ഓഫീസിലെ സ്റ്റാറാകാന്‍ ചിലവഴികള്‍

 

ഏല്‍പ്പിക്കുന്ന ജോലികളത്രയും കൃത്യമായി ചെയ്തുതീര്‍ക്കാറുണ്ട്. എന്തെങ്കിലും സൗജന്യം തേടി ഒരിക്കല്‍ പോലും ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും നാളിതുവരെയായി ബോസിന്റെ വായില്‍ നിന്നൊരു നല്ല വാക്ക് പോലും കേള്‍ക്കാനുളള ഭാഗ്യമുണ്ടായിട്ടില്ല”- വനിതാജീവനക്കാര്‍ക്കുള്ള സ്ഥിരം പരാതിയാണിത്. കുറ്റം മുഴുവന്‍ ബോസിന്റെ തലയില്‍ വച്ചുകൊടുക്കേണ്ട. ‘ഹാര്‍ഡ് വര്‍ക്ക്’ ചെയ്യുന്ന തൊഴിലാളിയേക്കാള്‍ ‘സ്മാര്‍ട്ട് വര്‍ക്ക്’ ചെയ്യുന്നവര്‍ക്കാണ് പ്രിയമേറുന്നത്. തൊഴിലിടങ്ങളില്‍ താരമാകാന്‍ ഇതാ അഞ്ച് വിജയമന്ത്രങ്ങള്‍.

നേരത്തെയെത്തല്‍, വൈകി മടങ്ങല്‍

കൃത്യനിഷ്ഠയാണ് ഏറ്റവുമാദ്യം വേണ്ടത്. ഓഫീസിലെത്തുന്ന കാര്യത്തില്‍ ഇത് കണിശമായി പാലിക്കണം. ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതിനുശേഷം വിയര്‍ത്ത് കുളിച്ച് വെപ്രാളത്തോടെ കടന്നുവരുന്ന ഉദ്യോഗസ്ഥയെ ഒരു മേലധികാരിയും ഇഷ്ടപ്പെടില്ല. പത്തുമണിക്കാണ് ഡ്യൂട്ടിയെങ്കില്‍ അതിന് പത്തു മിനുട്ടെങ്കിലും മുമ്പേ ഓഫീസിലെത്താന്‍ സാധിക്കുന്ന തരത്തില്‍ സമയം ക്രമീകരിച്ചുകൊണ്ട് വീട്ടില്‍ നിന്നിറങ്ങണം. അതുപോലെ ക്ലോക്കില്‍ അഞ്ചടിക്കുമ്പോള്‍ തന്നെ ബാഗും സഞ്ചിയുമെല്ലാം തൂക്കി ഓഫീസില്‍ നിന്നിറങ്ങുകയുമരുത്. നേരം വൈകിവന്ന് നേരത്തെയിറങ്ങിപ്പോകുന്ന ജീവനക്കാരിയെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ മേലുദ്യോഗസ്ഥര്‍ മടിക്കും. ചുരുങ്ങിയത് ബോസ് പോകുന്നതുവരെയെങ്കിലും കാത്തിരിക്കാം.

വൃത്തിയായുള്ള വസ്ത്രധാരണം

വേഷത്തിലൊന്നും വലിയ കാര്യമില്ലെന്നേ’- മുപ്പതിന്റെ പകുതി പിന്നിട്ട മിക്ക ഉദ്യോഗസ്ഥകളുടെയും പതിവ് പല്ലവിയാണിത്. പക്ഷേ അണിയുന്ന വസ്ത്രത്തിനും മേക്കപ്പിനുമൊക്കെ ഓഫീസിലെ പ്രതിച്ഛായ ഉയര്‍ത്തുന്നതില്‍ വലിയ പങ്കുണ്ടെന്നതാണ് യാഥാര്‍ഥ്യം. കടും നിറത്തിലുള്ള പ്രിന്റുകളും വര്‍ണങ്ങളുമൊക്കെയുള്ള വേഷങ്ങള്‍ ഒഴിവാക്കി ഹൃദ്യമായ നിറങ്ങളുള്ളവ തിരഞ്ഞെടുക്കണം. ലോ കട്ട് ടോപ്പുകളും ലോ വെയിസ്റ്റ് സാരികളുമൊക്കെ പാര്‍ട്ടികള്‍ക്ക് അണിയാമെങ്കിലും ഓഫീസിലേക്കത് വേണ്ട. ഇറുക്കിപ്പിടിച്ചുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. രണ്ട് ഇഞ്ചില്‍ കൂടുതല്‍ ഉയരമുള്ള ചെരിപ്പുകളും നടക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാക്കുന്ന ഷൂവും ഓഫീസില്‍ ഉപയോഗിക്കാന്‍ പറ്റിയതല്ല. മുഖം മറയ്ക്കുന്ന തരത്തില്‍ മുന്നിലേക്ക് അഴിച്ചിട്ട മുടി മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിന് തടസ്സം സൃഷ്ടിച്ചേക്കും. അതിനാല്‍ മുടി വൃത്തിയായി കെട്ടിവെക്കുന്നതാണ് നല്ലത്. ഓരോ ഓഫീസിനും ലിഖിതമോ അലിഖിതമോ ആയൊരു ‘ഡ്രസ് കോഡ്’ ഉണ്ടാകും. അത് മനസിലാക്കി വസ്ത്രധാരണത്തില്‍ സൂക്ഷ്മത പാലിച്ചാല്‍ സഹപ്രവര്‍ത്തകര്‍ക്കിടയിലും ബോസിന്റെ മുന്നിലും മതിപ്പുണ്ടാകുമെന്ന കാര്യമുറപ്പ്.

