SHOCKING NEWS: വൈദികരെ ചോദ്യം ചെയ്ത വൈദിക വിദ്യാർത്ഥിയെ ഭ്രാന്തനായി ചിത്രീകരിച്ചു പുറത്താക്കി

വൈദിക വിദ്യാര്‍ത്ഥിയായിരുന്ന സെബാസ്റ്റ്യന്‍ സാലിന്‍ പരാതിയുമായി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ 

സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കണമെന്നും ആനുകൂല്യങ്ങള്‍ നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം 

-പി.ബി.കുമാർ-

സെമിനാരിയിലെ വൈദികരുടെ പ്രവര്‍ത്തികളെ ചോദ്യം ചെയ്ത വൈദിക വിദ്യാര്‍ത്ഥിയെ മാനസികരോഗിയാക്കി ചിത്രീകരിച്ച് സര്‍വ്വീസില്‍ നിന്നും പുറത്താക്കി. ആര്‍ത്തുങ്കല്‍ ചാരങ്കാട്ട് വീട്ടില്‍ സെബാസ്റ്റ്യന്‍ സാലിനാണ് പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നത്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലാണ് സംഭവം.

വൈദിക വിദ്യാര്‍ത്ഥിയായിരുന്ന സെബാസ്റ്റ്യന്‍ സാലിൻ സെമിനാരിയിലെ വൈദികരുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിന്‍െറ ഫലമായി സെമിനാരിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍, പുറത്താക്കിയതിനുശേഷവും 2003 ജൂൺ 6 മുതൽ 2009 ജൂലൈ 7 വരെ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ലാസ്റ്റ് ഗ്രേസ് സർവന്റ് ആയി ജോലി ചെയ്തിരുന്നു. 2005 ജൂൺ 6 മുതൽ അന്നത്തെ കോളേജ് മാനേജർ  ജോലിയിൽ സ്ഥിരപ്പെടുത്തി.എന്നാൽ 2009 ജൂലൈയിൽ അസിസ്റ്റന്റ് മാനേജർ ജോലിക്ക് ചെല്ലേണ്ടതില്ലെന്ന് നിർദ്ദേശിച്ചു.

സഭയും കോളേജും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സാലിന്റെ കാര്യത്തിൽ സർക്കാരിനു മുന്നിൽ സമർപ്പിച്ചത്. ആദ്യം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അതെല്ലാം വിശ്വസിച്ചെങ്കിലും പിന്നീട് തിരുത്തി.

സാലിൻ സെന്റ് മൈക്കിൾസ് കോളേജിന് സമീപമുള്ള സേക്രട്ട് ഹാർട്ട് സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായിരുന്നു. സെന്റ് മൈക്കിൾസിൽ പഠനവും തുടർന്നിരുന്നു. വൈദികനാകാനായിരുന്നു ആഗ്രഹം. എന്നാൽ അനീതി കാണുമ്പോഴെല്ലാം പ്രതികരിക്കും. ക്രൈസ്തവ പഠനകേന്ദ്രങ്ങൾ പലപ്പോഴും അനീതിയുടെയും അഴിമതിയുടെയും കേന്ദ്രങ്ങളാണ്. ഇത് ചോദ്യം ചെയ്യാൻ സഭകൾ അനുവദിക്കാറില്ല. വഴിതെറ്റിയ കുഞ്ഞാടുകളെ നന്നാക്കാൻ സഭ ശ്രമിക്കും. അവസരങ്ങൾ നൽകിയിട്ടും നന്നാകാതിരുന്നാൽ പടിയടച്ച് പിണ്ഡം വയ്ക്കും.

സാലിനെ സഭ മാനസിക രോഗിയാക്കി. സാലിന്റെ പെരുമാറ്റത്തിലും മാനസിക നിലയിലും തകരാറുകൾ കണ്ടെത്തിയെന്നു പറഞ്ഞ് അയാളെ സെമിനാരിയിൽ നിന്നും വിടുതൽ ചെയ്തു. അതിന്റെ ഫലമായി സാലിനുണ്ടായ മാനസിക സംഘർഷം ഒഴിവാക്കുന്നതിന് കോളേജ് ലൈബ്രറിയിൽ ചില സഹായങ്ങൾ ചെയ്യാൻ കൂടെ നിൽക്കാൻ അന്നത്തെ മാനേജർ അനുവദിച്ചു എന്നാണ് സഭ പറയുന്നത്. ഇതിന് കോളേജിൽ നിന്നും ചെറിയ വേതനം നൽകുമായിരുന്നു എന്നും സഭ പറയുന്നു.എന്നാൽ സാലിന്റെ പ്രവർത്തനം അസഹനീയവും ഭീതിജനകവുമായി. സഹജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിക്കാൻ ആരംഭിച്ചു എന്നാണ് സഭയുടെ വിശദീകരണം.

