ദുരന്തസ്മൃതി പോലെ മലിംഗയുടെ ബൗളിങ്ങ് ഫിഗർ

സന്ദീപ് ദാസ്
ലീഡ്സിൽ അവസാനത്തെ പന്തും എറിഞ്ഞുകഴിഞ്ഞിരുന്നു.2019 ലോകകപ്പിലെ തങ്ങളുടെ കലാശപ്പോരാട്ടത്തിൽ ശ്രീലങ്ക ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.ലസിത് മലിംഗ എന്ന ചാമ്പ്യൻ ബൗളറുടെ അവസാന ലോകകപ്പ് മത്സരമായിരുന്നു അത്.ദ്വീപുരാജ്യത്തിൻ്റെ വിശ്വസ്തനായ സേവകൻ ഒരു വിജയത്തോടെ മടങ്ങാനാണ് ആഗ്രഹിച്ചത്.പക്ഷേ ഒരു ദുരന്തസ്മൃതി പോലെ മലിംഗയുടെ ബൗളിങ്ങ് ഫിഗർ മുഴച്ചുനിന്നു !

ശ്രീലങ്കയ്ക്ക് ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഹെഡ്ഡിങ്ങ്ലിയിൽ ഉണ്ടായിരുന്നു.സ്ലോ & ലോ ആയ പിച്ചിൽ ആദ്യം ബാറ്റുചെയ്യാനുള്ള അവസരം.ലീഡ്സിലെ മൈതാനത്തെ പ്രണയിക്കുന്ന എയ്ഞ്ചലോ മാത്യൂസിൻ്റെ സമയോചിതമായ സെഞ്ച്വറി.ആ പ്രതലത്തിൽ 264/7 എന്നത് വളരെ മികച്ച ഒരു ടോട്ടലായിരുന്നു.

55 റണ്ണുകൾ എടുക്കുമ്പോഴേക്കും നാലുവിക്കറ്റുകൾ നഷ്ടപ്പെട്ട ശ്രീലങ്ക അസാമാന്യമായ പോരാട്ടവീര്യമാണ് പ്രദർശനത്തിനുവെച്ചത്.ഒരു ജയം അവർ അത്രമേൽ കൊതിച്ചിരുന്നു.ശ്രീലങ്കയ്ക്കൊപ്പം ഭാഗ്യവുമുണ്ടായിരുന്നു.മാത്യൂസിൻ്റെ ലീഡിങ്ങ് എഡ്ജ് പോലും സ്ട്രെയിറ്റ് സിക്സറായി പരിണമിച്ചിരുന്നു !

2019 ലോകകപ്പിൻ്റെ ചരിത്രവും മരതകദ്വീപുകാർക്ക് അനുകൂലമായിരുന്നു.ടൂർ­ണ്ണമെൻ്റിൽ 250നു മുകളിലുള്ള ലക്ഷ്യം വിജയകരമായി ഭേദിക്കപ്പെട്ടത് ഒരേയൊരു തവണ മാത്രമായിരുന്നു ! പരാജയപ്പെട്ട 22 റൺചെയ്സുകൾ ഇന്ത്യയുടെ തലയ്ക്കുമുകളിൽ ഭീഷണിയായി തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു ! ടൂർണ്ണമെൻ്റിലെ ഫേവറിറ്റ്സ് ആയ ഇംഗ്ലണ്ടിനെതിരെ ഇതിനേക്കാൾ ചെറിയ സ്കോർ ശ്രീലങ്ക ഡിഫൻ്റ് ചെയ്തിരുന്നു.

ഇത്രയേറെ പ്രതികൂലഘടകങ്ങളെ തകർത്തെറിയാൻ ഇന്ത്യയ്ക്ക് ഒരാൾ ഉണ്ടായിരുന്നു ! ആ ഒരാൾ മാത്രം മതിയായിരുന്നു ! അതെ,രോഹിത് ഗുരുനാഥ് ശർമ്മ !

രോഹിതിനെയും വിരാടിനെയും പെട്ടന്ന് വീഴ്ത്തിയാൽ ഇന്ത്യയുടെ മദ്ധ്യനിരയെ സമ്മർദ്ദത്തിലാക്കാമെന്നാണ് ശ്രീലങ്ക കണക്കുകൂട്ടിയത്.പക്ഷേ ആ തന്ത്രം നടപ്പിലാക്കാൻ രോഹിത് അനുവദിച്ചില്ല.മിഡിൽ & ലെഗ് ഗാർഡ് എടുത്ത് ആരംഭിച്ചതുമുതൽക്ക് ഒരു ചുവടുപോലും അയാൾക്ക് പിഴച്ചതുമില്ല !

