മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങള്‍ ആത്മവിശ്വാസം പകരുന്നതെന്ന് മുരളി തുമ്മാരുകുടി

കേരളത്തെ ദുരിതത്തിലാക്കി വീണ്ടും പെരുമഴ പെയ്യുമ്പോള്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണ് ഐക്യരാഷ്ട്ര സഭ ദുരന്ത നിവാരണ വിഭാഗം മേധാവി മുരളി തുമ്മാരുക്കുടി.

ദുരന്തത്തെ ഒറ്റക്കെട്ടായി മലയാളി നേരിടുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. ദുരന്തം എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങള്‍ ആത്മവിശ്വാസം പകരുന്നതാണ്. കഴിഞ്ഞ പ്രളയകാലത്ത് കേരളം മാതൃകാപരമായി ചെയ്ത കാര്യം എല്ലാ ദിവസവും മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചു. ഇന്ത്യയില്‍ അപൂര്‍വ്വമായി മാത്രമാണ് ഇത് സംഭവിച്ചിട്ടുള്ളത്. ജനങ്ങളുടെ ആശങ്ക അകറ്റാനും, ഉദ്യോഗസ്ഥരിലും രക്ഷാ പ്രവര്‍ത്തകരിലും ആത്മവിശ്വാസം ഉണ്ടാക്കുവാനും അതുകൊണ്ട് സാധിച്ചു. ഇന്നദ്ദേഹം ജനങ്ങളോട് സംസാരിച്ചിരുന്നു, സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ ആകുന്നത് വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷ, മുരളി തുമ്മാരുക്കുടി കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇങ്ങനെ ദുരന്തകാലത്തേക്ക് ചില നിര്‍ദ്ദേശങ്ങള്‍ വീണ്ടും…കേരളം വീണ്ടും ഒരു ദുരന്തകാലത്തിലൂടെ കടന്നുപോവുകയാണ്. വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമാണ് സ്ഥിതി എന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍ പറയാം.

1. സഹായം ചോദിക്കുന്നത് ശക്തിയാണ്, ദൗര്‍ബല്യമല്ല: നമ്മളില്‍ കൂടുതല്‍ പേര്‍ക്കും ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിച്ചാണ് ശീലം, സഹായം അഭ്യര്‍ത്ഥിച്ചല്ല. അതുകൊണ്ടു തന്നെ സഹായം ചോദിക്കാനും ബന്ധുക്കളുടെ വീട്ടിലേക്കോ ദുരിതാശ്വാസ ക്യാംപിലേക്കോ പോകാനും ആളുകള്‍ക്ക് പ്രത്യേകിച്ചും മധ്യവര്‍ഗ്ഗത്തിന് മുകളിലുള്ളവര്‍ക്ക് മടിയുണ്ടാകും. ഒരു മടിയും വേണ്ട. ദുരന്തകാലത്ത് എല്ലാവരും ഒരു പോലെയാണ്. ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്. കഴിഞ്ഞ ദുരന്തകാലത്ത് ഒരു സമൂഹം എന്ന നിലയില്‍ എത്രമാത്രം സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ആണ് പരസ്പരം ഇടപെട്ടത് എന്നത് ഓര്‍ക്കുക.

2. എപ്പോഴാണ് ദുരന്ത സാധ്യതയുള്ള വീട്ടില്‍ നിന്നും മാറി താമസിക്കേണ്ടത് എന്നത് ആളുകള്‍ ചിന്തിക്കുന്ന കാര്യമാണ്. നിങ്ങള്‍ അപകട സാധ്യതയുള്ള പ്രദേശത്താണ് ജീവിക്കുന്നതെങ്കില്‍, അത് പ്രളയമായാലും ഉരുള്‍ പൊട്ടലായാലും, മാറണോ എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ആദ്യത്തെ സമയത്ത് തന്നെ മാറുന്നതാണ് നല്ലത്. അപ്പോള്‍ നമുക്ക് പ്ലാന്‍ ചെയ്യാന്‍ വേണ്ട സമയം കിട്ടുമല്ലോ. വീട്ടില്‍ വയസ്സായവരോ രോഗികളോ ഭിന്നശേഷി ഉള്ളവരോ ഉണ്ടെങ്കില്‍ കൂടുതല്‍ വേഗത്തില്‍ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണം. പകല്‍ സമയത്ത് മാറുന്നതാണ് സുരക്ഷിതം എങ്കിലും രാത്രി മാറേണ്ട സാഹചര്യമുണ്ടായാല്‍ നേരം വെളുക്കാന്‍ കാത്തിരിക്കേണ്ട കാര്യമില്ല.

3. കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്: കേരളസമൂഹ മാധ്യമത്തിന്റെ ശാക്തീകരണത്താല്‍ കേരളത്തില്‍ ദുരന്തത്തെപ്പറ്റി അറിയാത്തവരായി ആരുമില്ല. ദുരന്തത്തില്‍ അകപ്പെടാത്തവരെല്ലാം ഏതു രീതിയിലും സഹായിക്കാന്‍ തയ്യാറാണ്. ഇപ്പോഴത്തെ കണക്കു വെച്ച് നോക്കിയാല്‍ കേരളത്തിലെ ഒരു ശതമാനം ആളുകള്‍ പോലും ദുരിതാശ്വാസ ക്യാംപിലില്ല. അപ്പോള്‍ നൂറില്‍ തൊണ്ണൂറ്റി ഒന്‍പത് മലയാളികളും ഇപ്പോഴും സഹായം നല്കാന്‍ കെല്പും താല്പര്യവുമുള്ള സാഹചര്യത്തിലാണ്. സ്‌കൂളുകള്‍ തൊട്ടു കല്യാണമണ്ഡപങ്ങള്‍ വരെ ദുരിതാശ്വാസ ക്യാംപുകളാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ നമുക്ക് ഏറെയുണ്ട്. നമ്മുടെ ഓരോ റെസിഡന്റ് അസ്സോസ്സിയേഷനുകളോടും ആളുകളെ താമസിപ്പിക്കണമെന്നോ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നോ തുടങ്ങി എന്താവശ്യപ്പെട്ടാലും അവര്‍ ചെയ്യാന്‍ സന്നദ്ധരാണ്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാനുള്ള ഒരു പദ്ധതിയുണ്ടാക്കിയാല്‍ മാത്രം മതി. ദുരന്തകാലത്ത് എല്ലാം ചെയ്യാന്‍ സര്‍ക്കാരിന് കഴിവുണ്ടെങ്കില്‍ പോലും പൊതുജനങ്ങളെ ഉള്‍പ്പെടുത്തണം. അങ്ങനെയാണ് നമ്മുടെ സമൂഹ മൂലധനം കൂടുന്നത്.

4. മറുനാട്ടില്‍ നിന്നും പിന്തുണ ഉണ്ട്. കേരളത്തിന് പുറത്ത്, ഇന്ത്യയിലും വിദേശത്തും ഉള്ള മലയാളികള്‍ കേരളത്തിലെ കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ഏത് ആവശ്യം ഉണ്ടെങ്കിലും അവര്‍ സന്നദ്ധരായി പുറകിലുണ്ട്. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ നമുക്ക് ഈ ദുരന്തകാലത്തെയും നേരിടാം.

5. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങള്‍ ആത്മവിശ്വാസം പകരുന്നു: കഴിഞ്ഞ ദുരന്തകാലത്ത് കേരളം മാതൃകാപരമായി ചെയ്ത ഒരു കാര്യം എല്ലാ ദിവസവും മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചതാണ്. ഇന്ത്യയില്‍ അപൂര്‍വ്വമായി മാത്രമാണ് അത് സംഭവിച്ചിട്ടുള്ളത്. ജനങ്ങളുടെ ആശങ്ക അകറ്റാനും, ഉദ്യോഗസ്ഥരിലും രക്ഷാ പ്രവര്‍ത്തകരിലും ആത്മവിശ്വാസം ഉണ്ടാക്കാനും അതുകൊണ്ട് സാധിച്ചു. ഇന്നദ്ദേഹം ജനങ്ങളോട് സംസാരിച്ചിരുന്നു, സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ ആകുന്നത് വരെ ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം.

