പത്തർ കഹാം ഗയാ, ശീശാ കഹാം ഗയാ (ഇഫ്തിക്കർ അഹമ്മദ്. ബി)

ഇഫ്തിക്കർ അഹമ്മദ്. ബി
പ്രവാസത്തെയും വിരഹത്തെയും വേദനയെയും അസ്തമിക്കാത്ത പ്രതീക്ഷകളെയും തീവ്രമായി അടയാളപ്പെടുത്തുന്ന ഗാനമാണ്, “നാം” എന്ന ബോളിവുഡ് ചിത്രത്തിലെ “ചിട്ടി ആയീ ഹേ”.
മാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം സുഖം മാത്രം കാംക്ഷിച്ച് ജീവിക്കുന്ന കുറെ മനുഷ്യരെ സദസ്സിലിരുത്തി, ചാരുതയാർന്ന ഈ ഗാനം പാടി അഭിനയിച്ച പങ്കജ് ഉദാസ്, സദസ്യരെയും പ്രേക്ഷകരെയും ഒരുപോലെ കണ്ണീരുപ്പനുഭവിപ്പിക്കുന്നു.
വീടകങ്ങളിൽ പ്രായമായിരിക്കുന്ന മനുഷ്യർക്ക് പണം മാത്രമല്ല വേണ്ടതെന്നും, റൊട്ടി ബാക്കിയാക്കി അവരൊക്കെ നിങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഉൾപ്പെടുന്ന തരത്തിലുള്ള വരികൾ, ആനന്ദ് ബക്ഷി എഴുതിയത്, എല്ലാ അർത്ഥവും ഉൾക്കൊണ്ട് പങ്കജ് ആ ഗാനത്തിലൂടെ പകർന്ന് തന്നു..
“പ്രേയസിയോട് സല്ലപിക്കുക” എന്നാണ് “ഗസൽ” എന്ന വാക്കിനർത്ഥം. എന്നാൽ അതിനുമപ്പുറത്ത്, അതിരുകൾ ഭേദിച്ച് കടന്നു കയറാനാവും എന്ന് അദ്ദേഹത്തിന്റെ നിരവധി ആൽബങ്ങൾ നമ്മെ അനുഭവിപ്പിച്ചു.. “നികലോനാ ബേനഖാബ്..”, “ഹുയി മേഹംഗി ബഹുത്ത് ഹി ശരാബ് ഹേ..” എന്നീ ഗസലുകൾക്ക് മരണമില്ല.
“Our sweetest songs are those that tell of saddest thought” എന്ന് പാടിയ ഇംഗ്ലീഷ് കവി പേഴ്സി ബിഷ് ഷെല്ലിയുടെ (Shelley) വിഷാദാത്മകത പങ്കജിന്റെ ഗസലുകളിൽ നിറയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.
അറബി ഭാഷയിൽ ജന്മമെടുത്ത്, പേർഷ്യനും ഉറുദുവും ഹിന്ദുസ്ഥാനിയും ഒക്കെ കലർന്ന്, ഈരടികളിൽ മാന്ത്രികത ഒളിപ്പിച്ച മട്ടിൽ മാറിയ ഗസലുകളുടെ ഇന്ദ്രജാലക്കാരിൽ ഒരാളാണ് ഇന്ന് വിടവാങ്ങിയത്.
“പത്തർ കഹാം ഗയാ, ശീശാ കഹാം ഗയാ..” എന്ന, ഗ്വാളിയോർ ഖരാനയുടെ ആത്മാവറിഞ്ഞു പാടിയ ഗസലൊക്കെ എന്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്!!
പങ്കജിന് മരണമില്ല: കാരണം, അദ്ദേഹത്തിന്റെ നാദവിസ്മയവും ആലാപന രീതികളും ചരിത്രത്തിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടേ ഇരിക്കും..
തലമുറകൾ അതേറ്റ് മൂളിക്കൊണ്ടേയിരിക്കും!!