വിവാഹപൂര്‍വ സെക്‌സിന് താല്‍പര്യമില്ലെന്ന് ഷംന

തിരുവനന്തപുരം:വിവാഹ പൂര്‍വ ലൈംഗിക ബന്ധം തെറ്റല്ലെന്ന് പറഞ്ഞതിന് കുശ്ബു കോടതി കയറിയെങ്കില്‍ തനിക്ക് അത്തരം ബന്ധങ്ങളോട് താല്‍പര്യമില്ലെന്ന് നടി ഷംന കാസിം. ഗ്ലാമര്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പേരെടുത്ത ഷംന കാസിമിന് പരസ്യ ചുംബനത്തോടും  താത്പര്യമില്ല. ചുംബനം സ്വകാര്യമാണെന്നും അത് പരസ്യമായി ചെയ്യാന്‍ താത്പര്യമില്ല. അതിനാല്‍ ചുംബന സമരങ്ങളോട് യോജിപ്പില്ല.  ചുംബനം പരസ്യമായി ചെയ്യുന്നതിന് അപാര തൊലിക്കട്ടി വേണമെന്നും താരം വ്യക്തമാക്കി.

വിവാഹ പൂര്‍വ ലൈംഗികതയെ കുറിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായിരിക്കാം. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് നിയമ വിരുദ്ധമായ കാര്യമാണ്. പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്ക് മാത്രമാണ് എന്ന കാര്യം ഓര്‍മിക്കണമെന്നും ഷംന പറഞ്ഞു.തനിക്ക് അറിയാവുന്ന ചില പെണ്‍കുട്ടികള്‍ ഇത്തരം ചതിക്കുഴിയില്‍ വീണിട്ടുണ്ടെന്നും താരം ഓര്‍മിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം വിവാദമായ കൊക്കെയ്ന്‍ കേസിനെ കുറിച്ചും ഷംന വിമര്‍ശനം ഉന്നയിച്ചു. ഷൈനിനൊപ്പമുള്ള പെണ്‍കുട്ടികള്‍ക്കാണ് ഷംനയുടെ വിമര്‍ശനം. രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാത്ത വ്യക്തിയാണ് താന്‍. എന്നാല്‍ പുതിയ തലമുറയിലെ ചില പെണ്‍കുട്ടികള്‍ എന്താണ് ഇങ്ങനെ. പെണ്‍കുട്ടികള്‍ വിളിച്ചിട്ടാണ് ഷൈന്‍ അങ്ങോട്ട് പോയത്. അവരുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടമെന്നും ഷംന പറഞ്ഞു. എല്ലാ കാര്യത്തിലും എതിര്‍പ്പു പറയുമ്പോഴും സിനിമയില്‍ അക്കാര്യം ചെയ്യുന്നതില്‍ ഷംനയ്ക്ക് വിഷമമില്ല. അത് ജോലിയുടെ ഭാഗമാണെന്നാണ് താരം പറയുന്നത്. ആദ്യ പ്രണയം തകര്‍ന്നതിനാല്‍ ഇനി പ്രണയിക്കാനില്ലെന്നും വീട്ടുകാര്‍ തീരുമാനിക്കുന്ന വരനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ഷംന വ്യക്തമാക്കി.