6. കാലാവസ്ഥ പ്രവചനങ്ങള്‍: ഒരു മഹാപ്രളയത്തില്‍ അകപ്പെട്ടതിനാല്‍ ആളുകള്‍ ജാഗരൂകരാണ്, ഏറെ ആളുകള്‍ ഭയചകിതരും. ഇപ്പോഴത്തെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇനിയും വഷളാകുമോ ഇല്ലയോ എന്നൊക്കെയുള്ള വിവരങ്ങള്‍ അറിയാന്‍ അവര്‍ നോക്കിയിരിക്കുകയാണ്. കാലാവസ്ഥ പ്രവചനവും ആയിട്ടാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ നമുക്ക് ലഭ്യമായതില്‍ ഏറ്റവും വിശ്വസനീയമായ കാലാവസ്ഥ പ്രവചനങ്ങള്‍ സര്‍ക്കാരിന് കിട്ടുന്ന മുറക്ക് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെയും മുഖ്യമന്ത്രിയുടെയും പേജില്‍ പങ്കുവെക്കണം.

7. ദുരന്ത നിവാരണത്തിന്റെ വിവരങ്ങള്‍: ദുരന്തത്തെപ്പറ്റി സര്‍ക്കാരിന് ലഭിക്കുന്ന ആധികാരികമായ വിവരങ്ങള്‍ ദുരന്തസമയത്ത് ഓരോ എട്ടു മണിക്കൂറില്‍ എങ്കിലും ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു സിറ്റുവേഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. എത്ര സ്ഥലങ്ങള്‍ ദുരിത ബാധിതം ആണ്, എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചു, മിസ്സിംഗ് ആയത് എത്രപേരാണ്, എത്ര ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്, എത്ര മാത്രം ദുരന്ത നിവാരണ സേനയും മറ്റു സംവിധാനവും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ ശരിയായ വിവരങ്ങള്‍ കൃത്യമായ ഇടവേളയില്‍ പുറത്തു വന്നാല്‍ നമ്മുടെ ദുരന്ത നിവാരണ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൂടും.

8. ദുരന്തത്തില്‍ അകപ്പെടുന്നവരുടെ നിസ്സഹായമോ ബീഭത്സമോ ആയ ചിത്രങ്ങള്‍ അവരുടെയോ കുടുംബങ്ങളുടെയോ സമ്മതമില്ലാതെ മാധ്യമങ്ങളില്‍ (ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഉള്‍പ്പടെ) ഷെയര്‍ ചെയ്യുന്നത് ശരിയായ നടപടിയല്ല. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്, തീരെ ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കില്‍ മുഖം മാസ്‌ക് ചെയ്ത് കൊടുക്കുക.

9. മറുനാട്ടുകാര്‍ക്ക് വിവരങ്ങളും സഹായവും: തല്ക്കാലം കേരളത്തിലെ ദുരന്തനിവാരണത്തെപ്പറ്റിയുള്ള വര്‍ത്തകളൊക്കെയും മലയാളത്തിലും ഇംഗ്ലീഷിലുമാണ് വരുന്നത്. നമ്മുടെ ബഹുഭൂരിപക്ഷം മറുനാടന്‍ തൊഴിലാളികള്‍ക്കും ഇത് വായിക്കാനറിയില്ല. അതുപോലെ നമ്മള്‍ നല്‍കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ ബംഗാളിയോ ഓറിയയോ അറിയുന്ന ആളുകളില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക ഹെല്‍പ് ഡെസ്‌ക്ക് ഉണ്ടാക്കണം. അതുപോലെ എല്ലാ വിഷയങ്ങളും വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഇതിന് മറ്റു ഭാഷകള്‍ അറിയാവുന്നവരുടെ ഒരു സന്നദ്ധ സേന രൂപീകരിക്കണം. (ഈ വിഷയത്തില്‍ ഇപ്പോള്‍ ശ്രമങ്ങള്‍ ഉണ്ട് എന്ന് തോന്നുന്നു).

