കോഴിക്കോട്ടെ പനിമരണം: ആരോഗ്യവകുപ്പിന്റേത് ഗുരുതര വീഴ്ച്ച; ആശങ്കയോടെ നാട്ടുകാര്‍

പേരാമ്പ്ര: നിപ്പാ വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ സുരക്ഷ ഒരുക്കാതെ ആരോഗ്യ വകുപ്പ്. നിപ്പാ വൈറസ് ബാധ ലക്ഷണങ്ങളോടെ ആദ്യ മരണം മെയ് നാലിനായിരുന്നു.ആദ്യമരണം ഉണ്ടായിട്ടും രോഗബാധ കണ്ടെത്താനുള്ള ശ്രവം ശേഖരിച്ചത് 13 ദിവസത്തിന് ശേഷമാണ്.അപ്പോഴേക്കും ആദ്യമരണം സംഭവിച്ച കുടുംബത്തിലെ അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലായി.

വൈറസ് ബാധ കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ കേസ് സ്റ്റഡി, ഇന്‍വസ്റ്റിഗേഷന്‍ ടീമുകളെ രൂപീകരിച്ചില്ല. പ്രതിരോധപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവര്‍ക്ക് മാസ്‌ക് പോലും നല്‍കിയില്ല.

അതേസമയം, നിപ്പ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പത്തായി. കോഴിക്കോട് ചെമ്പനോട സ്വദേശിനിയും പേരാമ്പ താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ സംസ്‌കരിച്ചു. പനി പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ് നടപടി.

ചികില്‍സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുണ്ട്. പേരാമ്പ്ര  ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഇന്ന് സന്ദര്‍ശിക്കും.

പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് എന്ന് തന്നെയെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണം വന്നത്. മരിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.