകളെ കൊല്ലുമ്പോൾ മാത്രം കൊല്ലുകയാണ്‌ എന്ന ഒരു നേരിയ കുറ്റബോധം പോലും മനുഷ്യരിൽ ഉണ്ടാവാത്തത്‌?

സതീഷ് കുമാർ

കെണിയാണെങ്കിലും ചൂണ്ടകളിൽ വലകളേക്കാൾ ചില ചില്ലറ ന്യായങ്ങളുണ്ട്‌

തന്നെ തേടിവരാത്ത മീനുകളെ അത്‌ ഒഴിവാക്കുന്നുണ്ട്‌ എന്നതാണ്‌ അതിലെ ആ ഇത്തിരിന്യായം

വിശപ്പു കൊണ്ടാണെങ്കിലും ,
കൊതിപ്പിക്കുന്ന ചിലതിൽ വീണുപോയിട്ടാണെങ്കിലും ഇരയാവുന്നതിൽ ഇരക്ക്‌ ഒരു നേരിയ പങ്കെങ്കിലും ഉണ്ട്‌ എന്ന് സാരം

എന്നാൽ വലകളോ ?

ഒന്നും നിനക്കാതെ നിൽക്കുന്ന നേരത്ത്‌
അവരുടേതായ ഒരു നേരിയ ശ്രമം പോലും ഇല്ലാതിരിക്കേ അത്‌ മീനുകളെ വാരിയെടുത്ത്‌ വായുവിൽ മുക്കി കൊല്ലുകയാണ്‌

അതിന്‌ ഒരു വേർ തിരിവുമില്ല.

ഗൗരവമായ കാര്യങ്ങൾ ചിന്തിച്ചുനിന്നിരുന്ന മുതിർന്നവർ,അത്യുത്സാഹത്തോടെ കലപില തെന്നിയിരുന്ന കുട്ടികൾ,

പ്രണയ പരവശർ,
ഇണചേരുന്നവർ,
പ്രായമെത്തി മരണത്തോടടുത്തവർ,
ഗർഭാലസ്യത്തൽ പതിഞ്ഞു നീന്തിയിരുന്നവർ,
ഇരപിടിക്കാൻ ഒരുങ്ങി നിന്നിരുന്നവർ,
ഇരയാവാൻ നിമിഷങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്നവർ

വലിയവർ ,ചെറിയവർ പലതരക്കാർ ,നിറക്കാർ എന്നിങ്ങനെ സകലരേയും ഒരൊറ്റ നിമിഷം കൊണ്ട്‌ ഒന്നാക്കുകയാണ്‌ വലകൾ.

അവരുടേതായ ഒരു കാരണവുമില്ലാതെ ഒരൊറ്റ നിമിഷം കൊണ്ട്‌ അവർ എല്ലാവരും ഇരകളായി തീരുകയാണ്‌

വായുവില ശ്വാസം മുട്ടി പിടഞ്ഞു പിടഞ്ഞ്‌ അവ മരണത്താൽ ഐക്യപ്പെടുകയാണ്‌

വലകൾ പലപ്പോഴും മനുഷ്യർക്ക്‌ വേണ്ടാത്തതിനേക്കൂടി വലിച്ചു കയറ്റുന്നു.

തിന്നുവാൻ കൊള്ളാത്തവ എന്ന ഒറ്റക്കാരണത്താൽ കളകളായി മാറുന്ന അവ പൂർണ്ണമായോ പാതിയായോ ചത്തനിലയിൽ കടലുകളിലേക്ക്‌ തിരിച്ചയക്കപ്പെടുന്നു.

ഒന്നിനുമല്ലാതെ കൊല്ലപ്പെടുന്ന കുറേ അപ്രസക്ത ജീവിതങ്ങൾ.