10. ഹെലികോപര്‍ നിരീക്ഷണം: വെള്ളപ്പൊക്കം ആയാലും മണ്ണിടിച്ചില്‍ ആയാലും ഹെലികേ്ര്രാപറില്‍ നിന്നും അത് നിരീക്ഷിക്കുന്നത് സാഹചര്യത്തിന്റെ വ്യാപ്തിയും ഗൗരവവും മനസ്സിലാക്കാന്‍ ഏറെ സഹായിക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇക്കാര്യം എല്ലാ ദിവസവും ചെയ്യണം. ആകാശ നിരീക്ഷണത്തിന്റെ വീഡിയോ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കണം.

11. ദുരന്തത്തില്‍ അകപ്പെട്ടു പോകുന്നവര്‍ ഔദ്യോഗിക സംവിധാനത്തിലും പിന്നെ അവര്‍ക്കറിയുന്നവരെ ഒക്കെയും വിളിക്കുന്നുണ്ട്. ഇങ്ങനെ വിവരം കിട്ടുന്നവരെല്ലാം തന്നെ വീണ്ടും ഔദ്യോഗിക സംവിധാനത്തിലേക്ക് വിളിക്കുന്നു. കുറേപ്പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു, അത് ഏറെപ്പേര്‍ ഷെയര്‍ ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ മനോനില മനസ്സിലാക്കാമെങ്കിലും ഇങ്ങനെ വ്യാപകമായി ഷെയര്‍ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പമുണ്ട്. ഒന്നാമത് ഇപ്പോഴുള്ള പ്രശ്നം യഥര്‍ത്ഥത്തിലുള്ളതിലും നൂറു മടങ്ങായി എല്ലാവര്‍ക്കും തോന്നും, ആത്മ വിശ്വാസം കുറയും. രണ്ടാമത് ഒരാള്‍ക്ക് വേണ്ടി നൂറു പേര്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വിളിക്കുമ്പോള്‍ അവിടുത്തെ തിരക്ക് കൂടും, പുതിയതായി അറിയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലൈന്‍ കിട്ടാതാകും, അവരും മറ്റുള്ളവരെ വിളിക്കാന്‍ തുടങ്ങും. മൂന്നാമത് ഒരിക്കല്‍ രക്ഷപ്പെടുത്തി കഴിഞ്ഞാലും അതറിയാത്തവര്‍ വീണ്ടും ഇതേ കേസിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഇത്തരം വിവരം കിട്ടുന്നവര്‍ ആദ്യം തന്നെ ഈ വിവരം ശരിയാണോ എന്നറിയാന്‍ ശ്രമിക്കുക, അതും വാട്ട്സ് ആപ്പോ എസ് എം എസോ വഴി. അതിനു ശേഷം ഔദ്യോഗിക നമ്പറിലേക്ക് മെസ്സേജ് കൊടുക്കുക. ഇങ്ങനെ കൊടുക്കുന്ന മെസ്സേജിന് മറുപടി കിട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് വിടുക.

12. ദുരന്ത സമയത്ത് സുരക്ഷിതര്‍ ആയിരിക്കുന്നതാണ് നിങ്ങള്‍ സുരക്ഷിതരാണെന്ന് ലോകത്തെ മുഴുവന്‍ അറിയിക്കുന്നതിലും പ്രധാനം. അതേ സമയം എപ്പോഴാണ് കറണ്ട് പോകുന്നതെന്ന് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ വെള്ളം ഉയരുന്ന സ്ഥലത്തുള്ള ആള്‍ ആണെങ്കില്‍, നിങ്ങള്‍ സുരക്ഷിതരാണെങ്കില്‍ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ വിവരം അറിയിക്കുക, ഇനി എട്ടുമണിക്കൂര്‍ കഴിഞ്ഞു വിളിക്കാം എന്ന് പറയുക. എന്നിട്ട് മൊബൈല്‍ ഓഫ് ചെയ്തു വക്കുക. അല്ലെങ്കില്‍ ലോകത്തുള്ള എല്ലാ ബന്ധുക്കളും മിത്രങ്ങളും നിങ്ങള്‍ സുരക്ഷിതരാണോ എന്ന് ചോദിച്ചു നിങ്ങളെ വിളിക്കും, നിങ്ങളുടെ മൊബൈലിലെ ചാര്‍ജ്ജ് പോകുന്നത് മാത്രമല്ല, നെറ്റവര്‍ക്ക് ഡൌണ്‍ ആക്കുകയും ചെയ്യും.

13. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയം ഉണ്ടെങ്കില്‍ വണ്ടിയും എടുത്ത് അങ്ങോട്ട് പാഞ്ഞു ചെല്ലരുത്. അവര്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ആ നാട്ടുകാര്‍ക്കോ സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ ഔദ്യോഗിക സംവിധാനങ്ങള്‍ക്കോ അവരെ രക്ഷിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുകയും ചെയ്യുന്ന അപൂര്‍വ്വ സാഹചര്യത്തില്‍ അത് ചെയ്യാം. പക്ഷെ പരിചയമില്ലാത്ത സ്ഥലത്ത് പരിചയമില്ലാത്ത ജോലി ചെയ്യാന്‍ പോകുന്നത് നിങ്ങള്‍ക്കും അവര്‍ക്കും അപകടമുണ്ടാക്കുകയേ ഉള്ളൂ. രക്ഷിക്കാനായി എല്ലാവരും വേറൊരു സംവിധാനവും ഇല്ലാതെ ഒരു സ്ഥലത്തേക്ക് ഓടിയെത്തിയാല്‍ റോഡുകള്‍ ബ്ലോക്ക് ആവുകയും ചെയ്യും. ഹൈ റേഞ്ചിലേക്ക് അധികം വാഹനങ്ങള്‍ പോകുന്നത് അവിടെ മണ്ണിടിച്ചിലിന്റെ സാധ്യത കൂട്ടും.

14. ദുരന്തങ്ങള്‍ ലോകത്തെ അറിയിക്കുന്നതിലും ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിലും നമ്മുടെ മാധ്യമങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ദുരന്ത സ്ഥലത്തേക്ക് ഓടിയെത്തുന്നതിന് മുന്‍പും അവിടെ എത്തിക്കഴിഞ്ഞും സ്വന്തം സുരക്ഷ നന്നായി ശ്രദ്ധിക്കുക. ദുരന്തത്തില്‍ അകപ്പെട്ടവരുടെ മനോനിലയും താല്പര്യവും ഏറ്റവും പ്രധാനമാണെന്ന് പറയേണ്ടല്ലോ. അവര്‍ക്ക് വിഷമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്.

15. ഏതൊരു ദുരന്തത്തിലും പൊതു സമൂഹവും സന്നദ്ധ സംഘടനകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ പരിചയം കൊണ്ട് നമ്മുടെ ആളുകളും സന്നദ്ധ സംഘടനകളും കൂടുതല്‍ പരിചയത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് കാര്യങ്ങളെ നേരിടുന്നത്. എന്നാലും സ്വയ സുരക്ഷ ശ്രദ്ധിക്കുക, ദുരിതബാധിതരുടെ താല്പര്യവും ആത്മാഭിമാനവും സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ് എന്നത് അവരും ഓര്‍ക്കണം.

16. കഴിഞ്ഞ വര്‍ഷത്തെ അനുഭവം കാരണം കേരളത്തില്‍ ഏറെ ആളുകള്‍ പേടിച്ചിരിക്കയാണ്. അവരിലേക്ക് തെറ്റായ വിവരവും ആയി എത്തുന്നവരെ കര്‍ശനമായി നേരിടണം. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കണ്ട് പേടിച്ചിരിക്കുന്നവരുടെ നേരെ ഫേക്ക് ന്യൂസ് ആക്രമണം വളരെ ഫലപ്രദമാണ്. ആളുകള്‍ മൊത്തമായി പേടിച്ചോടും, അപകടങ്ങളോ സംഘര്‍ഷങ്ങളോ വസ്തുക്കളുടെ അനാവശ്യമായ വാങ്ങലോ പൂഴ്ത്തിവക്കാലോ ഇതുമൂലം ഉണ്ടാകാം. ഇത് ഒഴിവാക്കണം. നേരിട്ടറിയാത്ത വിവരങ്ങളോ സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന നിര്‍ദ്ദേശങ്ങളോ അല്ലാതെ കയ്യില്‍ കിട്ടുന്ന വിവരങ്ങളെല്ലാം ഷെയര്‍ ചെയ്യരുത്. മനഃപൂര്‍വ്വം ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നവരെ വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യുകയും വേണം.