അക്രമാസക്തനായതോടെ ജോലിയിൽ തുടരാൻ കഴിയില്ലെന്ന് തങ്ങൾ പറഞ്ഞെന്നാണ് സഭ പറയുന്നത്. എന്നാൽ സാലിൻ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി സ്വമേധയാ ജോലിയിൽ തുടരുകയാണ് ചെയ്തതെന്ന് സഭാ അധികൃതർ പറയുന്നു. തുടർന്ന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ കയറി ഇയാൾ ഭീഷണിപ്പെടുത്തിയത്രേ. അങ്ങനെ കോളേജിൽ നിന്നും പറഞ്ഞു വിട്ടെന്നാണ് വിശദീകരണം.

കോളേജിൽ നിന്നും പറഞ്ഞു വിട്ടു എന്ന് കോളേജുകാർ പറയുമ്പോൾ സാലിൻ സർക്കാർ ഉദ്യോഗസ്ഥനാണെന്ന കാര്യം മറക്കരുത്. എന്നാൽ സാലിൽ ലാസ്റ്റ് ഗ്രേഡ് സർവന്റല്ല സ്റ്റാഫ് ആണെന്നാണ് അധികൃതരുടെ വിശദീകരണം. സർക്കാർ സർവീസിൽ ലാസ്റ്റ് ഗ്രേസ് സ്റ്റാഫ് എന്ന തസ്തികയില്ല, സർവന്റാണുള്ളത്. 2005 ജൂൺ 6ന് സാലിനെ സ്ഥിരപ്പെടുത്തിയ ഉത്തരവിൽ സ്റ്റാഫ് എന്നാണ് പറഞ്ഞിട്ടുള്ളതെന്നും കോളേജിന്റെ വിശദീകരണത്തിൽ പറയുന്നു.

മനുഷ്യാവകാശ കമ്മീഷൻ നിയമനം സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടപ്പോൾ ദിവസ വേതനക്കാരുടെ പ്രതിഫല രേഖകൾ സൂക്ഷിക്കാറില്ലെന്നാണ് കോളേജ് പറഞ്ഞത്. അനധ്യാപക തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ സാലിൻ പങ്കെടുത്തിട്ടില്ലെന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അധികൃതർ പറയുന്നു.

എന്നാൽ കോളേജ് വിദ്യാഭ്യാസ ‍ഡയറക്ടർ മനുഷ്യാവകാശ കമ്മീഷന് നൽകിയ കത്തിൽ സാലിൻ എയ്ഡഡ് കോളേജിലെ സർക്കാർ ശമ്പളം കൈപ്പറ്റുന്ന ലാസ്റ്റ് ഗ്രേഡ്  ജീവനക്കാരനാണെന്ന് പറയുന്നു. പ്രിൻസിപ്പൽ നൽകിയ നിയമന രേഖയിൽ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് എന്നെഴുതിയതു കൊണ്ട് ലാസ്റ്റ് ഗ്രേഡ് സർവന്റ് ആകാതിരിക്കില്ലെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

2005 ജൂൺ 6 മുതൽ സാലിൻ ലാസ്റ്റ് ഗ്രേഡ് സർവന്റാണെന്ന് കമ്മീഷൻ കണ്ടെത്തി. സ്ഥിരം ജീവനക്കാരനെ മാനസിക രോഗിയാക്കി ചിത്രീകരിച്ച് ഒരു സുപ്രഭാതത്തിൽ പറഞ്ഞു വിട്ടത് ശരിയായില്ലെന്നും ജുഡീഷ്യൽ നിരീക്ഷണമുണ്ടായി.

ഹർജി പരിഗണനക്കെടുത്ത സമയത്ത് സന്നിഹിതനായിരുന്ന പരാതിക്കാരന്റെ പെരുമാറ്റത്തിൽ യാതൊരു മാനസിക തകരാറും ഉള്ളതായി ബോധ്യപ്പെട്ടില്ലെന്ന സുപ്രധാന നിരീക്ഷണവും വിധിന്യായത്തിലുണ്ട്. ലാസ്റ്റ് ഗ്രേഡ് സർവന്റായി കോളേജ് ഇയാളെ നിയമിച്ചതു തന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ തെളിവാണെന്നും ഉത്തരവിൽ പറയുന്നു.

സാലിനെ സർവീസിൽ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹത്തിന് നൽകാനുള്ള എല്ലാ ആനുകൂല്യങ്ങളും ഉടൻ നൽകണമെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും കോളേജിനും കമ്മീഷൻ നിർദ്ദേശം നൽകി.