ചൂണ്ടകളിൽ കൂടുതൽ ക്രൂശിക്കപ്പെടുന്നത്‌ ശരിക്കും
ചൂണ്ടലിൽ കുത്തുന്ന ഇരകളാണ്‌
ഇരയാവേണ്ടതെന്ന് നമ്മൾ ലക്ഷ്യം വെക്കുന്ന വലിയമീനുകൾക്ക്‌ തീറ്റയായി ചൂണ്ടലുകളിൽ ജീവനോടെ കൊളുത്തുന്ന ചെറിയ ഇരമീനുകൾ

അവയുടെ ജീവന്റെ വിലയേക്കുറിച്ച്‌ നമ്മളത്ര ബേജാറാവുന്നില്ല എങ്കിലും അവ ജീവനോടെ തന്നെ വേണം എന്നത്‌ നമുക്ക്‌ നിർബന്ധമാണ്‌

നമുക്ക്‌ പ്രസക്തമല്ലാത്ത ആ ജീവന്റെ മരണ പരാക്രമങ്ങളാണ്‌ നാം ലക്ഷ്യം വെക്കുന്ന ആ വലിയ മീനിനെ ചൂണ്ടയിലേക്കെത്തിക്കുന്നത്‌.

മനുഷ്യരാൽ കൊല്ലപ്പെടുന്ന ജീവികളിൽ എണ്ണത്തിൽ ഏറ്റവും കൂടുതൽ മത്സ്യങ്ങൾ തന്നെയാവും അല്ലേ?

അതും അവന്‌ ഒരു രീതിയിലും എതിരാവാൻ സാധ്യതയില്ലാത്ത ജീവികൾ

അവൻ ഉപയോഗിക്കുന്നതൊന്നും അവയ്ക്ക്‌ വേണ്ട
അവന്റെ സ്ഥലങ്ങളിലേക്ക്‌ അതിക്രമിക്കുവാൻ പോലും അവക്ക്‌ വയ്യ.

എന്നാലും തിന്നുവാൻ ആയും അല്ലാതെയും നിമിഷം പ്രതി ആയിരക്കണക്കായ അവയെ മനുഷ്യർ കൊന്നുകൊണ്ടിരിക്കുന്നു

അതും ജീവനെടുക്കുകയാണ്‌ എന്ന് ഒരു തോന്നൽ പോലുമില്ലാത്തവണ്ണം അത്രയും നിസംഗതയോടെ

അതെന്തു കൊണ്ടാവും മീനുകളെ കൊല്ലുമ്പോൾ
മാത്രം കൊല്ലുകയാണ്‌ എന്ന ഒരു നേരിയ കുറ്റബോധം പോലും മനുഷ്യരിൽ ഉണ്ടാവാത്തത്‌?

കൊല്ലുന്നവരിൽ ഉണ്ടാവുന്നില്ല എന്നതു പോട്ടെ അത്‌ കണ്ടു നിൽക്കുന്നവരിൽ പോലും അങ്ങനെയൊരു സങ്കടം വന്നുകാണാറില്ല എന്നതാണ്‌ കൗതുകകരം.

അവയും വേദനിച്ചും ,പിടഞ്ഞും ,ശ്വാസം മുട്ടിയും ഒക്കെതന്നെയാണ്‌ മരിക്കുന്നത്‌
എന്നാൽ മറ്റു ജീവികൾ മരിക്കുന്നത്‌ കണ്ടു നിൽക്കുന്നതു പോലെ അത്‌ നമ്മെ അസ്വസ്ഥരാക്കാറില്ല

അതും ഇത്രയേറെ കൂട്ടത്തോടെ കൊല്ലപ്പെടുമ്പോൾ പോലും
എന്താവാം അതിന്റെ കാരണം?

അവക്ക്‌ നിലവിളിക്കാൻ കഴിയില്ല എന്നതാവണം അതിലെ ആദ്യത്തെ കാരണം എന്നു തോന്നുന്നു.

ഏതൊരു ജീവിയുടേയും ദീനമായ നിലവിളികൾക്ക്‌ നിങ്ങളെ അസ്വസ്ഥമാക്കാൻ കഴിയും എന്ന് എനിക്ക്‌ ഉറപ്പാണ്‌.

