തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നത് 30 ദശലക്ഷം പേര്‍ക്ക്, മരണം അറുപതിനായിരം കടന്നു

കൊറോണ മൂലം രാജ്യമെമ്പാടുമുള്ള ജീവനക്കാരില്‍ 30 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നു റിപ്പോര്‍ട്ട്.  രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി ഇതുവരെഅപേക്ഷ നല്‍കി കഴിഞ്ഞു. ഇതോടെ, കോവിഡ് 19 ഏല്‍പ്പിച്ചിരിക്കുന്നത് ഗുരുതര സാമ്പത്തിക ആഘാതമാണെന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ തിരിച്ചറിയുന്നു. തൊഴില്‍ വകുപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ച കണക്കുകള്‍ കഴിഞ്ഞ ആറ് ആഴ്ചയിലേതാണ്. പല സ്‌റ്റേറ്റ് ഏജന്‍സികളും ഇപ്പോഴും ക്ലെയിമുകളുടെ പ്രളയത്തില്‍ വലയുകയാണ്. കഴിഞ്ഞ രണ്ടു മാസമായി തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേരാണ് രാജ്യത്തുള്ളത്. ഇവരില്‍ ഭൂരിപക്ഷത്തിനും ഇതുവരെയും ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ല. വാടക നല്‍കാനോ ഭക്ഷണത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കും വലയുന്ന ദശലക്ഷക്കണക്കിനാളുകളാണ് വിവിധ നഗരങ്ങളില്‍ സ്റ്റേ അറ്റ് ഹോമില്‍ കഴിയുന്നത്.

കോവിഡ് 19 മൂലം ഇതുവരെ രാജ്യത്ത് 61,796 പേര്‍ മരിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 1,066,849 ആണ്. രോഗം ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ ന്യൂയോര്‍ക്കില്‍ മരണനിരക്കില്‍ കുറവുണ്ട്. ഇവിടെ നേഴ്‌സിങ് ഹോമുകളിലാണ് പലേടത്തും കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെ ഭൂരിഭാഗം നേഴ്‌സിങ് കെയര്‍ ഹോമുകളിലും കോവിഡ് 19 പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഇവിടുത്തെ അന്തേവാസികളില്‍ മിക്കവരും പ്രായമേറിയവരും പ്രതിരോധശേഷിയില്‍ ദുര്‍ബലരാണെന്നതും വിവിധ രോഗങ്ങളാല്‍ ചികിത്സ തേടുന്നവരുമാണ് എന്നതാണ് കൊറോണ വ്യാപനത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇവര്‍ക്ക് മതിയായ പരിശോധനയും ചികിത്സയും ലഭിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ലോകത്താകെ 3,248,010 പേര്‍ രോഗം പിടിപെട്ടു ചികിത്സയിലാണ്. ഇതുവരെ, 229,312 പേര്‍ മരിച്ചു കഴിഞ്ഞു.

അതേസമയം, കനത്ത സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ ജനതയെ പിടികൂടുന്നതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. കര്‍ശനമായ സ്റ്റേ അറ്റ് ഹോമില്‍ തുടര്‍ന്നതിനു ശേഷം നിയന്ത്രണങ്ങള്‍ നീങ്ങിത്തുടങ്ങുമ്പോയിരിക്കും ഇതു കൂടുതല്‍ വ്യക്തമാവുക. തൊഴില്‍ നഷ്ടം സര്‍ക്കാര്‍ കണക്കുകളേക്കാള്‍ വളരെ മോശമായിരിക്കുമെന്ന് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു പഠനത്തില്‍, കഴിഞ്ഞ നാല് ആഴ്ചയില്‍ ക്ലെയിമുകള്‍ ഫയല്‍ ചെയ്യുന്നതിനേക്കാള്‍ ഏകദേശം 50 ശതമാനം കൂടുതല്‍ ആളുകള്‍ ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും തൊഴില്‍ ആനുകൂല്യങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്നതില്‍ തടസ്സമുണ്ടെന്നും അല്ലെങ്കില്‍ ഈ പ്രക്രിയ വളരെ പ്രയാസമുള്ളതാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ശ്രമിച്ചില്ലെന്നും ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ എലിസ് ഗൗള്‍ഡ് പറഞ്ഞു.

പൊതുജീവിതം പരമാവധി വെട്ടിക്കുറയ്ക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വൈറസ് പടരുന്നത് മന്ദഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇതിനു വേണ്ടി രാജ്യത്ത് നിലനില്‍ക്കുന്ന ഉത്തരവുകളുടെ കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും മാറ്റാനിടയില്ല. സംസ്ഥാനങ്ങള്‍ നിയന്ത്രണ ഇളവുകളുമായി മുന്നോട്ട് പോകുമ്പോള്‍ ഇത്തരം നടപടികള്‍ രാജ്യവ്യാപകമായി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചു.