രജിതയ്ക്കെതിരെ ഒരു സ്ക്വയർകട്ടിലൂടെയായിരുന്നു ആരംഭം.പൊതുവെ ലെഫ്റ്റ് ഹാൻ്റർമാരുടെ സ്ക്വയർകട്ടുകളാണ് കൂടുതൽ പ്രശംസിക്കപ്പെടാറുള്ളത്.റൈറ്റ് ആം ബൗളറുടെ ആംഗിളാണ് അതിൻ്റെ കാരണമെന്ന് ഒാഫ്-സൈഡിലെ ദൈവമായ സൗരവ് ഗാംഗുലി പറയുന്നു.പക്ഷേ ഒരു രോഹിത് ശർമ്മയുടെ സ്ക്വയർകട്ട് സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ആരുടെയെങ്കിലും പുറകിലാവുമോ? സംശയമാണ് !

ശ്രീലങ്ക അവരുടെ വെറ്ററൻ ജനറലിനെ ഉറ്റുനോക്കി.55 ലോകകപ്പ് വിക്കറ്റുകളുള്ള മലിംഗ ന്യൂബോളുമായി പാഞ്ഞടുത്തു.പന്ത് മോശമല്ലാതെ സ്വിംഗ് ചെയ്യുന്നുമുണ്ടായിരു­ന്നു.പക്ഷേ പല ഡെലിവെറികളും വേലിക്കെട്ടിലേക്ക് സഞ്ചരിച്ചു !

സ്റ്റീവ് സ്മിത്ത്,ജോസ് ബട്ലർ,ക്വിൻ്റൺ ഡികോക്ക് തുടങ്ങിയ മഹാരഥൻമാരെ യോർക്കറുകളിലൂടെ വരച്ചവരയിൽ നിർത്തിയ മലിംഗ രോഹിതിനെതിരെ ആ തന്ത്രം അധികം പരീക്ഷിച്ചില്ല.കാരണം ഉന്നംതെറ്റിയ ചില യോർക്കറുകൾക്ക് കിട്ടിയ പ്രഹരം കഠിനമായിരുന്നു.ഹിറ്റ്മാനെതിരെ പന്തെറിയുമ്പോൾ പിഴവുകൾക്ക് സ്ഥാനമില്ലല്ലോ !

പേസി ഡെലിവെറികൾ ഫലിക്കാതെ വന്നപ്പോൾ മലിംഗ സ്ലോബോളുകളിലേക്ക് ചുവടുമാറി.രജിതയോടും ഉദാനയോടും സമാനമായ പന്തുകൾ എറിയാൻ നിർദേശിക്കുകയും ചെയ്തു.പിച്ച് മരണത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നതിനാൽ ആ തന്ത്രം പെർഫെക്റ്റ് ആയിരുന്നു.കെ.എൽ രാഹുൽ ടൈമിങ്ങ് കിട്ടാതെ വിഷമിച്ചു.പക്ഷേ ഉദാനയുടെ സ്ലോബോളിനെ ഒറ്റക്കയ്യൻ ഷോട്ടിലൂടെ ബൗണ്ടറിയിലേക്ക് പറഞ്ഞയച്ചുകൊണ്ട് രോഹിത് വേറിട്ടുനിന്നു !

സ്പിന്നർ ധനഞ്ജയ ഡിസിൽവയ്ക്കും അച്ചടക്കത്തോടെ പന്തെറിഞ്ഞിരുന്ന തിസാര പെരേരയ്ക്കും കൈപൊള്ളി.ഒരു പന്ത് 93 മീറ്റർ അകലെ സൈറ്റ് സ്ക്രീനിനുമുകളിൽനിന്നാണ് കണ്ടെടുത്തത് ! ഒരു മാന്ത്രികൻ ബാറ്റ് ചെയ്തപ്പോൾ സ്ലഗ്ഗിഷ് ആയ പിച്ച് ഹൈവേ പോലെ കാണപ്പെടുകയായിരുന്നു !

ധനഞ്ജയ എറൗണ്ട് ദ വിക്കറ്റ് ശൈലിയിലേക്ക് മാറി.ആ ആംഗിളിൽ നിന്ന് രോഹിതിനെ ബീറ്റ് ചെയ്യാൻ അയാൾക്ക് സാധിച്ചു.ധനഞ്ജയയുടെ മുഖത്ത് പരിഹാസധ്വനിയുള്ള ചിരിവിടർന്നു.വിക്കറ്റിനുപുറകിൽ നിന്ന് കുശാൽ പെരേര അട്ടഹസിച്ചു.രോഹിതിൻ്റെ രക്തം തിളയ്ക്കുകയായിരുന്നു ! അടുത്ത പന്ത് മിഡ്-വിക്കറ്റിലൂടെ പറന്നു !

തൻ്റെ വിരൽ രോഹിത് ബൗളർക്കുനേരെ ചൂണ്ടി.”’കളി എന്നോട് വേണ്ട” എന്ന പ്രഖ്യാപനമായിരുന്നു അത് !

നൂറിനുമുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്താൻ സകലരും പ്രയാസപ്പെട്ടപ്പോൾ രോഹിത് കേവലം 92 പന്തുകളിൽ ശതകം പൂർത്തിയാക്കി ! ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ ! ചരിത്രം ഒരുനിമിഷത്തേക്ക് തലകുനിച്ചു ! ഗാലറിയിൽ ഇന്ത്യൻ ക്യാപ്റ്റൻ ഒരു കൊച്ചുകുട്ടിയെപ്പോലെ സന്തോഷിച്ചു !

കളി ഫിനിഷ് ചെയ്യാനായില്ലെങ്കിലും ഇന്ത്യയുടെ ജയം ഉറപ്പിച്ചിട്ടാണ് രോഹിത് മടങ്ങിയത്.2015 ലോകകപ്പിൽ കുമാർ സംഗക്കാര സ്ഥാപിച്ച നാലു സെഞ്ച്വറികളുടെ റെക്കോർഡാണ് വഴിമാറിയത്.രോഹിത് ഈ ലോകകപ്പിൽ ആറു സെഞ്ച്വറികൾ നേടുമെന്നാണ് സംഗയുടെ പ്രവചനം.കരിയറിൻ്റെ ആരംഭകാലത്ത് പ്രതിഭയോട് നീതിപുലർത്താനാകാതെ പിന്നാമ്പുറങ്ങളിൽ അലഞ്ഞുതിരിഞ്ഞിട്ടുണ്ട് രോഹിത്.അലസനെന്ന പഴി ഒരുപാട് കേട്ടിട്ടുണ്ട്.ഇപ്പോൾ അയാളെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ അത്രമേൽ ഉയർന്നിരിക്കുന്നു !

ഇന്ത്യയുടെ ലോകകപ്പ് ഒാർമ്മകളിൽ ശ്രീലങ്ക എപ്പോഴും ഒരു ദുഃസ്വപ്നമായിരുന്നു.1979ൽ ഇന്ത്യയെ തോൽപ്പിക്കുമ്പോൾ അവർ ടെസ്റ്റ് പദവിപോലും നേടിയിരുന്നില്ല.1996ൽ എങ്ങുനിന്നോ വന്ന അർജ്ജുന രണതുംഗെയുടെ സംഘം ഹോം ടീമായിരുന്ന ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴികാണിച്ചുകൊടുത്തു.അന്ന് ഏദൻതോട്ടത്തിൽ വീണ വിനോദ് കാംബ്ലിയുടെ കണ്ണുനീർ ഇപ്പോഴും നോവായി ബാക്കിയുണ്ട്.കരീബിയൻ ലോകകപ്പിലും ഇന്ത്യയെ കഴുത്തിനുപിടിച്ച് പുറന്തള്ളിയത് സിംഹളക്കൂട്ടമാണ് !

ആ സുവർണ്ണതലമുറയിലെ പല ഇതിഹാസങ്ങളും മലിംഗയുടെ അവസാന ലോകകപ്പ് മത്സരം കാണാൻ എത്തിയിരുന്നു.അരവിന്ദ ഡിസിൽവ,സനത് ജയസൂര്യ,മഹേല ജയവർദ്ധനെ തുടങ്ങിയവർ ലീഡ്സിലെ ഗാലറിയിലുണ്ടായിരുന്നു.പക്ഷേ അവരാരും ഒരുപരിധിയിൽക്കൂടുതൽ നിരാശപ്പെടുമെന്ന് തോന്നുന്നില്ല.അവരുടെ ടീം പരാജയപ്പെട്ടത് ഇതിഹാസതുല്യനായ ഒരു താരത്തോടാണല്ലോ…!

മുംബൈയിൽ വിനോദ് കാംബ്ലി ഇപ്പോൾ പുഞ്ചിരിതൂകുന്നുണ്ടാവും !

അമ്പയറായ ഇയൻ ഗൂൾഡിനും ഇത് അവസാനത്തെ മത്സരമായിരുന്നു.വളരെ ജനപ്രിയനായ ഒരു അമ്പയറായിരുന്നു ഗൂൾഡ്.പകൽസമയത്തെ കഠിനമായ ജോലിയ്ക്കുശേഷം ഒരു ഗ്ലാസ് ബിയറിൻ്റെ അകമ്പടിയോടെ രാത്രി ആഘോഷിക്കുന്ന ഒാൾഡ് സ്കൂൾ ക്രിക്കറ്റർ…

ഇനിയുള്ള കാലം സ്വന്തം ഭവനത്തിൻ്റെ സ്വീകരണമുറിയിലിരുന്ന് ഇഷ്ട ടീമായ ആഴ്സണലിൻ്റെ ഫുട്ബോൾ മത്സരങ്ങൾ കാണുമ്പോഴും ഗൂൾഡ് ചിന്തിക്കും-

”ഞാൻ 140 ഏകദിനമത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.അവയിൽ അവസാനത്തേത് വളരെ സ്പെഷലായിരുന്നു.കാരണം ആ മാച്ചിൽ രോഹിത് ശർമ്മ നിറഞ്ഞാടിയിരുന്നു.