ചെറിയ രീതിയിലെങ്കിലും അവയ്ക്ക്‌‌ നിലവിളിക്കാൻ കഴിയുമായിരുന്നു എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കുക

ഒരു ട്രോളർ വല വലിച്ചു കയറ്റുമ്പോൾ ഉണ്ടാകുമായിരുന്ന ഒരു കൂട്ടനിലവിളിയുടെ ഇന്റൻസിറ്റി എത്രയുണ്ടായിരിക്കുമെന്നാണ്‌?

അവഗണിക്കാൻ കഴിയുമോ കേൾക്കുന്ന ആർക്കെങ്കിലും ആ ദീനവിലാപങ്ങളെ?

നിലവിളിയില്ലായ്മ ,അല്ലെങ്കിൽ നിലവിളികളിലെ ആ ശബ്ദമില്ലായ്മ തന്നെയാവണം അവ മരിക്കുമ്പോൾ മരിക്കുകയാണ്‌ എന്ന് നമുക്കങ്ങനെ മനസിൽ തട്ടി തോന്നാത്തതിന്റെ ഒരു കാരണം.

മറ്റൊന്ന് വികാര രഹിതം എന്ന് നമുക്ക്‌ തോന്നുന്ന അവയുടെ കണ്ണുകളാകണം
നമ്മുടെ കണ്ണുകളിലേക്ക്‌ നോക്കാൻ കഴിയാത്ത അവയുടെ കണ്ണുകൾ.

എല്ലാ വികാരങ്ങളും ഒരാളുടെ മനസിലേക്ക്‌ പ്രവേശിക്കുക പ്രധാനമായും അപരന്റെ കണ്ണുകളിലൂടെയാണ്‌
പ്രത്യേകിച്ചും മരണഭയം പോലുള്ള പ്രത്യേക വികാരങ്ങൾ.

ആ യാചനാ നോട്ടങ്ങൾ അനായാസം അവഗണിക്കുക അത്ര എളുപ്പമല്ല മനസിൽ അത്രമേൽ ക്രൂരരല്ലാത്തവർക്ക്‌

നിസഹായരാണ്‌ അക്കാര്യത്തിൽ ആ ജീവികൾ

സദാ ഒരു നിർജ്ജീവതയാണ്‌ മീൻ കണ്ണുകളിൽ
വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഭാഷ കൈയ്യിലില്ലാത്ത പരാധീനർ

ഹതഭാഗ്യരാണ്‌ മീനുകൾ
തിന്നുവാൻ വേണ്ടി മനുഷ്യർ കൊല്ലുന്ന ജീവികളിൽ ഏറ്റവും ഭാഗ്യഹീനർ.

അറവുശാലകിൽ മൃഗങ്ങൾക്ക്‌ വേദനാരഹിതമരണം നിർദ്ധേശിക്കുന്നുണ്ട്‌ നിയമം
സ്റ്റണ്ണിംഗ്‌ ബോൾട്ട്‌ ‌ നേരേ തലച്ചോറിലേക്ക്‌ കയറ്റി അരനിഷം കൊണ്ട്‌ കൊല്ലണം മൃഗങ്ങളെ എന്നാണ്‌

എന്നാൽ മീനുകൾ കൊല്ലപ്പെടുന്നത്‌ ഏത്‌ വിധമാണ്‌?

എത്രമാത്രം പീഡനങ്ങൾ സഹിക്കുന്നുണ്ട്‌ മീനുകൾ മരണത്തിലേക്കെത്തും വരേയുള്ള ആ ദീർഘനേരത്തിൽ?

മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമങ്ങളൊന്നും മീനുകൾക്ക്‌ ബാധകമല്ല
ഗർഭിണികളെ കൊല്ലരുതെന്ന സ്ലോട്ടറിലെ സാമാന്യ നിയമം പോലും അവയുടെ കാര്യത്തിൽ ആരും കണക്കാക്കുന്നു പോലുമില്ല

മാംസഭുക്കുകളാണെങ്കിലും മതപരമായ കാരണങ്ങളാൽ ചിലരിൽ നിന്ന് രക്ഷപ്പെടാനുള്ള ഭാഗ്യവും മീനുകൾക്കില്ല