യുഎസ് സമ്പദ്‌വ്യവസ്ഥ 2008-ലെ ആഗോള പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചുരുങ്ങി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം ചരക്കുകളുടെയും സേവനങ്ങളുടെയും വിശാലമായ അളവ് കണക്കിലെടുക്കുമ്പോള്‍ 4.8 ശതമാനം ഇടിഞ്ഞു. എന്നാല്‍ ഈ സംഖ്യ സാമ്പത്തികഭാരത്തിന്റെ ഒരു ഭാഗം മാത്രമാണ് കാണിക്കുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപകമായ പിരിച്ചുവിടലുകളും ബിസിനസ്സ് അവസാനിപ്പിക്കലുകളും നടന്നെങ്കിലും ഇതൊന്നും തന്നെ മാര്‍ച്ച് അവസാനം വരെ രാജ്യത്തെ ബാധിച്ചിരുന്നില്ല. നിലവിലെ പാദത്തിലെ കണക്കുകള്‍, ഷട്ട്ഡൗണിന്റെ സ്വാധീനം കൂടുതല്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

രാജ്യം 60,000-ത്തിലധികം മരണങ്ങള്‍ക്കിടയിലും, പ്രതിദിനം ആയിരത്തിലധികം മരണങ്ങള്‍ രേഖപ്പെടുത്തുമ്പോഴും ശുഭാപ്തിവിശ്വാസം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വൈറ്റ് ഹൗസ് ശ്രമിച്ചിരുന്നു. ഡസന്‍ കണക്കിന് സംസ്ഥാനങ്ങള്‍ ക്വാറന്റൈനിലേക്ക് നീക്കാന്‍ തുടങ്ങുമ്പോള്‍, ട്രംപ് ഭരണകൂടം പാന്‍ഡെമിക്കിന്റെ മറ്റൊരു ചിത്രമാണ് നല്‍കിയിരുന്നത്. ഇത് സാമ്പത്തികമേഖലയിലെ തകര്‍ച്ചയെ ചെറുത്തുനില്‍ക്കാനായിരുന്നുവെന്നു വ്യക്തം. ഇതിനായാണ് 2 ട്രില്യണ്‍ ഉത്തേജകപാക്കേജ് പ്രഖ്യാപിച്ചതും സയമബന്ധിതമായി ഭൂരിപക്ഷത്തിനും വിതരണം ചെയ്തതും. പ്രസിഡന്റിന്റെയും സംഘത്തിന്റെയും നടപടികള്‍ ധീരവും ഫലപ്രദവുമാണെന്ന് വിലയിരുത്തുമ്പോഴും, മിക്ക സ്വതന്ത്ര നിരീക്ഷകരും വിലപിക്കുന്നത് കോവിഡ് 19 പ്രതിരോധനടപടികള്‍ സ്വീകരിക്കാനുള്ള കാലതാമസവും അപര്യാപ്തതയുമായിരുന്നു. ഇത്തരമൊരു മന്ദത അമേരിക്കന്‍ ജനതയ്ക്കു ശീലമില്ലാതിരുന്നതും തിരിച്ചടിയായി. യാഥാര്‍ത്ഥ്യം മൂടിവെക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തിരിച്ചറിഞ്ഞു, സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും മോശമായ അവസ്ഥ നേരിടുന്നതായി സര്‍ക്കാര്‍ ബുധനാഴ്ച സമ്മതിച്ചു.

അതേസമയം, ഇളവുകള്‍ അനുവദിച്ച സംസ്ഥാനത്ത് സാമൂഹിക അകലം പാലിക്കാത്തത് വലിയ തിരിച്ചടിയായേക്കുമെന്നു സൂചനയുണ്ട്. കാലിഫോര്‍ണിയയിലെ ചില കൗണ്ടിയിലെ ഓപ്പണ്‍ ബീച്ചുകള്‍ തുറന്നിരുന്നുവെങ്കിലും ജനക്കൂട്ടം നിയന്ത്രണാതീതമായതിനാല്‍ സംസ്ഥാനത്തെ എല്ലാ ബീച്ചുകളും വെള്ളിയാഴ്ച മുതല്‍ അടച്ചുപൂട്ടാന്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം തയ്യാറെടുക്കുകയാണെന്ന് പ്രാദേശിക വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് തീരപ്രദേശ ഷെരീഫുകളായ സാന്താ ബാര്‍ബറയിലെ ബില്‍ ബ്രൗണ്‍, മെന്‍ഡോസിനോയിലെ മാറ്റ് കെന്‍ഡാല്‍ എന്നിവര്‍ ഗവര്‍ണറില്‍ നിന്ന് നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു.

സതേണ്‍ കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയില്‍, ലോസ് ഏഞ്ചല്‍സ്, സാന്‍ ഡീഗോ കൗണ്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള തുറന്ന ബീച്ചുകളിലേക്ക് നിരവധി ആളുകള്‍ ഒഴുകിയെത്തി. ഈ ആഴ്ച ആദ്യം, ഓറഞ്ച് കൗണ്ടിയിലുള്ള ന്യൂപോര്‍ട്ട് ബീച്ചിലെ സിറ്റി കൗണ്‍സില്‍, അടുത്ത മൂന്ന് വാരാന്ത്യങ്ങളില്‍ ബീച്ചുകള്‍ അടക്കുമെന്ന് വ്യക്തമാക്കി. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരോടും ലൈഫ് ഗാര്‍ഡുകളോടും ബീച്ചുകളില്‍ പട്രോളിംഗ് നടത്താനും സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജോര്‍ജിയയില്‍ രോഗവ്യാപനത്തിന്റെ സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഇവിടെ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയിരുന്നു. ന്യൂജേഴ്‌സിയിലും നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ ഇളവു വരുത്തുന്നുണ്ട്. എന്നാല്‍ ന്യൂയോര്‍ക്കില്‍ ഇപ്പോഴും കര്‍ശനമായ വിധത്തിലാണ് സ്‌റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നത്.

ഡോ. ജോര്‍ജ് എം. കാക്കനാട്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