17. സന്നദ്ധ സേവനം നടത്തുന്നവരെ സംയോജിപ്പിക്കണം. കേരളത്തിലെ മൊത്തം ജനങ്ങള്‍ സന്നദ്ധ സേവനത്തിന് തയ്യാറായി ഇരിക്കുകയാണ്. അവര്‍ വ്യക്തിപരമായി പലതും ചെയ്യുന്നുമുണ്ട്. അവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സംവിധാനമാണ് വേണ്ടത്. ആരോഗ്യം, ഭക്ഷണം, റെസ്‌ക്യൂ, ക്യാംപ്, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഓരോരോ ഗ്രൂപ്പ് ആക്കി അവരോട് ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ സംവദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന ക്ലസ്റ്റര്‍ കോഓര്‍ഡിനേഷന്‍ സിസ്റ്റമാണ് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളില്‍ സാനിറ്റേഷന്‍, വാട്ടര്‍ സപ്പ്ളൈ, ആരോഗ്യം, വിദ്യാഭ്യാസം ഇവയില്‍ ഒക്കെയാകും കൂടുതല്‍ പ്രധാനമായി വേണ്ട സന്നദ്ധ സേവനം. ഇക്കാര്യങ്ങള്‍ അതാത് സര്‍ക്കാര്‍ വകുപ്പുകള്‍ സംയോജിപ്പിക്കാനുള്ള മുന്‍കൈ എടുക്കണം.

18. പുരകത്തുമ്പോള്‍ വാഴ വെട്ടുന്നവരെ പിടിച്ചുകെട്ടണം: ദുരന്തസമയത്ത് സാധനങ്ങള്‍ പൂഴ്ത്തിവെച്ചോ വാഹനങ്ങള്‍ക്കും കെട്ടിടത്തിനും അമിതവാടക വാങ്ങിയോ സ്വകാര്യ ലാഭമുണ്ടാക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കണം. ഇക്കാര്യത്തില്‍ വ്യാപാരി വ്യവസായികളോടും വാഹനങ്ങളോടും സഹായം അഭ്യര്‍ത്ഥിക്കുക. അവസരം മുതലാക്കി പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ജയിലിലടക്കണം.

19. അപമാനകരമായ പ്രവര്‍ത്തികള്‍ അനുവദിക്കരുത്: രാജ്യത്തിനും ലോകത്തിനും മാതൃകയായിട്ടാണ് കഴിഞ്ഞ വര്‍ഷം നാം ദുരന്തത്തെ നേരിട്ടത്. ഈ വര്‍ഷവും പൊതുവില്‍ ഒരു മാറ്റവും ഉണ്ടാവില്ല. പക്ഷെ അതിനിടയില്‍ ഏതെങ്കിലും തരത്തില്‍ ദുരിതബാധിതരെ ദ്രോഹിക്കുന്നവരെ, ക്യാംപുകളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുക, മതപരമായോ ജാതീയമായോ വിവേചനങ്ങള്‍ കാണിക്കുക, വിദ്വേഷപോസ്റ്റുകള്‍ ഇടുക എന്നിങ്ങനെ നമ്മുടെ സംസ്‌കാരത്തിനും സമൂഹത്തിനും അപമാനകരമായി പെരുമാറുന്നവരെ, കര്‍ശനമായി കൈകാര്യം ചെയ്യണം.ധൈര്യമായിരിക്കുക, സുരക്ഷിതരായിക്കുക.