മുസ്ലീം വിശ്വാസികളിൽ നിന്ന് പന്നികളും,അതി. തീവ്ര ഹിന്ദു വിശ്വാസികളിൽ നിന്ന് പശുക്കളും രക്ഷപ്പെടുന്നപോലെ ഒരാശ്വാസം മീനുകൾക്കില്ല

എല്ലാവർക്കും ഹലാലായ ഒന്നാകുന്നു പാവം മീനുകൾ
എല്ലാവർക്കും വേണ്ടി മരിക്കാൻ വിധിക്കപ്പെട്ടവ

മരിച്ചു പോയ മീനുകളെകാണുമ്പോൾ നാം അവയെ പലതരം വിഭവങ്ങളായി മാത്രം സങ്കൽപം ചെയ്യുന്നു

അവയുടെ ജീവിതം അടുത്ത്‌ നിന്ന് കണ്ടിട്ടില്ലാത്തതിനാലാകണം അവയുടെ മരണത്തിന്‌ മുൻപുള്ള ജീവിതം വിചാരം ചെയ്യാൻ നമുക്ക്‌ കഴിയാതെ പോകുന്നു

അതു കൊണ്ട്‌ തന്നെയാവണം മീനുകളുടെ ഈ കൂട്ടക്കൊലകൾ വലിയ മൃഗസ്നേഹികളെപ്പോലും സ്പർശിക്കാതെ കടന്നുപോകുന്നതും

ഇത്രമേൽ വൈകാരികമായി പറയേണ്ട കാര്യമൊന്നുമല്ല ഇതെന്ന് അറിയായ്കയല്ല

അടിയന്തിരമായി ആരെങ്കിലും ഇടപെടേണ്ട ഒരു വിഷയവുമല്ല ഇത്‌

മനുഷ്യരുണ്ടായ കാലം മുതൽ നടന്നു പോരുന്ന ഒന്നാണ്‌ ഈ പറയുന്ന മത്സ്യബന്ധനം എന്നും എനിക്കറിയാം

പിന്നെ എന്തിനാണ്‌ അനാവശ്യമായ കാൽപനിക വിചാരങ്ങൾ എന്ന് ഞാൻ തന്നെ എന്നെ പലവട്ടം വിചാരണ ചെയ്യുകയും ചെയ്തു

മനസിൽ തോന്നിയ കാര്യങ്ങൾ ലഘുവോ ഗുരുവോ എന്ന് വേർ തിരിക്കാതെ അപ്പപ്പോൾ അങ്ങനെ തന്നെ എഴുതുക എന്നതാണല്ലോ ഫേസ്‌ ബുക്ക്‌ എഴുത്തിന്റെ ഒരു രീതി

അതിനു പുറമേ മറ്റൊരു കാരണമുള്ളത്‌ മറ്റുള്ള എഴുത്തുകൾ പോലെ തന്നെ ഇതും മീനുകളെക്കുറിച്ച്‌ മാത്രമുള്ളതല്ല എന്നതാണ്‌

മനുഷ്യരിലുമുണ്ട്‌ മീനുകളേപോലെ ചിലർ

എത്ര വേദനിച്ചാലും ആളുകളുടെ കണ്ണിൽ പെടാത്തവർ
ഉറക്കെയുറക്കെ കരയുന്നുണ്ടെങ്കിലും നിലവിളികൾ വേണ്ടപ്പെട്ടവരുടെ ചെവികളിൽ ഒരിക്കലും എത്തിച്ചേരാത്തവർ

അവരിങ്ങനെ സഹിക്കുന്നുണ്ട്‌ എന്ന് ലോകം നടിക്കുക പോലും ചെയ്യാത്തവർ

അവർക്കും ജീവിതമുണ്ടെന്ന് അപരർക്ക്‌ തോന്നുക പോലും ചെയ്യാത്തവർ

അവരെയങ്ങനെ പീഢിപ്പിക്കുന്നതിൽ ഹറാമായി എന്തെങ്കിലുമുണ്ട്‌ എന്ന് ലോകം കണക്കു കൂട്ടാത്തവർ.

 

ഫേസ് ബുക്ക് പോസ്റ്റിനോട് കടപ്പാട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