കമ്പ്യൂട്ടറില്‍ വേഗം നേടാം

കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതില്‍ വേഗവും കൈവഴക്കവും നേടാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കീബോര്‍ഡില്‍ നിന്ന് ഓരോ അക്ഷരവും പെറുക്കിയെടുത്ത് വളരെ പതുക്കെ ഡാറ്റ എന്റര്‍ ചെയ്യുന്ന ജീവനക്കാരിയെ ഓഫീസിലെത്തുന്ന പൊതുജനം മാത്രമല്ല മേലധികാരിയും വെറുത്തുപോകും. പുരുഷന്‍മാരായ സഹപ്രവര്‍ത്തകര്‍ മേല്‍ക്കൈ നേടുന്ന മേഖല കൂടിയാണ് കമ്പ്യൂട്ടര്‍. ടൈപ്പ് ചെയ്ത് ശീലിച്ചും ഓപ്പറേറ്റ് ചെയ്യുമ്പോള്‍ പെട്ടെന്ന് സംഭവിക്കുന്ന ചില തകരാറുകള്‍ പരിഹരിക്കാനുള്ള പൊടിക്കൈകള്‍ അറിഞ്ഞുവെക്കാനും ഉദ്യോഗസ്ഥകള്‍ കമ്പ്യൂട്ടറിനെ വരുതിയിലാക്കണം.

മാറാപ്പുകള്‍ വീട്ടില്‍ വെക്കാം

ഓഫീസിലെ സംഘര്‍ഷങ്ങള്‍ വീട്ടിലേക്കും വീട്ടിലെ വിഷമങ്ങള്‍ ഓഫീസിലേക്കും കൊണ്ടുവരുന്നത് ഒഴിവാക്കണം. വീട്ടിലെ പ്രശ്നങ്ങള്‍ എല്ലാ സഹപ്രവര്‍ത്തകരോടും പങ്കുവെക്കുന്നതും നന്നല്ല. ഓഫീസ് സമയത്ത് ബന്ധുക്കളുമായും സുഹൃത്തുക്കളുമായുളള ദീര്‍ഘനേരത്തെ ടെലിഫോണ്‍ സംഭാഷണങ്ങളും അടിയന്തരമായി നിര്‍ത്തണം. ഓര്‍ക്കുക, ഓഫീസില്‍ ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും സ്ഥാപനം പണം തരുന്നുണ്ട്. അതിനനുസരിച്ച് ജോലി ചെയ്യുക എന്നതാണ് ശമ്പളം വാങ്ങുന്നയാളുടെ പ്രാഥമിക കടമ. സ്വകാര്യജീവിതവും ഓഫീസ് ജീവിതവും രണ്ടാണെന്ന കാര്യം മനസിലുറപ്പിക്കേണ്ടതുണ്ട്. ഓഫീസില്‍ തിളങ്ങണമെങ്കില്‍ കഠിനാധ്വാനം ചെയ്തേ പറ്റൂ എന്ന കാര്യവും.

എല്ലാം അല്പം വേഗത്തില്‍

കാര്യങ്ങളെല്ലാം അല്പം പതുക്കെ ചെയ്യുന്നയാളാണോ നിങ്ങള്‍? എങ്കിലാ ശീലം അടിയന്തരമായി മാറ്റണം. സഹപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാകട്ടെ, വെള്ളം കുടിക്കാന്‍ പോകുമ്പോഴാകട്ടെ, വിശ്രമമുറിയില്‍ നിന്ന് വരുമ്പോഴാകട്ടെ, ചടുലതയോടെയായിരിക്കണം നീക്കം. ജോലിത്തിരക്കിലാണ് എന്ന് മറ്റുള്ളവരെ (ബോസിനെയും) വിശ്വസിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. തളര്‍ന്നമട്ടില്‍ ഓഫീസിനുള്ളിലൂടെ പതുക്കെ നീങ്ങുന്ന ജീവനക്കാരെ അലസതയുടെ ഉദാഹരണമായാണ് മാനേജര്‍മാര്‍ കാണുക. വെള്ളമെടുക്കാനെത്തുമ്പോള്‍ വാട്ടര്‍ കൂളറിനടുത്തുള്ളവരോട് കത്തിയടിച്ച് നില്‍ക്കുന്ന സ്വഭാവവും മാറ്റണം. ഓഫീസുകളില്‍ ഏറ്റവുമധികം പരദൂഷണം പിറക്കുന്നയിടമായാണ് വാട്ടര്‍കൂളര്‍ വച്ച ഇടനാഴികളെ ബോസുമാര്‍ കാണുന്നത്. ‘വാട്ടര്‍കൂളര്‍ പൊളിറ്റിക്സ്’ എന്ന സവിശേഷപദം തന്നെ കോര്‍പ്പറേറ്റ് നിഘണ്ടുവിലുണ്ട്. ആ പൊളിറ്റിക്സില്‍ താത്പര്യമില്ലാത്തയാളാണ് നിങ്ങളെന്ന് ബോസിനെ ബോധ്യപ്പെടുത്തിയാല്‍ അത് വലിയ ഗുണം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