നടിമാര്‍ മേനികാണിക്കാനാണ് പ്രതിഫലം വാങ്ങുന്നതെന്ന പ്രസ്താവയ്‌ക്കെതിരെ തമന്ന

ചെന്നൈ: നടിമാര്‍ മേനിപ്രദര്‍ശനം നടത്താണ് വന്‍തുക പ്രതിഫലം വാങ്ങുന്നതെന്ന സംവിധായകന്‍ സൂരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി തമന്ന രംഗത്ത്. താനടക്കമുള്ള നടിമാരെ അപമാനിച്ച തന്റെ പുതിയ ചിത്രമായ കത്തി ചണ്ടെയുടെ സംവിധായകന്‍ മാപ്പ് പറയണമെന്ന് താരം ട്വീറ്റ് ചെയ്തു. ചിത്രീകരണത്തിനിടെ കോസ്റ്റിയൂമര്‍ നായികയുടെ  വസ്ത്രങ്ങളുമായി എത്തിയപ്പോള്‍ നീളം കുറയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുമ്പോള്‍ നായികമാര്‍ കംഫര്‍ട്ടാണോ , ഹാപ്പിയാണോ എന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും സംവിധായകന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദമായത്.

നായകമാരെ അല്‍പവസ്ത്രധാരികളായി കാണാനാണ് പ്രേക്ഷകര്‍ ടിക്കറ്റെടുക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. സൂരാജിന്റെ സ്ത്രീ വിരോധവും പുരുഷാധിപത്യവും വെളിപ്പെടുത്തുന്നതാണ് അഭിമുഖത്തിലെ വാക്കുകളെന്നും തമന്ന പറഞ്ഞു. നടിമാരെന്ന നിലയില്‍ പ്രേക്ഷകരെ രസിപ്പിക്കേണ്ടത് ഞാനടക്കമുള്ളവരുടെ കടമയാണ്.

എന്നാല്‍ ഞങ്ങളാരും പ്രേക്ഷകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തുള്ളാന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നവരല്ലെന്നും തമന്ന പറഞ്ഞു. പതിന്നൊന്ന് വര്‍ഷമായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ ജോലി ചെയ്യുന്നു. ഇതുവരെ തനിക്ക് കംഫര്‍ട്ടബിളല്ലാത്ത ഒരു വസ്ത്രവും ധരിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. സുരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ നയന്‍താരയും റിമാക്കല്ലിങ്കലും അടക്കമുള്ള നടിമാര്‍ രംഗത്തെത്തിയിരുന്നു.